ഒരു കാലത്ത് എതിർ ടീമുകൾക്ക് പേടിസ്വപ്‌നമായിരുന്നു വെസ്റ്റിൻഡീസ്. ആദ്യ രണ്ട് ലോകകപ്പിൽ ചാമ്പ്യന്മാരായ വെസ്റ്റിൻഡീസിന്റെ അപചയം തുടങ്ങിയത് 1983 ലെ മൂന്നാമത്തെ ലോകകപ്പിൽ ഇന്ത്യയോട് ഫൈനൽ തോറ്റ ശേഷമാണ്. ഒക്ടോബറിൽ ഇന്ത്യയിൽ ആരംഭിക്കുന്ന ലോകകപ്പിൽ ആദ്യമായി വെസ്റ്റിൻഡീസിന് സ്ഥാനമില്ല. അതേക്കുറിച്ച് മുൻ വെസ്റ്റിൻഡീസ് പെയ്‌സ്ബൗളർ ഇയാൻ ബിഷപ് പ്രതികരിക്കുന്നു.
ചോ: വെസ്റ്റിൻഡീസ് ക്രിക്കറ്റിന്റെ പ്രതാപകാലത്ത് വളർന്നയാളാണ് താങ്കൾ, അഭിമാനത്തോടെ ആ തൊപ്പി പിന്നീട് ധരിച്ചു, സമീപകാലത്ത് കമന്റേറ്ററെന്ന നിലയിൽ അവരുടെ പ്രകടനം നിരീക്ഷിച്ചു. വെസ്റ്റിൻഡീസ് ഇല്ലാത്ത ലോകകപ്പിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?
ഉ: ദുഃഖ ദിനമാണ് ഇത്. വെസ്റ്റിൻഡീസ് ഇല്ലാത്ത ലോകകപ്പ് ആലോചിക്കാൻ പോലും വയ്യ. വെസ്റ്റിൻഡീസ് ആരാധകരുടെ വേദനയാണ് ഞാൻ പങ്കുവെക്കുന്നത്. ഇപ്പോഴും വിൻഡീസിന് ഒരുപാട് ആരാധകരുണ്ട്. 2021 ലെ ട്വന്റി20 ലോകകപ്പിലെ നിരാശ, 2022 ലെ ട്വന്റി20 ലോകകപ്പിന്റെ മുഖ്യ റൗണ്ടിൽ പ്രവേശിക്കാനാവാതിരുന്നത്, ഇപ്പോൾ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ആദ്യമായി പങ്കെടുക്കാനാവാത്തത്...വെസ്റ്റിൻഡീസ് ക്രിക്കറ്റിന്റെ വർത്തമാനകാല യാഥാർഥ്യമാണ് ഇത്. അസോസിയേറ്റ് ടീമുകൾ പോലും അനായാസം വിൻഡീസിനെ തോൽപിക്കുന്നു. ഇതിൽനിന്ന് കരകയറാൻ വലിയ ശ്രമം ആവശ്യമുണ്ട്. ഇപ്പോഴും നല്ല കളിക്കാരുണ്ട്, പക്ഷേ അവർക്ക് അവസരവും കഴിവ് തെളിയിക്കാൻ വലിയ സ്റ്റെയ്ജും വേണം.
ചോ: സമീപകാല പ്രകടനങ്ങൾ വിലയിരുത്തുമ്പോൾ ഈ ഒരു സാധ്യത പ്രതീക്ഷിച്ചിരുന്നുവോ? ഇത് ഒഴിവാക്കാനാവുമെന്ന് കരുതുന്നുവോ?
ഉ: ക്രമാനുഗതമായ പതനം തന്നെയാണ് ഇത്. ഈ കളിക്കാരുടെ മാത്രം കുറ്റമല്ല. ഏതാണ്ട് ഒരു പതിറ്റാണ്ടോളമായി മുൻനിര ടീമുകൾക്കെതിരെ ഏകദിന ക്രിക്കറ്റിൽ സ്ഥിരതയോടെ നെഞ്ചുയർത്തി പൊരുതാനാവുന്നില്ല. ട്വന്റി20യിൽ രണ്ടു തവണ ലോക ചാമ്പ്യന്മാരായ ശേഷം പിറകോട്ടു പോയി. ദീർഘവീക്ഷണമില്ലാത്ത കോർപറേറ്റ് കമ്പനിയെ പോെലയാണ് ഇപ്പോൾ വെസ്റ്റിൻഡീസ്. മാറ്റത്തെക്കുറിച്ച ചിന്ത ഇല്ലെന്നല്ല. ഈ അവസ്ഥയിൽ നിന്ന് കരകയറാൻ എല്ലാവരും ഒത്തു ശ്രമിച്ചേ പറ്റൂ.
ചോ: ഈ പ്രതിസന്ധി ഘട്ടത്തിലെങ്കിലും എല്ലാവരും ഐക്യപ്പെടുമെന്ന് കരുതുന്നുണ്ടോ? ഉദാഹരണത്തിന് ഷിംറോൺ ഹെത്മയറിന്റെ കാര്യം. അയാൾ ടീമിന് പുറത്തിരിക്കുന്നത് ആർക്കും ഗുണമുള്ളതല്ല. ഹെത്മയറിന് മാത്രമല്ല, മറ്റു പല കളിക്കാർക്കും വിൻഡീസിന് കളിക്കാൻ താൽപര്യമില്ലേ?
ഉ: ചിലർക്ക് താൽപര്യമില്ലെന്നു തന്നെയാണ് കരുതേണ്ടത്. അത് മനസ്സിലാക്കാവുന്നതേയുള്ളൂ. ട്വന്റി20 ഫ്രാഞ്ചൈസി ക്രിക്കറ്റ് വ്യാപകമായതോടെയാണ് ഈ സ്ഥിതി സംജാതമായത്. മികച്ച കളിക്കാർക്കായി എല്ലാ വശത്തു നിന്നും പിടിവലിയുണ്ടാവും. അത് നേരിടുക എളുപ്പമല്ല. എനിക്ക് തന്നെ പൂർണമായ ഉത്തരമില്ല. മികച്ച കളിക്കാരെ കണ്ടെത്തുകയും വളർത്തിയെടുക്കുകയുമാണ് വേണ്ടത്. ഇപ്പോഴും നല്ല യുവ കളിക്കാരുണ്ട് -ജെയ്ദൻ സീൽസ്, അലിക് അത്തനാസെ, കെവിൻ വിക്കാം തുടങ്ങി പലരും. അവരെ വളർത്തിയെടുക്കുകയും വിൻഡീസ് ടീമിൽ നിലനിർത്തുകയും ചെയ്യുകയാണ് വെല്ലുവിളി. നല്ല പിച്ചുകളും നല്ല സൗകര്യങ്ങളും ഒരുക്കാൻ ശ്രമം നടക്കുന്നുണ്ട്. ഇതിനൊക്കെ വേഗം കൂട്ടേണ്ടതുണ്ട്.
ചോ: വെസ്റ്റിൻഡീസ് ക്രിക്കറ്റിന്റെ പ്രൗഢമായ ചരിത്രം താങ്കളെപ്പോലുള്ളവർക്ക് പ്രചോദനമായിരുന്നു. ഇപ്പോഴത്തെ കളിക്കാർക്കും ആരാധകർക്കും ആ ചരിത്രബോധമില്ലെന്ന് തോന്നുന്നുണ്ടോ? വ്യത്യസ്ത രാജ്യങ്ങളിലുള്ള കളിക്കാർ വെസ്റ്റിൻഡീസ് എന്ന ഒരു കുടക്കീഴിൽ കളിക്കുന്നതിന്റെ വികാരം ഇപ്പോഴുമുണ്ടെന്ന് വിശ്വസിക്കുന്നുണ്ടോ?
ഉ: അക്കാലം വേറെയായിരുന്നു. വീവിയൻ റിച്ചാഡ്‌സിനെയും ഗോർഡൻ ഗ്രീനിഡ്ജിനെയും ഡെസ്മണ്ട് ഹെയ്ൻസിനെയും ക്ലൈവ് ലോയ്ഡിനെയുമൊക്കെ പ്രചോദിപ്പിച്ച ഘടകങ്ങൾ കളി വ്യാപകമായതോടെ അലിഞ്ഞു പോയി. ഇന്ന് പണവും പ്രതാപവുമാണ് കളിക്കാർക്ക് വേണ്ടതെങ്കിൽ, കാലത്തിനൊപ്പം സഞ്ചരിക്കണം. അവർക്ക് സ്വീകാര്യമായ സാഹചര്യം സൃഷ്ടിക്കണം. അറുപതുകളിലും എഴുപതുകളിലും കളിക്കാർക്ക് പ്രചോദനമായ ഘടകങ്ങൾ അതേ രീതിയിൽ പുതിയ നൂറ്റാണ്ടിലും വേണമെന്ന് കരുതാനാവില്ല. പുതിയ കളിക്കാരെ പ്രചോദിപ്പിക്കുന്ന ഘടകങ്ങൾ കണ്ടെത്തുകയാണ് വേണ്ടത്. കാരണം ഇപ്പോഴും പല കളിക്കാർക്കും വെസ്റ്റിൻഡീസിനെ പ്രതിനിധീകരിക്കുകയെന്നത് സ്വപ്‌നമാണ്. എന്നാൽ അതിൽ മുൻകാലത്തെപ്പോലെ വലിയ പ്രതിഭകളില്ല.
ചോ: വെസ്റ്റിൻഡീസിലെ ക്രിക്കറ്റ് ഭരണം അത്ര എളുപ്പമല്ല. കരീബിയൻ ക്രിക്കറ്റിനെ ഭരിക്കുന്നവർക്ക് മുന്നിൽ എന്തെങ്കിലും നിർദേശം വെക്കാനുണ്ടോ?
ഉ: ഒരിക്കൽ കൂടി പറയട്ടെ, എല്ലാ ഉത്തരങ്ങളുമായാണ് ഞാൻ നിൽക്കുന്നത് എന്ന് കരുതരുത്. എന്നാലും ചില നിർദേശങ്ങളുണ്ട്. വെസ്റ്റിൻഡീസ് എന്ന കൂട്ടായ്മയിലെ നിരവധി രാജ്യങ്ങൾ സ്വന്തം ഇടം കണ്ടെത്താൻ ശ്രമിക്കുന്നത് എപ്പോഴും വെല്ലുവിളിയായിരുന്നു. അത് വലിയ ഭിന്നതയായി മാറുന്നതാണ് കഴിഞ്ഞ കുറെ വർഷങ്ങളായി കാണുന്നത്. ഇന്ന് അസോസിയേറ്റ് ടീമുകൾ പോലും വെസ്റ്റിൻഡീസിനെ ഭയപ്പെടുന്നില്ല. എങ്ങനെയാണ് കോച്ചിംഗ് സംവിധാനം മെച്ചപ്പെടുത്താനാവുക, മികച്ച ഫ്രാഞ്ചൈസി ക്രിക്കറ്റ് വളർത്തിയെടുക്കാനാവുക? അത് എങ്ങനെ സാധിക്കുമെന്നറിയില്ല. എന്നാൽ സാധിച്ചേ പറ്റൂ. ട്രിനിഡാഡും ജമൈക്കയുമൊക്കെ വെവ്വേറെ ടീമായി മാറുന്നത് പ്രായോഗികമേയല്ല.
ക്യാപ്റ്റന്മാരെയും കോച്ചുമാരെയും അടിക്കടി മാറ്റുകയാണ്. ഇനിയെങ്കിലും അവർക്ക് നിലയുറപ്പിക്കാൻ കുറച്ച് സമയം നൽകണം. പിന്തുണ നൽകണം. ചെറിയ വിഭവങ്ങൾ കൊണ്ടാണ് സിംബാബ്‌വെയിലെ ക്രിക്കറ്റ് മുന്നോട്ടു പോവുന്നത്. ഒന്നു ശ്രമിച്ചാൽ വെസ്റ്റിൻഡീസിനും അത് സാധിക്കാവുന്നതേയുള്ളൂ.
ചോ: ഷായ് ഹോപ് ക്യാപ്റ്റനും ഡാരൻ സാമി കോച്ചുമായിട്ട് കുറച്ചുകാലമേ ആയുള്ളൂ. അവരെ പിന്തുണക്കണമെന്നാണോ പറയുന്നത്? ഈ ദുരന്തത്തിനു ശേഷം അവരുടെ രാജിക്ക് മുറവിളി ഉയരുകയാണ്.
ഉ: ഈ ദുരന്തത്തിന് അവരല്ല കാരണക്കാർ. വ്യക്തികളല്ല, വ്യവസ്ഥയാണ് മാറേണ്ടത്. ഈ ദുരന്തം ക്രമേണ സംഭവിച്ചതാണ്. പറ്റിയ വ്യക്തികളാണെന്നു കണ്ടെത്തി ചുമതലയേൽപിച്ചവരോട് ചോദ്യങ്ങൾ ചോദിച്ചുകൊണ്ടു തന്നെ പിന്തുണക്കണം. മുൻകാല കളിക്കാരും സ്വയം ചോദിക്കണം, ഈ പതനത്തിലേക്ക് നയിച്ച ഘടകങ്ങളൊന്തൊക്കെയാണെന്ന്.
ചോ: വലിയ വീഴ്ചയുണ്ടായാലേ കരകയറാനുള്ള ഗൗരവമായ ശ്രമങ്ങളുണ്ടാവൂ എന്ന് പറയുന്നവരുണ്ട്. ഇത് ഉണർത്തുപാട്ടാണോ? ശരിയായ പ്രതികരണങ്ങൾ ഉണ്ടാവുമോ?
ഉ: മാറ്റങ്ങൾ സംഭവിക്കാൻ ഇത്ര വലിയ പതനം ആവശ്യമാണെന്നൊന്നും കരുതുന്നില്ല. 2018 ലും കഷ്ടിച്ചാണ് വെസ്റ്റിൻഡീസ് ലോകകപ്പിന് യോഗ്യത നേടിയത്. അതു തന്നെ ഉണർത്തു പാട്ടാവേണ്ടതായിരുന്നു. അതിനാൽ കൂടുതൽ ഒത്തൊരുമയോടെയുള്ള പ്രവർത്തനമാണ് വേണ്ടത്. ശരിയായ ആളുകളെ കണ്ടെത്തിക്കഴിഞ്ഞാൽ അവർക്ക് ആവശ്യമായ സമയം അനുവദിക്കണം. ഇപ്പോഴും എനിക്ക് പ്രതീക്ഷയുണ്ട്. കാരണം താഴേത്തട്ടിലുള്ള മികച്ച കളിക്കാരെ എനിക്കറിയാം. മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള അവരുടെ അദമ്യമായ ആഗ്രഹം അനുഭവിച്ചിട്ടുണ്ട്. അവരെ വളർത്തിയെടുക്കുകയെന്നതാണ് പ്രധാനം. അത് വലിയ റോക്കറ്റ് സയൻസൊന്നുമല്ല.
ചോ: ലോകകപ്പിൽ സ്ഥാനം ലഭിക്കാത്തത് കരീബയയിൽ ക്രിക്കറ്റിന്റെ പ്രചാരം കൂടുതൽ ഇടിയാൻ കാരണമാവുമെന്ന് ആശങ്കിക്കുന്നവരോട് എന്താണ് പറയാനുള്ളത്?
ഉ: ടെസ്റ്റുകളിൽ ഹോം മത്സരങ്ങളിൽ ഇപ്പോഴും വെസ്റ്റിൻഡീസ് പിടിച്ചുനിൽക്കുന്നുണ്ട്. അത് ആരാധകർക്ക് പ്രതീക്ഷ നൽകും. എന്നാൽ കരീബിയയിലെ മറ്റു പ്രദേശങ്ങളിലെയും വിൻഡീസ് ആരാധകരുടെ ദുഃഖം എനിക്ക് മനസ്സിലാക്കാനാവും. അവരോട് ഒന്നേ പറയാനുള്ളൂ, എന്റെ ചെറിയ സ്വാധീന വൃത്തത്തിൽ ചെയ്യാനാവുന്നതെല്ലാം ചെയ്യും. ഈ പിഴവ് തിരുത്താൻ ആത്മാർഥമായി ശ്രമിക്കുന്ന കുറച്ചു പേരെങ്കിലുമുണ്ട്. അവരോട് സംസാരിക്കാൻ സാധിക്കുമെങ്കിൽ, അവരോടൊപ്പം ചേർന്ന് കളിക്കാർക്ക് വിജയിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കും. എല്ലാവർക്കും സ്വപ്‌ന ലോകത്തെത്താനാവണമെന്നില്ല. എന്നാൽ അതാഗ്രഹിക്കുന്നവർക്ക് വിൻഡീസ് ക്രിക്കറ്റ് അതർഹിക്കുന്ന ഉയരങ്ങളിലെത്താനുള്ള വഴിയൊരുക്കും.
ചോ: ആ ദിനം സമീപസ്ഥമാണെന്ന ശുഭപ്രതീക്ഷയുണ്ടോ?
ഉ: എൺപതുകളിലും തൊണ്ണൂറുകളുടെ ആദ്യ പകുതിയിലും ആധിപത്യം പുലർത്തിയതു പോലെ വിൻഡീസിന് ഇനി ലോകകപ്പ് ഭരിക്കാൻ കഴിയില്ല. മറ്റു ടീമുകൾ ഏറെ മെച്ചമാണ്. കരീബിയൻ ക്രിക്കറ്റിന് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ട്. സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോയ ശേഷം സിംബാബ്‌വെ ഉയർത്തെഴുന്നേറ്റിട്ടുണ്ട്. അതിനേക്കാൾ മെച്ചപ്പെടാനുള്ള സാധ്യത വെസ്റ്റിൻഡീസിനുണ്ട്.