റിയാദ് - പൂര്‍ത്തീകരിക്കുന്നതിന് കാലതാമസം വരുത്തുകയും പാതിവഴിയില്‍ നിര്‍മാണ ജോലികള്‍ തടസ്സപ്പെടുകയും ചെയ്തതിന് കഴിഞ്ഞ കൊല്ലം 142 പദ്ധതികള്‍ കരാറുകാരില്‍ നിന്ന് പിന്‍വലിച്ചതായി റിയാദ് വികസന അതോറിറ്റി അറിയിച്ചു. ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ചും ഏകോപനം നടത്തിയുമാണ് ഇത്രയും പദ്ധതികള്‍ കരാറുകാരില്‍ നിന്ന് പിന്‍വലിച്ചത്. 215 കോടി റിയാലിന്റെ പദ്ധതികളാണ് ബന്ധപ്പെട്ട വകുപ്പുകളെ അറിയിച്ച ശേഷം പിന്‍വിച്ചത്. ഏറ്റവും കൂടുതല്‍ പിന്‍വലിച്ചത് വിദ്യാഭ്യാസ മന്ത്രാലത്തിന്റെ പദ്ധതികളാണ്. റിയാദില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ 80 പദ്ധതികള്‍ കഴിഞ്ഞ വര്‍ഷം കരാറുകാരില്‍ നിന്ന് പിന്‍വലിച്ചു. 147 കോടി റിയാലിനാണ് ഈ പദ്ധതികളുടെ കരാറുകള്‍ അനുവദിച്ചിരുന്നത്. റിയാദ് നഗരസഭക്കു കീഴിലെ ബലദിയകളുടെ 35 പദ്ധതികളും ഗതാഗത മന്ത്രാലയത്തിന്റെ പന്ത്രണ്ടു പദ്ധതികളും പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെ ആറു പദ്ധതികളും റിയാദ് നഗരസഭയുടെ നാലു പദ്ധതികളും സാങ്കേതിക വിദ്യാഭ്യാസ, തൊഴില്‍ പരീശീലന കോര്‍പറേഷന്‍, സൗദി ഇന്‍ഡസ്ട്രിയല്‍ പ്രോപ്പര്‍ട്ടി അതോറിറ്റി, പബ്ലിക് പെന്‍ഷന്‍ ഏജന്‍സി, ആഭ്യന്തര മന്ത്രാലയം, സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് എന്നിവയുടെ ഓരോ പദ്ധതികളും കരാറുകാരില്‍ നിന്ന് പിന്‍വലിച്ചു.
കഴിഞ്ഞ കൊല്ലം റിയാദില്‍ 881 പദ്ധതികള്‍ പൂര്‍ത്തിയാക്കി. 3,495 കോടി റിയാല്‍ ചെലവഴിച്ചാണ് ഇവ പൂര്‍ത്തിയാക്കിയത്. നിലവില്‍ റിയാദില്‍ 1,232 പദ്ധതികള്‍ നടപ്പാക്കിവരികയാണ്. ഇവക്ക് 21,638 കോടി റിയാല്‍ ചെലവ് വരും. 468 പദ്ധതികള്‍ക്ക് കാലതാമസം നേരിട്ടിട്ടുണ്ട്. ഇവക്ക് 849 കോടി റിയാല്‍ ചെലവ് കണക്കാക്കുന്നു. 194 പദ്ധതികളുടെ പൂര്‍ത്തീകരണം തടസ്സപ്പെട്ടിരിക്കുകയാണ്. ഇവയുടെ കരാറുകള്‍ 2,539 കോടി റിയാലിനാണ് അനുവദിച്ചത്.






