പത്ത് വര്‍ഷത്തിനിടെ നാട്ടില്‍ വന്നതേയില്ല; ഒടുവില്‍ അരവിന്ദിന്റെ അന്ത്യയാത്ര

കൊച്ചി-ലണ്ടനിലെ പെക്കാമില്‍ മലയാളി യുവാവിന്റെ കുത്തേറ്റു മരിച്ച എറണാകുളം സ്വദേശി അരവിന്ദ് ശശികുമാറിന്റെ (37) മൃതദേഹം
വ്യാഴം രാവിലെ 9 മണിയോടെ കൊച്ചിയിലെത്തിക്കും. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍നിന്ന് ബുധനാഴ്ച വൈകുന്നേരത്തോടെ ദുബായിലെത്തിക്കുന്ന മൃതശരീരം അവിടെനിന്നാണ് കൊച്ചിയിലേക്ക് കൊണ്ടു വരിക. പോലീസിന്റെ തുടര്‍ അന്വേഷണത്തിന് മൃതദേഹം ആവശ്യമില്ലെന്നു കണ്ടെത്തിയ സാഹചര്യത്തില്‍ മൃതദേഹം സംസ്‌കരിക്കുന്നതിന് കൈമാറാന്‍ കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. വീട്ടിലെ ചടങ്ങുകള്‍ക്കു ശേഷം വ്യാഴാഴ്ച തന്നെ എറണാകുളം രവിപുരം സ്മശാനത്തില്‍ സംസ്‌കാരം നടത്തും. ഹൈബി ഈഡന്‍ എംപിയുടെ ഇടപെടലിനെ തുടര്‍ന്ന് സ്ഥാനപതി കാര്യാലയത്തിന്റെ പൂര്‍ണ മേല്‍നോട്ടത്തിലാണ് മൃതശരീരം തിരികെ എത്തിക്കുന്നതിനുള്ള നടപടികള്‍.
കഴിഞ്ഞമാസം 16നായിരുന്നു പനമ്പിള്ളിനഗര്‍ സ്വദേശിയായ അരവിന്ദ് ശശികുമാര്‍ (37) താമസസ്ഥലത്തുവച്ച് കൂടെ താമസിച്ചിരുന്ന യുവാവിന്റെ കുത്തേറ്റ് മരിച്ചത്. സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്കു തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ലണ്ടന്‍ പോലീസിനൊപ്പം ആംബുലന്‍സ് സേവനവിഭാഗവും കൃത്യ സ്ഥലത്തെത്തിയിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനുള്ള അത്യാഹിത വിഭാഗങ്ങളുടെ ശ്രമം വിഫലമാവുകയിരുന്നു. നെഞ്ചിലുണ്ടായ ആഴമേറിയ മുറിവാണ് മരണകാരണമായത്. സംഭവത്തില്‍ പ്രതിയായ വര്‍ക്കല ഇടച്ചിറ സ്വദേശിയായ സല്‍മാന്‍ സലീമിനെ (25) പോലീസ് പിടികൂടിയിരുന്നു. 2024 ജൂലൈയിലാണ് കേസ് വിചാരണ. അതുവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും. കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങളെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് പോലീസ് അറിയിച്ചു. കുറ്റം സമ്മതിച്ചിട്ടുണ്ടെങ്കിലും, എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും തന്റെ മാനസിക നില ശരിയല്ലെന്നും തന്നെക്കൊണ്ട് ആരോ ചെയ്യിപ്പിച്ചതാണ് ഇതെന്നുമാണ് സല്‍മാന്റെ മൊഴി. പനമ്പള്ളി നഗറിലെ റിട്ട.എല്‍ഐസി ഉദ്യോഗസ്ഥനായ ശശികുമാര്‍ശ്രീദേവി ദമ്പതികളുടെ മകനാണ് അരവിന്ദ്. പത്തുവര്‍ഷം മുമ്പാണ് അരവിന്ദ് വിദ്യാര്‍ഥി വിസയില്‍ ബ്രിട്ടനിലെത്തിയത്. കാലാവധി പൂര്‍ത്തിയായപ്പോള്‍ പിന്നീട് മറ്റൊരു വിസയിലേക്ക് മാറി. കെയറര്‍ വിസയിലേക്ക് മാറാനിരിക്കെവേയാണ് ദാരുണ സംഭവം. അവിവാഹിതനായ അരവിന്ദ് പത്തുവര്‍ഷത്തിനിടെ ഒരിക്കല്‍പോലും നാട്ടില്‍ എത്തിയിരുന്നില്ല.  

 

Latest News