Sorry, you need to enable JavaScript to visit this website.

ഏകസിവില്‍ കോഡ്: സമസ്തയെക്കൊണ്ട് മുസ്ലിം ലീഗിന് തടയിട്ട് സി.പി.എം

കോഴിക്കോട്-ഏക സിവില്‍ കോഡ് വിഷയത്തില്‍ മുസ്‌ലിം സംഘടനകളെ തങ്ങളുടെ നേതൃത്വത്തിനു കീഴില്‍ കൊണ്ടുവരുവാനുള്ള ലീഗ് നീക്കം സി.പി.എം പൊളിച്ചു. സി.പി.എം. സെമിനാറില്‍ സമസ്ത പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചത് സി.പി.എമ്മിന്റെ ആദ്യ വിജയമായി.
നേരത്തെ വഖഫ് ബോര്‍ഡ് നിയമന വിഷയത്തില്‍ സംഭവിച്ചതു ഏക സിവില്‍ കോഡ് വിഷയത്തിലും ആവര്‍ത്തിക്കുകയാണ്.
സി.പി.എം സിവില്‍ കോഡ് വിഷയം രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുമെന്നതിനാലാണ് ലീഗ് തിരക്കിട്ട് കഴിഞ്ഞ ചൊവ്വാഴ്ച കോഴിക്കോട്ട് മുസ്ലിം കോ  ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ യോഗം വിളിച്ചത്. കാന്തപുരം എ.പി. വിഭാഗത്തിന്റെ പ്രതിനിധിയടക്കം പങ്കെടുത്ത , കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി എല്ലാ വിഭാഗങ്ങളെയും പങ്കെടുപ്പിച്ച് ഒന്നോ രണ്ടോ സെമിനാര്‍ ഈ വിഷയത്തില്‍ സംഘടിപ്പിക്കുവാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.
പൊതു വിഷയമായിട്ടും , സി.പി.എം ഇതിനെ കേരളത്തിലെ മുസ്‌ലിം സമുദായത്തില്‍, സംഘ്പരിവാര്‍ ഭീതി കൂടുതല്‍ വളര്‍ത്തി മുതലെടുപ്പ് നടത്തുമെന്ന കാഴ്ചപ്പാടിലാണ് ഈ നീക്കം നടത്തിയത്. എന്നാല്‍ കേരളത്തിലെ ഏറ്റവും വലിയ മുസ്ലിം സംഘടനയെക്കൊണ്ട് തന്നെ തങ്ങള്‍ക്കനുകൂലമായ തീരുമാനമെടുപ്പിച്ചു കൊണ്ട് സി.പി.എം ഒരു പടി മുന്നില്‍ കടന്നിരിക്കുകയാണ്. സമസ്ത പങ്കെടുക്കുവാന്‍ തീരുമാനിച്ചതോടെ മറ്റ് മുജാഹിദ് ഗ്രൂപ്പുകളും സ്വാഭാവികമായും സി.പി.എം ക്ഷണം സ്വീകരിച്ച് സെമിനാറിനെത്തും.
സെമിനാറിന്റെ സ്വാഗത സംഘ രൂപീകരണ യോഗത്തില്‍ തന്നെ കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍, ടി.പി.അബ്ദുല്ലക്കോയ മദനി, ഡോ. ഫസല്‍ ഗഫൂര്‍ എന്നിവരെ അതിഥികളായി കൊണ്ടു വരുമെന്ന് സംഘാടകര്‍ ആമുഖമായി പറഞ്ഞിരുന്നു. സി.പി.എമ്മുമായി ഇടഞ്ഞു നില്‍ക്കുന്നതിനാല്‍  ജമാഅത്തെ ഇസ്‌ലാമിയെ ക്ഷണിക്കുവാന്‍ സാധ്യതയില്ല. ഇതോടൊപ്പം ദലിത്, ആദിവാസി ഗോത്ര വിഭാഗങ്ങളെ ക്കൂടി പങ്കെടുപ്പിച്ചു കൊണ്ട് സിവില്‍ കോഡിനിരയാകുമെന്ന് കരുതുന്ന എല്ലാ വിഭാഗത്തിന്റെയും ഒരു പൊതു പരിപാടിയാക്കി മാറ്റുവാനാണ് സി.പി.എം ലക്ഷ്യമിടുന്നത്. സി.പി.എം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിയെ കൂടാതെ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ എത്തും.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


മുസ്ലിം ലീഗിനെ ഔദ്യോഗികമായി ക്ഷണിച്ചു കൊണ്ട് അവരെ വെട്ടിലാക്കിയിരിക്കുക കൂടി ചെയ്തിരിക്കയാണ് സി.പി.എം. എന്നാല്‍ ഇക്കാര്യത്തില്‍ സി.പി.എമ്മുമായി സംയുക്ത മുന്നേറ്റത്തിനില്ലെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസ്സിനെ പിണക്കി കൊണ്ട് , ലീഗ് സി.പി.എമ്മിന്റെ സെമിനാറില്‍ പങ്കെടുക്കുവാന്‍ സാധ്യതയില്ല. എന്നാല്‍ ഇത് വരും കാലത്ത് ലീഗിനെതിരെ സമുദായത്തിനിടയില്‍ പ്രചാരണായുധമാക്കിയും സി.പി.എം. ഉപയോഗിച്ചേക്കും.
അതിനിടെ സമസ്തയിലും ലീഗനുകൂലികളും വിരുദ്ധരും തമ്മിലുള്ള പേരിനും ഏകസിവില്‍ കോഡ് സെമിനാര്‍ ആക്കം കൂട്ടിയേക്കും. മുസ്ലിം സംയുക്ത സംഘടനാ യോഗത്തില്‍ സമസ്തയെ പ്രതിനിധീകരിച്ച് എത്തിയ പൊതുവെ ലീഗനുകൂല സമീപനം കാണിക്കുന്ന ഡോ. ബഹാവുദ്ദീന്‍ നദ്‌വി  ഇന്നലെ നടന്ന സമസ്ത സ്‌പെഷ്യല്‍ കണ്‍വെന്‍ഷനില്‍ പ്രാസംഗികനായിരുന്നില്ലെന്നത് കാണിക്കുന്നതും ഇതാണ്.
സമസ്ത നേതാക്കളാരും മതനിരാസത്തിന്റെ വക്താക്കളായ കമ്മ്യൂണിസ്റ്റുകാരോട് സഹകരിച്ചിട്ടില്ലെന്ന നദ് വിയുടെ എഫ്.ബി പോസ്റ്റ് ഈയിടെ ഏറെ ചര്‍ച്ചയായിരുന്നു.
വഖഫ് ബോര്‍ഡ് നിയമനം  പി.എസ്. സി ക്ക് വിട്ട വിഷയത്തിലും ഇതേ പോലെ കൂടുതല്‍ പരിഗണന ഒറ്റക്ക് നില്ക്കുമ്പോള്‍ സമസ്തക്ക് ലഭിക്കുന്നുവെന്നു  കണ്ടതോടെ സംയുക്ത കമ്മിറ്റിയില്‍ നിന്ന് വിട്ട് സമസ്ത ഒറ്റക്ക് പ്രതിഷേധവുമായി നീങ്ങുകയായിരുന്നു

 

Latest News