'എവിടെയാണോ മഹാത്മാഗാന്ധിയുള്ളത് അവിടെയാണ് ഇന്ത്യയുടെ തലസ്ഥാനം' ജവാഹർലാൽ നെഹ്റു ഒരിക്കൽ മൗണ്ട്ബാറ്റൻ പ്രഭുവിനോട് പറഞ്ഞ വാക്കുകൾ. വ്യക്തിഗതമായ ഒരു ആദരവ് മാത്രമായിരിക്കാം ഇത്. എന്നാൽ ഭരണ തലസ്ഥാനം മാറ്റുക എന്നത് പുതുമയുള്ള കാര്യമല്ല. 1912 വരെ ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്ത ആയിരുന്നു. പിന്നീടാണ് ദൽഹിയിലേക്ക് മാറ്റിയത്. അത് ദൽഹിയിൽ നിന്ന് വരാണസിയിലേക്കോ അയോധ്യയിലേക്കോ മാറ്റാണമെന്ന ചില അഭിപ്രായക്കാർ ഇപ്പോൾ ഉണ്ട്.
മുഗൾ ഭരണകാലത്ത് ദൽഹിയും ആഗ്രയും തലസ്ഥാനമായിരുന്നിട്ടുണ്ട്. അക്ബർ ചക്രവർത്തി ഫത്തേപ്പൂർ സിക്രി എന്ന പുതിയ തലസ്ഥാനം ദൽഹിക്കടുത്തു നിർമിച്ചിരുന്നു. തലസ്ഥാന മാറ്റം പറയുമ്പോൾ ആദ്യം ഓർക്കുക മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ പേരാണ്. ദൽഹി ഭരിച്ച സുൽത്താൻ മാരിൽ പതിനെട്ടാമൻ. തുഗ്ലക് വംശസ്ഥാപകൻ ഗിയാസുദ്ദിൻ തുഗ്ലക്കിന്റെ സീമന്ത പുത്രൻ. ഇന്ത്യയുടെ തലസ്ഥാനം ദൽഹിയിൽ നിന്ന് ഡക്കാനിലെ ദൗലത്താബാദിലേക്ക് മാറ്റണമെന്നു അദ്ദേഹം നിർദേശിച്ചു. പതിനാലാം നൂറ്റാണ്ടിൽ, കൃത്യമായി പറഞ്ഞാൽ 1350 കളിൽ. രണ്ടു കാരണങ്ങളാണ് അദ്ദേഹത്തിന്നുണ്ടായിരുന്നത്. ദൽഹി അതിർത്തി പ്രദേശമായതുകൊണ്ട് വിദേശത്തുനിന്നുള്ള ആക്രമണ സാധ്യത കൂടുതലാണ്. പിന്നെ തലസ്ഥാനം രാജ്യമധ്യത്തിലാക്കുമ്പോൾ എല്ലാ ഭാഗത്തേക്കും ചെന്നെത്താൻ എളുപ്പമായിരിക്കും. ഇതിനെ ചില ചരിത്രകാരന്മാർ തുഗ്ലക് പരിഷ്കാരമെന്നു പരിഹസിക്കുന്നുണ്ടെങ്കിലും നിസ്സാരനായിരുന്നില്ല അദ്ദേഹം. ഒരു വൈദ്യശാസ്ത്ര വിദഗ്ധൻ ആയിരുന്നു. സംസ്കൃതം, പേർഷ്യൻ, അറബി, തുർക്കി ഭാഷകളിൽ അഘാത പാണ്ഡിത്യം ഉണ്ടായിരുന്നു. മഹാനായ സുൽത്താനെറ്റ് ഭരണാധികാരിയായി അദ്ദേഹം വാഴ്ത്തപ്പെട്ടിട്ടുണ്ട്. എല്ലാ മുസ്ലിം ഭരണാധികാരികളെയും പോലെ ഹിന്ദു ഭൂരിപക്ഷമുള്ള ഒരു സാമ്രാജ്യമായിരുന്നു അദ്ദേഹത്തിന്റേത്. 25 വർഷത്തെ ഭരണത്തിൽ നാലു തവണ അദ്ദേഹം തലസ്ഥാനം മാറ്റിയിട്ടുണ്ട്. ദൽഹിക്കും ദൗലത്താബാദിനും പുറമെ ആഗ്ര, ലാഹോർ, ബദയുൺ, (ഉത്തർ പ്രദേശ് ) എന്നിവിടങ്ങളിലേക്കും മുഹമ്മദ് ബിൻ തുഗ്ലക് തന്റെ തലസ്ഥാനം മാറ്റിയിരുന്നു.
ഇന്ത്യയിൽ മാത്രമല്ല, പല വിദേശ രാജ്യങ്ങളിലും നമ്മുടെ പല സംസ്ഥാനങ്ങളിലും തലസ്ഥാന മാറ്റങ്ങൾ നടന്നിട്ടുണ്ട്. അമേരിക്കയിൽ ന്യൂയോർക്ക് ആയിരുന്നു അവരുടെ ആദ്യ തലസ്ഥാനം. പിന്നീട് വാഷിങ്ടൺ ഡി.സിയിലേക്ക് (കൊളമ്പിയ ഡിസ്ട്രിക്ട്) മാറ്റുകയായിരുന്നു. പാക്കിസ്ഥാൻ മൂന്നു തവണ തലസ്ഥാനം മാറ്റിയിട്ടുണ്ട്. കറാച്ചിയിലായിരുന്നു തുടക്കം. പിന്നീട് റാവൽപിണ്ടിയിലേക്ക് മാറ്റി. അതിന് ശേഷം ഇസ്ലാമാബാദ് എന്നൊരു പുതിയ നഗരം നിർമിച്ചു. തായ്ലൻഡ് എട്ട് തവണ തലസ്ഥാനം മാറ്റിയിട്ടുണ്ട്. ഇപ്പോൾ ബാങ്കോക്കാണ്. പതിനാലാം നൂറ്റാണ്ടിൽ ശുകോത്തായിയിൽ ആയിരുന്നു തുടക്കം. അവിടെ അയോധ്യ ഉണ്ട്. പതിനെട്ടാം നൂറ്റാണ്ടിൽ അവിടം തലസ്ഥാനം ആയിരുന്നു. അങ്ങനെ പല രാജ്യങ്ങൾക്കും കഥകളുണ്ട്.
കേരള തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡന്റെ ആവശ്യത്തോടുള്ള പ്രതികരണവും പ്രതികൂല സംവാദവുമെല്ലാം അടുത്ത കാലത്ത് സജീവമായിരുന്നല്ലോ. അതിന് ഒരു വലിയ ചരിത്രമുള്ളത് അധികം ആരും അറിഞ്ഞെന്നു വരില്ല. തിരു-കൊച്ചി ലയന സമയത്തുള്ള ഒരു തീരുമാനമായിരുന്നു അത്. തലസ്ഥാനം തിരുവിതാംകൂറിലും ഹൈക്കോടതി കൊച്ചിയിലും എന്നായിരുന്നു ധാരണ. ഇന്ത്യയിൽ എല്ലാ ഹൈക്കോടതികളും തലസ്ഥാന നഗരിയിൽ ആണ്. കേരളത്തിൽ മാത്രം അങ്ങനെ ആവാതിരുന്നത് ഈ ധാരണയിലാണ്. തിരുവനന്തപുരത്ത് ഒരു ഹൈക്കോടതി ബെഞ്ച് സ്ഥപിക്കാനുള്ള സജീവ ശ്രമം പാളിയതും അതുകൊണ്ടാണ്. എറണാകുളത്ത് ഒരു പുതിയ തലസ്ഥാനം നിർമിക്കാനുള്ള സ്ഥലം ലഭ്യമല്ല എന്നത് എല്ലാവർക്കും അറിയാം. അതിന്റെ സാമ്പത്തിക വശവും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഹൈബി ഈഡന്റെ നിർദേശങ്ങൾ എല്ലാവരും അവഗണിച്ചത് അതുകൊണ്ടാണ്. തന്നെയുമല്ല, ഇപ്പോൾ എന്തെങ്കിലും കാര്യത്തിന് പഴയ പോലെ തലസ്ഥാനത്തേക്ക് പോകേണ്ട കാര്യമില്ല. ഓൺലൈൻ സംവിധാനങ്ങൾ അത്രയേറെ മെച്ചപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി അമേരിക്കയിൽ നിന്ന് വീഡിയോ കോൺഫറൻസിൽ മന്ത്രിസഭ ചേർന്നത് നാം കാണുകയുണ്ടായി. പരാതി കൊടുക്കൽ, അപേക്ഷ നൽകൽ എല്ലാം ഓൺ ലൈനിൽ ആണ്. തലസ്ഥാന സന്ദർശനം ഇക്കാലത്തു ഒരു അനിവാര്യ ഘടകമല്ല.
ചില സംസ്ഥാനങ്ങളിൽ തലസ്ഥാന മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഗുജറാത്തിന്റെ തലസ്ഥാനം അഹമ്മദാബാദിൽ നിന്നും ഗാന്ധി നഗറിലേക്ക് മാറ്റിയതാണ്. ജമ്മു കശ്മീരിനു ശ്രീനഗർ, ജമ്മു എന്നീ രണ്ടു തലസ്ഥാനങ്ങൾ ഉണ്ട്. ശീതകാല / ഉഷ്ണകാല വ്യതിയാനങ്ങൾ അനുസരിച്ചുള്ള മാറ്റങ്ങൾ ആണിത്. അസമിന്റെ തലസ്ഥാനം ഷില്ലോംഗ് ആയിരുന്നു. അതിപ്പോൾ മേഘാലയ സംസ്ഥാനത്തിന്റെ തലസ്ഥാനമാണ്. ഗുവാഹത്തിക്ക് സമീപമുള്ള തെസ്പുർ ആണ് പകരം വന്നത്. എന്നാൽ ആന്ധ്രാ പ്രദേശ് അമരാവതി, ഇറ്റാനഗർ, വിശാഖപട്ടണം എന്നീ മൂന്നു തലസ്ഥാനങ്ങൾ ഉണ്ടാക്കിയത് കൗതുകകരമാണ്. കേരളത്തിൽ ഒരു തലസ്ഥാനമേ ഉള്ളൂ എങ്കിലും എറണാകുളം വാണിജ്യ തലസ്ഥാനം, തൃശൂർ സാംസ്കാരിക തലസ്ഥാനം, കോട്ടയം അക്ഷര / ആത്മീയ തലസ്ഥാനം, കോഴിക്കോട് സഹൃദയ തലസ്ഥാനം എന്നിങ്ങനെയുമുണ്ടല്ലോ.






