വിജയ്- ലോകേഷ് ചിത്രം 'ലിയോ'യുടെ കേരള വിതരണാവകാശം ഗോകുലം മൂവിസിന് 

കൊച്ചി- ലോകേഷ് കനകരാജ് സംവിധാനത്തില്‍ ദളപതി വിജയ് നായകനായെത്തുന്ന ലിയോ സിനിമയുടെ കേരളാ വിതരണാവകാശം ഗോകുലം ഗോപാലന്റെ ഗോകുലം മൂവിസിന്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് ആണ് കേരളാ വിതരണ അവകാശത്തെ കുറിച്ചുള്ള അനൗണ്‍സ്മെന്റ് ട്വിറ്ററില്‍ നടത്തിയത്. 

ബ്രഹ്മാണ്ഡ ചിത്രം കേരളത്തില്‍ അവതരിപ്പിക്കുന്നത് സന്തോഷത്തോടെയും ഏറെ അഭിമാനത്തോടെയും ആണെന്നുള്ള കാര്യം അറിയിച്ചുകൊണ്ടുള്ള ഗോകുലം ഗോപാലന്റെ വീഡിയോ സന്ദേശത്തിലൂടെയാണ് കേരളത്തിലെ വിതരണാവകാശം ഔദ്യോഗികമായി നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. സുജിത് നായര്‍ നേതൃത്വം നല്‍കുന്ന ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണം നിര്‍വഹിക്കുന്നത്. 

ചുരുങ്ങിയ കാലം കൊണ്ട് ഗംഭീര ചിത്രങ്ങള്‍ ഒരുക്കി കേരളത്തില്‍ ഒരുപാട് ആരാധകരെ സൃഷ്ടിച്ച യുവ സംവിധായകനാണ് ലോകേഷ് കനകരാജ്. അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത കമല്‍ഹാസന്‍ ചിത്രം വിക്രം കേരളത്തിലും ബ്ലോക്ക് ബസ്റ്റര്‍ വിജയം നേടിയിരുന്നു. 

വിജയിന് പുറമേ സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, അര്‍ജുന്‍, മന്‍സൂര്‍ അലി ഖാന്‍ എന്നിവര്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ലോകേഷ് കനകരാജ് തന്നെയാണ്. മികച്ച ചിത്രങ്ങള്‍ കേരളത്തിലെ പ്രേക്ഷകരിലേക്കെത്തിച്ച ഗോകുലം മൂവീസിന്റെ മികച്ച പ്രൊമോഷന്‍ പരിപാടികള്‍ ലിയോക്കായി കേരളത്തിലുണ്ടാകും. വിജയുടെ പിറന്നാള്‍ ദിനത്തില്‍ റിലീസ് ചെയ്ത ഫസ്റ്റ് ലുക്കിനും ഞാന്‍ റെഡി താ സോങിനും ഗംഭീര പ്രേക്ഷക പിന്തുണ നേടിയെടുത്ത ചിത്രം 2023 ഒക്ടോബര്‍ 19ന് തിയേറ്ററുകളിലേക്കെത്തും. പി. ആര്‍. ഒ: പ്രതീഷ് ശേഖര്‍.

Latest News