Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഡെങ്കിപ്പനിയും എലിപ്പനിയും; ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

കോഴിക്കോട് - മഴക്കെടുതികൾക്കൊപ്പം കേരളത്തിൽ ഡെങ്കിപ്പനി, എലിപ്പനി തുടങ്ങി പകർച്ചപ്പനികളും വൻ തോതിൽ കൂടുന്നതായാണ് റിപ്പോർട്ടുകൾ. ആശുപത്രികളിൽ പലേടത്തും നീണ്ട ക്യാവാണ് അനുഭവപ്പെടുന്നത്.
 അതിനാൽ, രോഗം പടരാതിരിക്കാനും രോഗബാധയെ പ്രതിരോധിക്കാനുമുള്ള മുൻകരുതൽ ഏറെ പ്രധാനമാണ്. ഇതിന് നാം താമസിക്കുന്നതോ, സമയം ചെലവിടുന്നതോ ആയ പരിസരങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ച് സുരക്ഷിതമാണെന്ന് ഉറപ്പാക്കണം. 

ഡെങ്കിപ്പനി

കൊതുകുകൾ വഴിയാണ് ഡെങ്കിപ്പനി പടരുന്നത്. കൊതുകുജന്യ രോഗങ്ങളെ തടയാൻ നമ്മുടെ പരിസരം ശുചിയായി സൂക്ഷിക്കണം. എന്നാൽ, മഴ കനക്കുന്നതോടെ ഇതിനുള്ള സാഹചര്യം കുറയും. കൊതുകു കടിയേല്ക്കാതെ കഴിക്കുകയാണ് ഈ ഘട്ടത്തിൽ ഏറ്റവും ആവശ്യമായുള്ളത്. കൊതുകുശല്യമുള്ള വീടുകളോ കെട്ടിടങ്ങളോ ആണെങ്കിൽ കൊതുകിനെ തുരത്താനുള്ള എല്ലാ വഴികളും അവലംബിക്കണം. മാർക്കറ്റിൽ അതിന് പറ്റിയ പല ഉത്പന്നങ്ങളും ലഭ്യമാണ്.
 കൊതുകുശല്യം ഒഴിവാക്കാൻ വീട്ടിലെ ജനലുകൾക്കോ വാതിലുകൾക്കോ നെറ്റ് അടിക്കാൻ പറ്റുമെങ്കിൽ വളരെ നല്ലതാണ്. ഡെങ്കു വൈറസ് കൊതുകിലൂടെ ശരീരത്തിലെത്താതിരിക്കാൻ എത്രമാത്രം ശ്രദ്ധിക്കാമോ അതെല്ലാം പാലിക്കുക. 
 ഇനി രോഗബാധയുണ്ടായാൽ ലക്ഷണങ്ങൾ മനസിലാക്കി, ആദ്യമേ ചികിത്സ തേടാൻ മറക്കരുത്. ഡെങ്കിപ്പനി രണ്ട് രീതിയിൽ വരാം. ഒന്ന്, നിസ്സാരമായി വന്നുപോകാം. രണ്ട്, സങ്കീർണമാകാം. ചിലരിൽ നേരിയ രീതിയിൽ വന്ന് പിന്നീട് രോഗം സങ്കീർണമാകാം. ഡെങ്കിപ്പനിക്ക് പ്രത്യേകമായി ചികിത്സയില്ലാത്തതിനാൽ ഇതിന്റെ അനുബന്ധ പ്രശ്‌നങ്ങൾ ലഘൂകരിക്കാനാണ് ചികിത്സയെടുക്കുന്നത്. എന്തായാലും രോഗിയിൽ കാണുന്ന ലക്ഷണങ്ങളും മാറ്റങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതാണ്.
അസഹനീയമായ തളർച്ച, പനി, കണ്ണ് വേദന, ശരീരവേദന, തലവേദന, തൊലിപ്പുറത്ത് ചുവന്ന നിറത്തിലോ മറ്റോ പാടുകൾ, ഓക്കാനം, ഛർദ്ദി എന്നിവയെല്ലാം ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളായി കാണാം. ഗുരുതരമാകുന്ന സാഹചര്യത്തിൽ വയറുവേദന, കഠിനമായ ഛർദ്ദി (രണ്ടിലധികം തവണ), മൂക്കിൽനിന്നോ വായിൽനിന്നോ രക്തസ്രാവം, ഛർദ്ദിലിൽ രക്തം, മലത്തിൽ രക്തം, തളർച്ച താങ്ങാനാകാതെ വീണുപോകുന്ന അവസ്ഥ എന്നിവയെല്ലാം ലക്ഷണങ്ങളായി കാണാം. ഈ അവസ്ഥയിൽ അതിവേഗം രോഗിയെ ആശുപത്രിയിലേക്ക് മാറ്റുകയാണ് വേണ്ടത്.

എലിപ്പനി

 ശക്തമായ മഴയിൽ വിവിധ സ്ഥലങ്ങളിൽ എലിപ്പനിയും കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഡെങ്കിപ്പനിയെക്കാൾ മരണനിരക്ക് കൂടുതലുള്ളത് എലിപ്പനിയിലാണ്. വേണ്ട സമയത്ത് ചികിത്സയെടുക്കാത്തത് മൂലമാണ് പലപ്പോഴും രോഗി മരണത്തിന് കീഴടങ്ങുന്നത്. അതിനാൽ നിർബന്ധമായും രോഗലക്ഷണങ്ങൾ കണ്ടാൽ അടുത്തുള്ള ആശുപത്രിയിലെത്തി ചികിത്സ തേടണം. 
 മലിനജലത്തിലൂടെ വ്രണങ്ങളിലൂടെയും മറ്റും രോഗാണുക്കൾ ശരീരത്തിലെത്തിയാണ് അധികവും എലിപ്പനിയുണ്ടാകുന്നത്. അതിനാൽ വെള്ളക്കെട്ടുകളിൽ ഇറങ്ങിയാൽ തീർച്ചയായും  ശ്രദ്ധിക്കണം. എലിപ്പനിയെ പ്രതിരോധിക്കുന്നതാണ് ഡോക്‌സിസൈക്ലിൻ എന്ന മരുന്ന്. ഡോക്ടറുടെ നിർദേശാനുസരണം അവശ്യമായ മരുന്ന് കഴിക്കാൻ വൈകരുത്. രോഗബാധയുണ്ടായാൽ ലക്ഷണങ്ങളിലൂടെ അത് വളരെ പെട്ടെന്ന് മനസിലാക്കി ആശുപത്രിയിലെത്തി ചികിത്സ തേടലാണ് ഏറ്റവും അടിയന്തരമായ ചെയ്യേണ്ടത്.
 പനിക്ക് പുറമെ ഛർദ്ദി, തലവേദന, ശരീരത്തിൽ നീര്, തൊലിപ്പുറത്ത് മുഖക്കുരു പോലെ ചെറിയ കുരുക്കള്, അസഹനീയമായ ക്ഷീണം എന്നിവയെല്ലാം എലിപ്പനിയുടെ ലക്ഷണമായി വരാം. നിലവിലെ സാഹചര്യത്തിൽ പനി, തലവേദന, ക്ഷീണം, ഛർദ്ദി, ശരീരവേദന പോലുള്ള ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം ചികിത്സയ്ക്ക് പോകാതെ, ആശുപത്രിയിൽ പോയി ഡെങ്കി, എലിപ്പനി പരിശോധനകളെല്ലാം നടത്തുന്നതാണ് ഏറ്റവും ഉചിതം. ഭയപ്പെടാതെ, കരുതലോടെ മുന്നോട്ട് നീങ്ങിയാൽ ദു:ഖിക്കേണ്ടി വരില്ല. നല്ല ആരോഗ്യശീലത്തോടൊപ്പം ജാഗ്രതയോടെ രോഗങ്ങളെ അകറ്റാൻ കൂട്ടായ് ശ്രമിക്കാം.

Latest News