Sorry, you need to enable JavaScript to visit this website.

ആന്ധ്ര മുന്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഢി കോണ്‍ഗ്രസില്‍ തിരിച്ചെത്തി

ന്യൂദല്‍ഹി- അവിഭക്ത ആന്ധ്രാ പ്രദേശിലെ അവസാന മുഖ്യമന്ത്രിയായ എന്‍ കിരണ്‍ കുമാര്‍ റെഡ്ഢി നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കോണ്‍ഗ്രസില്‍ തിരിച്ചെത്തി. ആന്ധ്രാ വിഭജനത്തില്‍ പ്രതിഷേധിച്ച് 2014-ലാണ് കിരണ്‍ കുമാര്‍ റെഡ്ഢി പാര്‍ട്ടി വിട്ടത്. കഴിഞ്ഞ രണ്ടു മാസമായി അദ്ദേഹം കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തി വരികയായിരുന്നു. മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടി പാര്‍ട്ടിയുടെ ആന്ധ്രാ പ്രദേശ് ചുമതലയേറ്റെടുത്ത ശേഷമാണ് നടപടികള്‍ വേഗത്തിലായത്. വെള്ളിയാഴ്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അദ്ദേഹം സന്ദര്‍ശിച്ചു. ശേഷം പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജെവാലയാണ് അദ്ദേഹത്തിന്റെ മടങ്ങി വരവ് ഔദ്യോഗികമായി അറിയിച്ചത്. കോണ്‍ഗ്രസ് ആസ്ഥാനത്ത് മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കിരണ് കുമാര്‍ റെഡ്ഡിയുടെ തിരിച്ചുവരവ്.

കോണ്‍ഗ്രസ് വിട്ട ശേഷം ജയ് സമൈഖ്യ ആന്ധ്രാ പാര്‍ട്ടി രൂപീകരിച്ച് 2014-ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പച്ചപിടിച്ചില്ല. ഒരു ഘട്ടത്തില്‍ റെഡ്ഡി ബിജെപിയിലേക്കു പോകുമെന്ന അഭ്യൂഹവും ശക്തമായിരുന്നു. എന്നാല്‍ 2014-ലെ തോല്‍വിക്ക് ശേഷം സജീവ രാഷ്ട്രീയത്തില്‍ നിന്ന് നാലു വര്‍ഷമായി അദ്ദേഹം വിട്ടു നില്‍ക്കുകയായിരുന്നു. മുന്‍ ക്രിക്കറ്റ് താരം കൂടിയായ റെഡ്ഢി ഗോള്‍ഫിലായിരുന്നു വിശ്രമകാലത്ത് ശ്രദ്ധകേന്ദ്രീകരിച്ചത്.

2019-ല്‍ നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയിലേക്കു മടങ്ങി വരണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കിരണ്‍ കുമാര്‍ റെഡ്ഡിയെ സമീപിക്കുകയായിരുന്നു. ഏറെ ചര്‍ച്ചകള്‍ക്കൊടുവില്‍ അര്‍ഹമായ പദവി ലഭിച്ചെങ്കില്‍ മാത്രമെ തിരിച്ചെത്തൂ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇതു പ്രകാരം എഐസിസിയില്‍ അദ്ദേഹത്തിന് ഉന്നത പദവി ലഭിക്കുമെന്ന് കരുതപ്പെടുന്നു. മുന്‍ കേന്ദ്ര മന്ത്രി എം എം പല്ലം രാജു, രാജ്യസഭ എംപി ടി സുബ്ബരാമി റെഡ്ഡി എന്നിവര്‍ കഴിഞ്ഞ മാസം കിരണ്‍ കുമാര്‍ റെഡ്ഡിയുമായി ചര്‍ച്ച നടത്തിയിരുന്നു. ജൂലൈ ആദ്യത്തിലാണ് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി ഹൈദരാബാദില്‍ റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തിയത്. ഏതാനും മാസങ്ങള്‍ക്കു മുമ്പ് റെഡ്ഡിയുടെ സഹോദരന്‍ കിഷോര്‍ കുമാര്‍ ടിഡിപിയില്‍ ചേര്‍ന്നിരുന്നു.
 

Latest News