സോഫ്റ്റ് വെയര്‍ റൈറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രധാനി അറസ്റ്റില്‍

കൊച്ചി- സോഫ്റ്റ് വെയര്‍ റൈറ്റ് തട്ടിപ്പിലൂടെ ലക്ഷങ്ങള്‍ കവര്‍ന്ന കേസിലെ പ്രധാന പ്രതി അറസ്റ്റില്‍. കണ്ണൂര്‍ കയാനി ഷുറൂക്ക് മഹലില്‍ ഉബൈസ് (32)നെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വര സ്വദേശിക്കാണ് ലക്ഷങ്ങള്‍ നഷ്ടമായത്. ഹെല്‍ത്ത് കെയര്‍ ഇന്‍ഡസ്ട്രി ബിസിനസ് നടത്തുന്ന ആളാണെന്നാണ് ഇയാള്‍ പരിചയപ്പെടുത്തിയിരുന്നത്. ഇയാളുടെ സുഹൃത്തുക്കള്‍ക്ക്  ഏ.ആര്‍ ആംബുലന്‍സ് സോഫ്റ്റ് വെയറിന്റെ പേറ്റന്റ് റൈറ്റ് ഉണ്ടെന്ന് വിശ്വസിപ്പിച്ചു. ഇതിന്റെ സ്വത്തവകാശം ലണ്ടനിലുള്ള കമ്പനിക്ക് വില്‍ക്കാമെന്ന് പറഞ്ഞു. ഇതിന്റെ പേറ്റന്റ് അവകാശമുള്ളവരില്‍ നിന്ന് റൈറ്റ് എഴുതി വാങ്ങാന്‍ മൂന്ന് കോടി രൂപ ആവശ്യമുണ്ടെന്നും. ഇതില്‍ രണ്ട് കോടി അറുപത്തിമൂന്ന് ലക്ഷം രൂപ സ്വരൂപിച്ചിട്ടുണ്ടെന്നും, ബാക്കി വരുന്ന 37 ലക്ഷം രൂപ മുടക്കിയാല്‍ കോടികള്‍ ലാഭമുണ്ടാക്കാമെന്നും തട്ടിപ്പുസംഘം ചൊവ്വര സ്വദേശിയെ വിശ്വസിപ്പിച്ചു. തുടര്‍ന്ന് 25 ലക്ഷം രൂപ നല്‍കിയെങ്കിലും സോഫ്റ്റ് വെയര്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക്ക് നല്‍കാതെ പറ്റിക്കുകയായിരുന്നു. സംഘത്തിലുള്ളവര്‍ പ്രശസ്ത ഐ ടി കമ്പനിയുടെ പ്രതിനിധികളാണെന്ന് പറഞ്ഞ് ആള്‍മാറാട്ടം നടത്തിയാണ് തട്ടിപ്പു നടത്തിയത്. ഇന്‍സ്‌പെക്ടര്‍ എന്‍.എ അനൂപ്, എസ്.സി.പി. ഒ കെ.എസ് സുമേഷ്, സി.പി. ഒമാരായ ഷിജോ പോള്‍ , രജിത്ത് രാജന്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

 

 

 

Latest News