തിരുവനന്തപുരം - കേരളത്തിൽ കനത്ത മഴയെ തുടർന്ന് 64 ദുരിതാശ്വാസ ക്യാമ്പുകളിലായി 1154 പേരെ മാറ്റിപ്പാർപ്പിച്ചു. കാലവർഷക്കെടുതിയിൽ 14 വീടുകൾ പൂർണമായി തകർന്നു. 398 വീടുകൾക്കു കേടുപാടുകൾ പറ്റി. അതിശക്തമായ മഴ തുടരാനുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർമാർ വ്യാഴാഴ്ച അവധി നൽകിയിട്ടുണ്ട്.
ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് മഴക്കെടുതി രൂക്ഷം. പത്തനംതിട്ടയിൽ 27 ക്യാമ്പുകൾ തുറന്നു. 171 കുടുംബങ്ങളിലെ 581 പേരെ മാറ്റിപ്പാർപ്പിച്ചു. ആലപ്പുഴയിൽ ഏഴു ക്യാമ്പുകളിലായി 43 കുടുംബങ്ങളിലെ 150 പേരെയും കോട്ടയത്ത് 22 ക്യാമ്പുകളിലായി 83 കുടുംബങ്ങളിലെ 284 പേരെയും മാറ്റിപ്പാർപ്പിച്ചു. കോട്ടയം ജില്ലയിൽ ഒരു വീട് പൂർണമായും 30 വീടുകൾ ഭാഗികമായും തകർന്നു. ആലപ്പുഴയിൽ 112 വീടുകൾക്കും പത്തനംതിട്ടയിൽ 19 വീടുകൾക്കും ഭാഗിക നാശനഷ്ടമുണ്ടായി. ഇടുക്കിയിൽ മൂന്നു കുടുംബങ്ങളിലെ ഏഴുപേരെ മാറ്റിപ്പാർപ്പിച്ചു. 19 വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും തകർന്നു.
തൃശൂരിൽ മൂന്നും എറണാകുളത്ത് രണ്ടും മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഓരോ ക്യാമ്പുകളും തുറന്നു. എറണാകുളത്ത് 11 കുടുംബങ്ങളിലെ 31 പേരും തൃശൂരിൽ 15 കുടുംബങ്ങളിലെ 33 പേരും മലപ്പുറത്ത് 13 കുടുംബങ്ങളിലെ 66 പേരും കാസർഗോഡ് ഒരു കുടുംബത്തിലെ രണ്ടു പേരും ദുരിതാശ്വാസ ക്യാമ്പിലാണ്. തൃശൂരിൽ മൂന്നു വീടുകൾ പൂർണമായും 51 വീടുകൾ ഭാഗികമായും തകർന്നു. എറണാകുളത്ത് അഞ്ചു വീടുകൾ ഭാഗികമായി തകർന്നു. മലപ്പുറത്ത് 41 വീടുകൾ ഭാഗികമായും നാലു വീടുകൾ പൂർണമായും തകർന്നു. കാസർഗോഡ് 30 വീടുകൾ ഭാഗികമായും ഒരു വീടു പൂർണമായും തകർന്നതാണ് ഔദ്യോഗിക കണക്ക്. എന്നാൽ ഇതിലും കൂടുതൽ കെടുതികളും നാശനഷ്ടങ്ങളും വിവിധ ജില്ലകളിൽ ഉണ്ടായതായാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ നൽകുന്ന സൂചന.