ആണുങ്ങള്‍ക്കും രക്ഷയില്ല; സംവിധായകന്റെ കരണത്തടിച്ചുവെന്ന് യുവനടന്‍

കൊച്ചി- അവസരം ചോദിച്ച് ചെന്ന തന്റെ തുടയ്ക്ക് പിടിച്ച് അഡ്ജസ്റ്റ് ചെയ്യാമോ എന്ന് ചോദിച്ച സംവിധായകന്റെ കരണത്തടിച്ച അനുഭവം ഫേസ്ബുക്കിലൂടെ പങ്ക് വെച്ച് യുവനടന്‍ നവജിത് നാരായണ്‍. മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ചിനിരയാകുന്നവരില്‍ നടിമാര്‍ മാത്രമല്ല, നടന്‍മാരുമുണ്ടെന്നാണ് നവജിതിന്റെ അനുഭവം വ്യക്തമാക്കുന്നത്.

നവജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍നിന്ന്: 'ചില വര്‍ക്കുകളുടെ കാര്യത്തിനായി കൊച്ചിയിലുള്ള ഞാനിന്ന്  മലയാളത്തിലെ സിനിമയിലെ ഒരു സംവിധായകനെ കാണാന്‍ പോയി. കുറച്ച് വര്‍ഷമായി ഞാന്‍ സിനിമക്കായി തെണ്ടുന്നു എന്നു പുള്ളിക്ക് നന്നായിട്ടറിയാം. പുള്ളിയുടെ ഫ്ളാറ്റിലോട്ട് കേറിച്ചെന്നു, ചെയ്ത വര്‍ക്കിനെക്കുറിച്ചും ഇപ്പോള്‍ ചെയ്യുന്നതിനെക്കുറിച്ചും കുറെ നേരം സംസാരിച്ചു. പതിയെ പുള്ളിയുടെ മട്ടും ഭാവവും മാറി. ഞാന്‍ പറഞ്ഞു കേട്ടിട്ടുണ്ട് അഭിനയമോഹമുള്ള എന്റെ സുഹൃത്തുക്കളായ പെണ്‍പിള്ളേരോട് അഡ്ജസ്റ്റ് ചെയ്യോ എന്ന് ചോദിച്ചിട്ടുണ്ട് എന്ന്. പക്ഷെ ഇന്ന് എനിക്ക് സംഭവിച്ചത് ഒരു ഞെട്ടലോടെയാണ് ഞാന്‍ കണ്ടത്. അടുത്തിരുന്ന അയാള്‍ എന്റെ തുടയില്‍ കൈവച്ച് ചോദിച്ചു-നിനക്കൊരു വേഷം തന്നാല്‍ എനിക്കെന്താ ലാഭം എന്ന്. ചോദ്യത്തിന്റെ അര്‍ഥം മനസിലായില്ലേലും തുടയില്‍ കൈവച്ചപ്പോള്‍ കാര്യം പിടികിട്ടി. എനിക്ക് അത്തരം കാര്യങ്ങളില്‍ താല്‍പര്യമില്ല, നിങ്ങള്‍ തരുന്ന അവസരം വേണ്ട എന്നു പറഞ്ഞു കൈ എടുത്തു മാറ്റാന്‍ പറഞ്ഞു. കേട്ടില്ല. മുഖം നോക്കി ഒന്നു പൊട്ടിച്ചു ഞാന്‍ അവിടന്നിറങ്ങി.'
സിനിമയില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള  അതിക്രമങ്ങള്‍ മാത്രമേ ചര്‍ച്ച ചെയ്യപ്പെടുന്നുളളുവെന്നും ആണുങ്ങള്‍ക്ക് നേരെയുള്ളത് ഒരു പരിധിയില്‍ കൂടുതല്‍ ചര്‍ച്ചയാവുന്നില്ലെന്നും നവജിത് പറയുന്നു. ഇത്തരം വിഷയങ്ങള്‍ പലര്‍ക്കും സംഭവിച്ചിട്ടുണ്ടാകാം. ഇനിയും സംഭവിക്കാം. അതുകൊണ്ട് സൂക്ഷിക്കുക- നവജിത് മുന്നറിയിപ്പ് നല്‍കുന്നു.

 

Latest News