ട്രംപിനെതിരെ ലണ്ടനില്‍ വന്‍ പ്രതിഷേധം

വിമര്‍ശനം വിഴുങ്ങി; തെരേസ മേയെ പ്രകീര്‍ത്തിച്ച് ട്രംപ്
ലണ്ടന്‍- അമേരിക്കയും ബ്രിട്ടനും തമ്മിലുള്ള ബന്ധം സവിശേഷമാണെന്നും അഭേദ്യമാണെന്നും യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര ബന്ധത്തെ ബ്രിട്ടീഷ്  പ്രധാനമന്ത്രി തെരേസ മേയുടെ ബ്രെക്‌സിറ്റ് പദ്ധതി ഇല്ലാതാക്കുമെന്ന പ്രസ്താവന നടത്തി മണിക്കൂറുകള്‍ക്കകമാണ് ട്രംപ് യു.എസ്-യു.കെ ബന്ധത്തേയും തെരേസ മേയേയും പുകഴത്തിയത്.
ബ്രെക്‌സിറ്റ് അവിശ്വസനീയ അവസരമാണെന്നും യൂറോപ്യന്‍ യൂനിയന്‍ വിടന്നതും അതിനു ശേഷം ചെയ്യുന്നതും തനിക്ക് സ്വീകാര്യമാണെന്നും ബ്രട്ടീഷ് പ്രധാനമന്ത്രിയോടൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് പറഞ്ഞു. ശക്തമായ വ്യാപാര ബന്ധത്തെ കുറിച്ച് തങ്ങള്‍ ചര്‍ച്ച നടത്തിയതായി തെരേസ മേ പറഞ്ഞു.
ട്രംപിന്റെ സന്ദര്‍ശനത്തിനെതിരെ ആയിരങ്ങളാണ് സെന്‍ട്രല്‍ ലണ്ടനില്‍ തെരുവിലിറങ്ങിയത്. വന്‍ പ്രകടനത്തോടൊപ്പം പാര്‍ലമെന്റ് സ്‌ക്വയറില്‍ പ്രസിഡന്റ് ട്രംപിനെ ശിശുവാക്കിയുള്ള കൂറ്റന്‍ ബലൂണും ശ്രദ്ധേയമായി.

http://malayalamnewsdaily.com/sites/default/files/2018/07/13/p10balloon.jpg
യു.കെയുടെ മറ്റു ഭാഗങ്ങളിലും പ്രതിഷേധം തുടരുകയാണ്. ഇന്നും പ്രതിഷേധ മാര്‍ച്ചുകള്‍ നടക്കും.  
സണ്‍ ദിനപത്രത്തിനു നല്‍കിയ അഭിമുഖം പൊതുവെ നന്നായാണ് കൊടുത്തതെങ്കിലും തെരേസ മേയെ കുറിച്ച് പറഞ്ഞ നല്ല കാര്യങ്ങള്‍ ഉള്‍പ്പെടുത്താത്തതിനാല്‍ ഫെയ്ക്ക് ന്യൂസില്‍ ഉള്‍പ്പെടുമെന്ന് പ്രധാനമന്ത്രിയുടെ വസതിയില്‍ നടത്തിയ ചര്‍ച്ചക്ക് ശേഷം ട്രംപ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇവര്‍ മഹത്തായ ജോലിയാണ് നിര്‍വഹിക്കുന്നത്. യു.കെയുമായി മഹത്തായ ഉഭയകക്ഷി വ്യപാര കരാറിനാണ് അന്തിമ രൂപം നല്‍കുന്നത്. യൂറോപ്യന്‍ യൂനിയനോട് എന്തു സമീപനം സ്വീകരിക്കണമെന്ന് ഉപദേശിക്കുകയല്ല, നിര്‍ദേശം സമര്‍പ്പിക്കുക മാത്രാമാണ് താന്‍ ചെയ്തത് -ട്രംപ് പറഞ്ഞു.
യു.കെയുമായി വ്യാപാര ബന്ധം തുടരാന്‍ അമേരിക്കക്ക് അതിയായ താല്‍പര്യമുണ്ടെന്നും യു.എസുമായി വ്യാപാര കരാര്‍ ഉണ്ടാക്കുന്നതു പോലെ മറ്റു രാജ്യങ്ങളുമായും  കരാര്‍ ഉണ്ടാക്കുമെന്നും തെരേസ മേ പറഞ്ഞു. ഹിതപരിശോധനയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയതാണ് സര്‍ക്കാരിന്റെ ബ്രെക്‌സിറ്റ് കരാറെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി തെരേസ മേയുമായി നടത്തിയ ചര്‍ച്ച രചനാത്മകമായിരുന്നുവെന്നും ഉഭയകക്ഷി ബന്ധം ഇതിനു മുമ്പ് ഇത്രമാത്രം മെച്ചപ്പെട്ടിട്ടില്ലെന്നും ട്രംപ് പറഞ്ഞു.
ബെര്‍ക്ഷയറിലെ റോയല്‍ മിലിറ്ററി അക്കാദമി സന്ദര്‍ശിച്ച ശേഷം ഇന്നലെ രാവിലെ ഹെലികോപ്റ്ററിലാണ് ട്രംപും പത്‌നി മെലാനിയയും പ്രധാനമന്ത്രി തെരേസ മേയുടെ ബക്കിംഗ്ഹാംഷെയറിലെ വസതിയില്‍ എത്തിയത്. പ്രധാനമന്ത്രിയുടെ ഭര്‍ത്താവ് ഫിലിപ്പ് മേയോടൊപ്പം യു.എസ് പ്രഥമ വനിത മെലാനിയ ട്രംപ് പന്ത്  കളിച്ചു. ചെല്‍സിയയില്‍ അവര്‍ പെന്‍ഷന്‍കാരേയും കുട്ടികളേയും കണ്ടു.
ബ്രെക്‌സിറ്റ് കരാറുമായി ബന്ധപ്പെട്ട് തന്റെ ഉപദേശം തെരേസ മേ കേട്ടില്ലെന്നും താനായിരുന്നെങ്കില്‍ അതു വേറെ തരത്തിലായിരിക്കും കൈകാര്യം ചെയ്യുകയെന്നുമാണ് തുടക്കം മുതലേ  ബ്രെക്‌സിറ്റിനെ പിന്തുണച്ചിരുന്ന ട്രംപ് സണ്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നത്.

 

Latest News