വേര്‍പെടുത്തിയ സയാമിസ് ഇരട്ടകളെ സന്ദര്‍ശിച്ച് അല്‍റബീഅ; കുട്ടികളുടെ നില ഭദ്രം

റിയാദ് - ശിരസ്സുകള്‍ ഒട്ടിപ്പിടിച്ച നിലയില്‍ പിറക്കുകയും രണ്ടാഴ്ച മുമ്പ് അതിസങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ വിജയകരമായി വേര്‍പ്പെടുത്തുകയും ചെയ്ത ഈജിപ്ഷ്യന്‍ സയാമിസ് ഇരട്ടകളായ സല്‍മയെയും സാറയെയും റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയിഡ് ആന്റ് റിലീഫ് സെന്റര്‍ സൂപ്പര്‍വൈസര്‍ ജനറലും ഓപ്പറേഷന് നേതൃത്വം നല്‍കിയ ഡോക്ടറുമായ അബ്ദുല്ല അല്‍റബീഅ സന്ദര്‍ശിച്ചു.
റിയാദ് കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റി കിംഗ് അബ്ദുല്ല ചില്‍ഡ്രന്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളെ വെള്ളിയാഴ്ചയാണ് ഡോ. അബ്ദുല്ല അല്‍റബീഅ സന്ദര്‍ശിച്ചത്. കുട്ടികളുടെ ആരോഗ്യനില ഭദ്രമായിട്ടുണ്ട്. ഇരുവരെയും ചികിത്സിക്കുന്ന മെഡിക്കല്‍ സംഘം നടത്തുന്ന ശ്രമങ്ങളെ ഡോ. അബ്ദുല്ല അല്‍റബീഅ പ്രശംസിച്ചു.
ജൂണ്‍ 22 ന് ആണ് സല്‍മയെയും സാറയെയും ഓപ്പറേഷനിലൂടെ വേര്‍പ്പെടുത്തിയത്. അവസാന ഘട്ടത്തില്‍ നടത്തിയ പതിനേഴു മണിക്കൂര്‍ നീണ്ട അതിസങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെയാണ് ഇരുവരെയും വിജയകരമായി വേര്‍പ്പെടുത്തിയത്. 31 അംഗ മെഡിക്കല്‍ സംഘമാണ് കുട്ടികള്‍ക്ക് അവസാന ഘട്ട വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ നടത്തിയത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ നിര്‍ദേശാനുസരണം 2021 നവംബര്‍ 23 ന് ആണ് പരിശോധനകള്‍ക്കും വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്കുള്ള സാധ്യത പഠിക്കാനും ഈജിപ്ഷ്യന്‍ സയാമിസ് ഇരട്ടകളെ റിയാദിലെത്തിച്ചത്. പരിശോധനയില്‍ കുട്ടികളുടെ മസ്തിഷ്‌കവും മസ്തിഷ്‌കത്തിന് ചുറ്റുമുള്ള വെനസ് സൈനസുകളും പരസ്പരം ഒട്ടിപ്പിടിച്ച നിലയിലാണെന്ന് വ്യക്തമായി.
പീഡിയാട്രിക് ന്യൂറോസര്‍ജന്‍ ഡോ. മുഅ്തസം അല്‍സഅബിയുടെയും പ്ലാസ്റ്റിക് സര്‍ജറി വിദഗ്ധന്‍ ഡോ. മുഹമ്മദ് അല്‍ഫൗസാന്റെയും പീഡിയാട്രിക് അനസ്‌തേഷ്യ വിദഗ്ധന്‍ ഡോ. നിസാര്‍ അല്‍സുഗൈബിയുടെയും നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം മസ്തിഷ്‌കവും തലച്ചോറിന് ചുറ്റുമുള്ള വെനസ് സൈനസുകളും വേര്‍പ്പെടുത്താന്‍ ആഴ്ചകളുടെയും മാസങ്ങളുടെയും ഇടവേളകളില്‍ നാലു വേറിട്ട ശസ്ത്രക്രിയകള്‍ കുട്ടികള്‍ക്ക് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. കൂടാതെ പ്ലാസ്റ്റിക് സര്‍ജറിയിലൂടെ ചര്‍മം നീട്ടാനുള്ള മൂന്നു ഓപ്പറേഷനുകളും നടത്തി. തലച്ചോറ് വേര്‍പ്പെടുത്താനുള്ള നാലു ഓപ്പറേഷനുകള്‍ ആകെ 57 മണിക്കൂര്‍ നീണ്ടു. ഇതില്‍ ഒടുവിലത്തെതായിരുന്നു ജൂണ്‍ 22 ന് നടത്തിയ 17 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ. സയാമിസ് ഇരട്ടകളുടെ വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയാ മേഖലയില്‍ ആഗോള തലത്തില്‍ മുന്‍നിര സ്ഥാനമുള്ള സൗദി അറേബ്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് സയാമിസ് ഇരട്ടകള്‍ക്ക് ഇത്രയും സങ്കീര്‍ണമായ വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ നടത്തുന്നത്.

 

Latest News