തിരുവനന്തപുരം - അതിതീവ്ര മഴയെത്തുടർന്ന് സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെയും മാഹിയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, പത്തനംതിട്ട, കാസർകോട്, കോട്ടയം, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചത്.
കണ്ണൂർ സർവ്വകലാശാല, സാങ്കേതിക സർവകലാശാല എന്നിവ വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകളും മാറ്റി. ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ, കാർത്തികപ്പള്ളി, കുട്ടനാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്ക് പരിധിയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് മലപ്പുറം ജില്ലാ കലക്ടർ അറിയിച്ചു. യൂണിവേഴ്സിറ്റി പരീക്ഷകൾ, പി.എസ്.സി പരീക്ഷകൾ എന്നിവ മുൻനിശ്ചയപ്രകാരം നടക്കും. അങ്കൺവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും മദ്രസകൾക്കും അവധി ബാധകമാണ്. മറ്റ് താലൂക്കുകളിൽ വെള്ളക്കെട്ട് കാരണം കുട്ടികൾക്ക് എത്തിപ്പെടാൻ പ്രയാസമുള്ള സ്ഥലങ്ങളിൽ സ്കൂളുകൾക്ക് പ്രാദേശിക അവധി നൽകാൻ വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തിയതായും കലക്ടർ വ്യക്തമാക്കി.






