പത്തനംതിട്ട- ഇന്ത്യ പോലുള്ള ബഹുസ്വര സമൂഹത്തില്‍ ഏക സിവില്‍കോഡ് നടപ്പാക്കുന്നത് അപ്രായോഗികമാണെന്ന് മാര്‍ത്തോമ മെത്രാപ്പൊലീത്ത ഡോ. തിയോഡോഷ്യസ്. ഇത്രയും കാലം കാത്തുസൂക്ഷിച്ച ഇന്ത്യയുടെ സാംസ്‌ക്കാരിക വൈവിധ്യവും ഭരണഘടന ഉറപ്പാക്കുന്ന മതസ്വാതന്ത്ര്യവും ഹനിക്കപ്പെടരുതെന്നും മാര്‍ത്തോമ മെത്രോപ്പൊലീത്ത വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഏക സിവില്‍ കോഡിനെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാവാം. എന്നാല്‍ അത് മുകളില്‍ നിന്നും ഏകപക്ഷീയമായും നിര്‍ബന്ധപൂര്‍വ്വവും നടപ്പാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രത്യക്ഷത്തില്‍ സ്വീകാര്യമായി തോന്നാമെങ്കിലും ഇന്ത്യയെ പോലുള്ള വൈവിധ്യങ്ങള്‍ നിറഞ്ഞ ജനാധിപത്യ മതനിരപേക്ഷ രാജ്യത്ത് ഇത്തരമൊരു നിയമത്തെ പിന്തുണക്കാനാവില്ല. ഭരണഘടനാ രൂപീകരണ സമയത്ത് ഇതേക്കുറിച്ച് ആലോചിച്ചെങ്കിലും സമവായത്തിലെത്താന്‍ സാധിച്ചിരുന്നില്ല. സ്വാതന്ത്ര്യലബ്ധി മുതലുള്ള ആദ്യകാല ചര്‍ച്ചകളും ശ്രമങ്ങളും ഉണ്ടായിരുന്നിട്ടും ഏക സിവില്‍ കോഡ് ഒരിക്കലും യാഥാര്‍ഥ്യമായില്ല എന്നത് ഇന്ത്യയില്‍ വ്യക്തി നിയമങ്ങള്‍ക്ക് പകരം വെക്കാവുന്ന ഏകീകൃത സിവില്‍ നിയമം നടപ്പിലാക്കുന്നതിലെ സങ്കീര്‍ണതയാണ് തുറന്നു കാട്ടുന്നതെന്നും മെത്രാപ്പൊലീത്ത പറഞ്ഞു.