രാമായണ മാസാചരണവുമായി കോണ്‍ഗ്രസും

തിരുവനന്തപുരം- രാമായണ മാസാചരണത്തെ സംഘപരിവാര്‍ പരിപാടിയാക്കി മാറ്റാനുള്ള ആര്‍ എസ് എസ് ശ്രമത്തിനെതിരെ സിപിഎം അനുകൂല സംഘടന രംഗത്തെത്തിയതിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ കെട്ടടങ്ങും മുമ്പ് രാമായണ മാസാചരണ പ്രഖ്യാപനവുമായി കോണ്‍ഗ്രസു രംഗത്ത്. കെ.പി.സി.സി വിചാര്‍ വിഭാഗിന്റെ നേതൃത്വത്തിലാണ് 'രാമായണം നമ്മുടേതാണ്, നാടിന്റെ നന്മയാണ്' എന്ന പേരില്‍ കോണ്‍ഗ്രസ് ആദ്യമായി മാസാചരണം സംഘടിപ്പിക്കുന്നത്. കര്‍ക്കടക മാസം ഒന്നിന് (ജൂലൈ 17) തൈക്കാട് ഗാന്ധിഭവനിലാണ് പരിപാടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉല്‍ഘാടനം ചെയ്യുന്ന പരിപാടിയില്‍ മുഖ്യപ്രഭാഷണം തിരുവനന്തപുരം എം.പി ശശി തരൂര്‍ ആണ്. രാമായണത്തിന്റെ സാഹിത്യപരവും രാഷ്ട്രീയവുമായി പ്രാധാന്യത്തില്‍ ഊന്നിയുള്ള പരിപാടികളാണ് സംഘടിപ്പിക്കുന്നതെന്ന് കെപിസിസി വിചാര്‍ വിഭാഗ് സംസ്ഥാന അധ്യക്ഷന്‍ ഡോ. നെടുമുടി ഹരികുമാര്‍ പറഞ്ഞു.

സിപിഎം അനുകൂല സംഘടനയായ സംസ്‌കൃത സംഘം രാമായണ മാസവുമായി ബന്ധപ്പെട്ട് ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കുന്നത് വലിയ ചര്‍ച്ചയായിരുന്നു. ഇതു സിപിഎം നടത്തുന്ന പരിപാടിയല്ലെന്ന വിശദീകരണവുമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക സംഘടന രാമായണ മാസാചരണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
 

Latest News