യൂറോപ്യന്‍ കോടതിയില്‍ മെറ്റയ്ക്ക് തിരിച്ചടി

ബര്‍ലിന്‍- അനധികൃതമായി ഉപയോക്താക്കളുടെ ഡാറ്റ ഉപയോഗിക്കുന്നതു തടയുന്നത് സംബന്ധിച്ച ജര്‍മന്‍ ആന്റിട്രസ്റ്റ് കേസില്‍ മെറ്റ- ഫേസ്ബുക്കിന് യൂറോപ്യന്‍ യൂണിയന്‍ പരമോന്നത കോടതിയില്‍ തിരിച്ചടി. പരസ്യ ആവശ്യങ്ങള്‍ക്ക് ഫേസ്ബുക്ക് ഉപയോക്താക്കളുടെ ഡാറ്റ ഉപയോഗിക്കുന്നതില്‍ കോടതി കമ്പനിക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തി. ഫേസ്ബുക്ക് പോലെയുള്ള കമ്പനികള്‍ യൂറോപ്പിന്റെ സ്വകാര്യത നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് വിലയിരുത്താനുള്ള അധികാരം കോംപറ്റീഷന്‍ റെഗുലേറ്റര്‍മാര്‍ക്കുണ്ടെന്ന് യൂറോപ്യന്‍ കോടതി ബെഞ്ച് വ്യക്തമാക്കി.

കോടതിയുടെ തീരുമാനം വിശകലനം ചെയ്യുകയാണെന്നും ഇതുമായി ബന്ധപ്പെട്ട് പിന്നീട് അഭിപ്രായം അറിയിക്കുമെന്നും മെറ്റ അധികൃതര്‍ പറഞ്ഞു. മെറ്റയുടെ ബിസിനസ് മോഡലിന് ഭീഷണിയായേക്കാവുന്ന 2019ലെ ജര്‍മന്‍ ആന്റി ട്രസ്റ്റ് കേസ് കോടതി ശരിവെച്ചു. ഇന്‍സ്റ്റഗ്രാം, വാട്‌സ് ആപ്പ്, എന്നിവയുള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ ഉപയോക്താക്കളുടെ പ്രവര്‍ത്തന രീതിയില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ച ശേഷം പ്രസ്തുത ഡാറ്റയുടെ അടിസ്ഥാനത്തില്‍ പരസ്യം നല്‍കുന്നത് ഇതില്‍ ഉള്‍പ്പെട്ടിരുന്നു. ജര്‍മന്‍ വിധിക്കെതിരെ മെറ്റ അപ്പീല്‍ നല്‍കിയിരുന്നു.

പ്രധാന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുടെ ആധിപത്യം കുറയ്ക്കാനുള്ള ശ്രമത്തില്‍ യൂറോപ്പ് ഏറെ മുന്നില്‍ നില്‍ക്കുന്നുണ്ട്. അടുത്ത മാസത്തോടെ ഈ മേഖലയില്‍ പുതിയ മാനദണ്ഡങ്ങള്‍ നിലവില്‍ വരും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട വിഷയങ്ങളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്.

Latest News