Sorry, you need to enable JavaScript to visit this website.

രണ്ട് ട്രോഫി, 22 കളിക്കാർ, സാഫ് ട്രോഫി വിജയത്തിലെ ഇന്ത്യൻ വിശേഷങ്ങൾ

ഒമ്പതാം തവണ സാഫ് ഫുട്‌ബോൾ ചാമ്പ്യന്മാരായ ഇന്ത്യൻ ടീം 

ഇന്റർകോണ്ടിനന്റൽ കപ്പിലെയും സാഫ് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിലെയും ഇന്ത്യയുടെ വിജയങ്ങൾ അക്കങ്ങളിലൂടെ....

2023 സമീപകാല ഇന്ത്യൻ ഫുട്‌ബോളിലെ സുവർണ വർഷമാണ്. ഈ വർഷം ഇന്ത്യൻ ടീം പരാജയപ്പെട്ടിട്ടില്ല. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടയിലാണ് രണ്ട് പ്രധാന ട്രോഫികൾ സ്വന്തമാക്കിയത്. ലെബനോനെ തോൽപിച്ച് ഇന്റർകോണ്ടിനന്റൽ ട്രോഫി ഉയർത്തിയ സുനിൽ ഛേത്രിയും കൂട്ടരും ലെബനോനെയും കുവൈത്തിനെയും കീഴടക്കി സാഫ് ചാമ്പ്യൻഷിപ്പിൽ ജേതാക്കളായി. സഡൻഡെത്തിൽ കുവൈത്ത് ക്യാപ്റ്റൻ ഖാലിദ് ഹാജിയുടെ ഷോട്ട് ഗോളി ഗുർപ്രീത് സിംഗ് സന്ധു തടുത്തതോടെയാണ് ഇന്ത്യ വിജയമുറപ്പാക്കിയത്. അടുത്ത ജനുവരിയിൽ ഖത്തറിൽ നടക്കുന്ന ഏഷ്യൻ കപ്പിനായി ഒരുങ്ങുകയാണ് ഇന്ത്യൻ ടീം. ഏതാനും ആഴ്ചകൾക്കു ശേഷം തായ്‌ലന്റിൽ കിംഗ്‌സ് കപ്പിൽ ഇന്ത്യ കളിക്കുന്നുണ്ട്.

0
ഇന്റർകോണ്ടിനന്റൽ കപ്പിലും സാഫ് ചാമ്പ്യൻഷിപ്പിലും ഒരു കളി പോലും ഇന്ത്യ തോറ്റില്ല. ലെബനോന്റെ ഏകോപനവും കുവൈത്തിന്റെ വേഗവും വനവതുവിന്റെയും നേപ്പാളിന്റെയും ചെറുത്തുനിൽപുമൊക്കെ അതിജീവിക്കേണ്ടി വന്നു ഇന്ത്യൻ ടീമിന്. ഒമ്പത് മത്സരങ്ങളിൽ അഞ്ചെണ്ണം ജയിച്ചു. ഷൂട്ടൗട്ടിലേക്ക് നീണ്ട കളികളിൽ കായികക്ഷമതയും ഏകാഗ്രതയും തെളിയിച്ചു. 

2
ഒമ്പത് കളികളിൽ രണ്ട് ഗോൾ മാത്രമാണ് ഇന്ത്യ വഴങ്ങിയത്. കുവൈത്തിന്റെ ശബയ്ബ് അൽഖാലിദിക്കു മാത്രമേ നിശ്ചിത സമയത്ത് ഇന്ത്യൻ ഗോളിയെ കീഴടക്കാൻ സാധിച്ചിരുന്നുള്ളൂ, ഒമ്പതാമത്തെ മത്സരത്തിൽ. മറ്റൊന്ന് കുവൈത്തിനെതിരായ ഗ്രൂപ്പ് മത്സരത്തിൽ സെൽഫ് ഗോളായിരുന്നു.  

5
സുനിൽ ഛേത്രിക്കു ശേഷം ആര് എന്ന ചോദ്യമാണ് ഇന്ത്യൻ ടീം എപ്പോഴും നേരിടുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ നവോറം മഹേഷ് സിംഗ് ഇന്ത്യൻ ടീമിനു വേണ്ടി ഗോൾ വേട്ട തുടങ്ങി. സഹൽ അബ്ദുൽസമദും ഉദാന്ത സിംഗും സ്‌കോർ ചെയ്തു. ലാലിൻസുവാല ചാംഗ്‌ടെ മൂന്നു തവണ ലക്ഷ്യം കണ്ടു. ഒപ്പം പ്രായം തളർത്താത്ത പോരാളി ഛേത്രിയും. 

7
85 ഇന്റർനാഷനൽ ഗോളുമായാണ് സുനിൽ ഛേത്രി ജൂൺ തുടങ്ങിയത്. ഇപ്പോൾ അത് 92 ലെത്തി നിൽക്കുന്നു. സാഫ് ചാമ്പ്യൻഷിപ്പിലെ മികച്ച കളിക്കാരൻ കൂടിയാണ് ഛേത്രി. സാഫ് ചാമ്പ്യൻഷിപ്പിൽ മൂന്നാം തവണയാണ് ഛേത്രി ഗോൾഡൻ ബൂട്ട് നേടുന്നത്. 

9
സാഫ് ചാമ്പ്യൻഷിപ് ഇന്ത്യയുടെ തട്ടകമാണ്. ഒരിക്കൽ കൂടി ഇന്ത്യ ആധിപത്യമുറപ്പിച്ചിരിക്കുന്നു. ഒമ്പതാം തവണയാണ് ഇന്ത്യ സാഫ് ചാമ്പ്യന്മാരായത്. സെയ്ദ് നഈമുദ്ദീൻ, സുഖ്‌വീന്ദർ സിംഗ്, ഇഗോർ സ്റ്റിമാച് എന്നിവർ ഒന്നിലേറെ തവണ സാഫ് കിരീടം നേടിയ കോച്ചുമാരായി. 

12
ഒരു മാസത്തിനിടെ ഒമ്പത് കളികളിൽ ഇന്ത്യ 12 ഗോളടിച്ചു. എന്നാൽ ഇന്ത്യൻ കളിക്കാരുടെ കൃത്യത ആശങ്കപ്പെടുത്തുന്നതാണ്. 75 ഷോട്ടുകളാണ് സാഫ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ പായിച്ചത്. ഗോളായത് എട്ടെണ്ണം മാത്രം. 

22
ജയിക്കാൻ മാത്രമല്ല ഇന്ത്യൻ ടീം ശ്രമിച്ചത്. കളിക്കാർക്ക് അവസരം നൽകാനും പരീക്ഷിക്കാനും കൂടിയാണ്. മൂന്നാം ഗോളി ഗുർമീത് സിംഗ് ഒഴികെ എല്ലാവരും കളത്തിലിറങ്ങി. 22 കളിക്കാരെയാണ് കളിപ്പിച്ചത്. പരിക്കേറ്റ മൻവീർ സിംഗ്, സുരേഷ് സിംഗ് വാംഗ്ജാം, നവോറെം റോഷൻ സിംഗ് എന്നിവരും തിരിച്ചെത്തുന്നതോടെ ടീം കൂടുതൽ കരുത്തുറ്റതാകും. 

100
ഫിഫ റാങ്കിംഗിൽ ഇന്ത്യ ഇപ്പോൾ നൂറാം സ്ഥാനത്താണ്. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ മെച്ചപ്പെട്ട ഗ്രൂപ്പ് കിട്ടുകയാണ് ഈ രണ്ട് ടൂർണമെന്റുകളിലൂടെ ഇന്ത്യ ലക്ഷ്യമിട്ടത്. ലെബനോനെ മറികടക്കാൻ ഇന്ത്യക്കു സാധിച്ചു. 

Latest News