കൊച്ചി - മുഹറം അടുത്തതോടെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും സുഗന്ധവ്യഞ്ജനങ്ങൾക്ക് ആവശ്യം ഉയരുന്നു. കുരുമുളക് വില ഒരു മാസത്തെ മാന്ദ്യത്തിന് ശേഷം മുന്നേറി. വ്യവസായികൾ റബർ വില വീണ്ടും ഇടിച്ചു. സ്വർണാഭരണ വിപണിയിൽ മുന്നേറ്റം, രൂപയുടെ മൂല്യത്തകർച്ച ഇറക്കുമതി ചെലവ് ഉയർത്തി.
കുരുമുളക് വില ഇടിക്കാൻ ഉത്തരേന്ത്യൻ ലോബി നടത്തിയ കുതന്ത്രങ്ങൾക്ക് മുന്നിൽ പതറാതെ കാർഷിക മേഖല ചരക്കിൽ പിടിമുറുക്കി. സ്ഥിതിഗതികൾ അനുകൂലമല്ലെന്ന തിരിച്ചറിവിൽ ചരക്ക് സംഭരണത്തിന് വ്യവസായികൾ രംഗത്ത് ഇറങ്ങിയതോടെ നിരക്ക് ക്വിന്റലിന് 600 രൂപ വർധിച്ച് അൺഗാർബിൾഡ് 49,400 രൂപയായി.
മുഹറവും ഗണേഷ ചതുർത്ഥിയും മുന്നിൽ കണ്ടുള്ള കുരുമുളക് സംഭരണം തുടങ്ങി. ഇനി ഉത്തരേന്ത്യൻ ഡിമാന്റ് ഉയരുമെന്നാണ് വിപണി വൃത്തങ്ങളുടെ വിലയിരുത്തൽ. വ്യവസായികൾക്ക് ഉയർന്ന അളവിൽ ചരക്ക് ആവശ്യമാണ്. ഉത്സവകാല ഡിമാന്റ് മുന്നിൽ കണ്ട് പൗഡർ യൂനിറ്റുകൾ ചരക്കിനായി രംഗത്തുണ്ട്.
അന്താരാഷ്ട്ര മാർക്കറ്റിൽ വിയറ്റ്‌നാം ടണ്ണിന് 3550 ഡോളറിനും ഇന്തോനേഷ്യ 3600 ഡോളറിനും ബ്രസീൽ 3450 ഡോളറിനും ക്വട്ടേഷൻ ഇറക്കി. ശ്രീലങ്കൻ കുരുമുളക് വില ടണ്ണിന് 5000 ഡോളറാണ്. ഇന്ത്യൻ വില 6250 ഡോളർ.
ഏലക്കയോട് ആഭ്യന്തര വിദേശ ഇടപാടുകാർ പുലർത്തിയ താൽപര്യം മികച്ചയിനങ്ങളുടെ മുന്നേറ്റത്തിന് അവസരം ഒരുക്കി. വാരാന്ത്യം മികച്ചയിനങ്ങൾ കിലോ 2053 രൂപയിലും ശരാശരി ഇനങ്ങൾ കിലോ 1297 രൂപയിലുമാണ്.
കനത്ത മഴയിൽ സ്തംഭിച്ച റബർ ടാപ്പിങ് വാരമധ്യത്തോടെ പുനരാരംഭിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഒരു വിഭാഗം. അതേസമയം മഴ തുടരുന്നതും കനത്ത കാറ്റും വെല്ലുവിളി ഉയർത്തുന്നതിനാൽ കാലാവസ്ഥയിൽ കാര്യമായ മാറ്റം സംഭവിച്ചാൽ മാത്രമേ വെട്ട് തുടങ്ങാനുള്ള സാഹചര്യം ഒരുങ്ങൂവെന്നാണ് വൻകിട തോട്ടങ്ങളുടെ വിലയിരുത്തൽ. ഷീറ്റ് വില താഴ്ന്നതിനാൽ വെട്ട് പുനരാരംഭിക്കുന്നതിനോടും പലരും യോജിക്കുന്നില്ല. ടയർ കമ്പനികൾ നാലാം ഗ്രേഡിനെ 156 ലേക്ക് ഇടിച്ചു.
വൻകിട ചെറുകിട കൊപ്രയാട്ട് വ്യവസായികൾ കരുതലോടെയാണ് വിപണിയെ സമീപിക്കുന്നത്. കിലോ 70 രൂപക്ക് പോലും കൊപ്രക്ക് ആവശ്യം ചുരുങ്ങിതിനാൽ വൻകിട മില്ലുകാർ 102 രൂപക്ക് മുൻകൂർ കച്ചവടങ്ങൾ വഴി വെളിച്ചെണ്ണ വിറ്റഴിക്കാനുള്ള ശ്രമത്തിലാണ്. സ്റ്റോക്കുള്ള എണ്ണ വേഗത്തിൽ ഒഴിവാക്കാൻ അയൽ സംസ്ഥാനങ്ങളിലെ വ്യവസായികളുടെ നീക്കം കേരളത്തിലെ ചെറുകിട മില്ലുകാരെയും ആശങ്കയിലാക്കി. കൊച്ചിയിൽ വെളിച്ചെണ്ണ 12,000 രൂപയിലും കൊപ്ര 7600 ലുമാണ്.
ചെറിയൊരു ഇടവേളക്ക് ശേഷം കൊപ്ര സംഭരണം ഊർജിതമാക്കാൻ നടപടികൾ തുടങ്ങി. വെജിറ്റബിൾ ഫ്യൂട്ട് പ്രൊമോഷൻ കൗൺസിലിനെ കൂടി ഉൾപ്പെടുത്തി കൊപ്ര സംഭരണം വിപുലമാക്കും. കേരളം ഉൽപാദകർക്ക് താങ്ങ് പകരാൻ ക്വിന്റലിന് 10,860 രൂപ നിരക്കിൽ കൊപ്ര സംഭരിക്കും. ഓണം അടുത്ത അവസരത്തിൽ സർക്കാർ ഏജൻസിയുടെ സംഭരണം ഉൽപാദകർക്ക് ആശ്വാസം പകരും. കഴിഞ്ഞ സീസണിൽ സംഭരിച്ചതിലും കൂടുതൽ കൊപ്ര കർഷകരിൽ നിന്നും ശേഖരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കൃഷി മന്ത്രി പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി.
സ്വർണ വില കയറി ഇറങ്ങി. പവൻ 43,320 രൂപയിൽ നിന്നും 43,640 ലേക്ക് കയറി. വിനിമയ വിപണിയിൽ രൂപയുടെ മൂല്യത്തിന് നേരിട്ട തിരിച്ചടി മൂലം സ്വർണ ഇറക്കുമതിക്ക് കൂടുതൽ രൂപ നൽകേണ്ട സാഹചര്യം ഉടലെടുത്തു. വാരാന്ത്യം രൂപയുടെ മൂല്യം 70 പൈസ ഇടിഞ്ഞ് 82.74 ലാണ്. ന്യൂയോർക്കിൽ സ്വർണം ഔൺസിന് 1924 ഡോളർ.