2023 ലെ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിംഗ് അടുത്തിടെ പ്രസിദ്ധപ്പെടുത്തുകയുണ്ടായി. അഞ്ച് വിഭാഗങ്ങളിൽ വരുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിംഗിന്റെ തുടർച്ചയായ എട്ടാം പതിപ്പാണിത്. എൻ.ഐ.ആർ.എഫ് റാങ്കിംഗിൽ വരുന്ന സ്ഥാപനങ്ങൾ മൊത്തത്തിലും സർവകലാശാലകൾ, കോളേജുകൾ, ഗവേഷണ സ്ഥാപനങ്ങൾ, നവീകരണം എന്നിവയിലും കൂടാതെ, എട്ട് വിഷയ മേഖലകളും എൻജിനീയറിംഗ്, മാനേജ്മെന്റ്, ഫാർമസി, മെഡിക്കൽ, ഡെന്റൽ, നിയമം, വാസ്തുവിദ്യയും ആസൂത്രണവും, ഒപ്പം കൃഷിയും അനുബന്ധ മേഖലകളിലെ റാങ്കുകളുമാണ് പുറത്തുവിട്ടത്. അഞ്ചു പാരാമീറ്ററുകൾ അടിസ്ഥാനപ്പെടുത്തിയാണ് എൻ.ഐ.ആർ.എഫ് സ്ഥാപനങ്ങളുടെ ഗുണനിലവാരം കണക്കാക്കുന്നത്.
അധ്യാപനം, പഠനവും വിഭവങ്ങളും, ബിരുദ ഫലം; ഗവേഷണവും പ്രൊഫഷണൽ സമ്പ്രദായങ്ങളും, വ്യാപനം, ഉൾക്കൊള്ളൽ, പരിപ്രേക്ഷ്യം എന്നിവയിലും സ്ഥാപനങ്ങൾ നേടുന്ന മൊത്തം മാർക്കിന്റെ അടിസ്ഥാനത്തിലാണ് റാങ്കുകൾ നിശ്ചയിക്കുന്നത്. റാങ്ക് നിശ്ചയിക്കുവാൻ വിദ്യാഭ്യാസ മന്ത്രാലയം സ്വീകരിച്ചുവരുന്ന രീതിയെക്കുറിച്ചും തെരഞ്ഞെടുത്ത മാനദണ്ഡങ്ങളെക്കുറിച്ചുമുള്ള
വിമർശനങ്ങൾ എന്തു തന്നെയായാലും 2023 എൻ.ഐ.ആർ.എഫ് പതിപ്പും ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചു ലഭ്യമായ ഡാറ്റകളും സൂക്ഷ്മപരിശോധന നടത്തിയാൽ നയപരമായ ശ്രദ്ധ ആവശ്യപ്പെടുന്ന ചില ഗൗരവമുള്ള പ്രശ്നങ്ങൾ ഉയർത്തുന്നുണ്ട്.
പ്രശ്നങ്ങളിൽ ആദ്യത്തേത് സ്ഥാപനങ്ങളുടെ പങ്കാളിത്തമാണ്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് എൻ.ഐ.ആർ.എഫിന്റെ ഈ പതിപ്പിൽ 5543 സ്ഥാപനങ്ങളാണ്. റാങ്കിംഗിൽ പൊതുവായും സ്ഥാപനം തിരിച്ചുള്ള വിഭാഗത്തിലും ഡൊമെയ്ൻ വിഭാഗങ്ങളിലുമായി പങ്കെടുത്തത്. റാങ്കിംഗിനായി 8686 അപേക്ഷകളാണ് ഈ സ്ഥാപനങ്ങൾ സമർപ്പിച്ചത്. ഇന്ത്യയിലെ മൊത്തം സർവകലാശാലകളുടെയും കോളേജുകളുടെയും എണ്ണം പരിശോധിക്കുമ്പോഴാണ് പ്രശ്നങ്ങളുടെ ഗൗരവം കാണാനാവുന്നത്. 2021 ൽ നടത്തിയ ഉന്നത വിദ്യാഭ്യാസത്തെ സംബന്ധിച്ച അഖിലേന്ത്യ സർവേ പ്രകാരം 2020 -21 ൽ ഇന്ത്യയിൽ 1113 സർവകലാശാലകളും 43,796 കോളേജുകളുമുണ്ടായിരുന്നു. ഇത് സൂചിപ്പിക്കുന്നത് 12.3% മാത്രമാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപന റാങ്കിംഗ് പ്രക്രിയയിൽ പങ്കെടുത്തത് എന്നാണ്.
അവശേഷിക്കുന്ന 87.7% ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണ നിലവാരത്തെക്കുറിച്ച് ഏറെക്കുറെ ഒരു വിവരവും ഇല്ല എന്നത് വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്, പ്രത്യേകിച്ചും മനുഷ്യ വിഭവശേഷിയിലൂടെ നേട്ടം കൊയ്യാൻ ശ്രമിക്കുന്ന നമ്മുടെ രാജ്യത്തിന്റെ കാര്യത്തിൽ. ഗ്രാമ-നഗരങ്ങളിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്കാളിത്തം പരിശോധിക്കുമ്പോഴാണ് ഈ പ്രശ്നം കൂടുതൽ ഗൗരവതരമാകുന്നത്.
എണ്ണവും ഗുണനിലവാരവും തമ്മിലുള്ള പൊരുത്തമില്ലായ്മയാണ് രണ്ടാമത്തെ പ്രശ്നം. എൻ.ഐ.ആർഎഫ് റാങ്ക് ചെയ്ത മികച്ച 100 കോളേജുകളിൽ 35 എണ്ണം തമിഴ്നാട്ടിൽ നിന്നും 32 എണ്ണം ദൽഹിയിൽ നിന്നും 14 എണ്ണം കേരളത്തിൽ നിന്നുമുള്ളവയാണ്, ബാക്കിയുള്ളവ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ നിന്നുള്ളവയുമാണ്. കണക്ക് പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ കോളേജുകളുള്ളത് ഉത്തർപ്രദേശിലാണ്. തൊട്ട് പിന്നാലെ മഹാരാഷ്ട്രയും കർണാടകയുമുണ്ട്. മികച്ച 100 കോളേജുകളുടെ പട്ടികയിൽ യു.പിയിൽ നിന്നുള്ള ഒരൊറ്റ കോളേജ് പോലുമില്ല. മഹാരാഷ്ട്രയിൽ നിന്നുള്ള മൂന്നും കർണാടകയിൽ നിന്നുള്ള രണ്ട് കോളേജുകളും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
ഉന്നത നിലവാരമുള്ള 81 ശതമാനം കോളേജുകളും ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിലാണ് സ്ഥിതിചെയ്യുന്നത് എന്ന വസ്തുത രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉയർത്തുവാൻ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും അവരവരുടെ ബജറ്റ് വിഹിതത്തിൽ ഗണ്യമായ തുക നീക്കിവെക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറയുന്നു.
മൂന്നാമത്തെ പ്രശ്നം സ്ഥാപനത്തിലെ അധ്യാപകരുടെ എണ്ണവും എൻ.ഐആർ.എഫ് റാങ്കിംഗും പരസ്പരം വളരെ ബന്ധപ്പെട്ടു കിടക്കുന്നു എന്നതാണ്.
മികച്ച 100 സ്ഥാപനങ്ങളും ശേഷിക്കുന്നവയും തമ്മിലുള്ള താരതമ്യം
നടത്തിയാൽ ഇക്കാര്യത്തിൽ വലിയ അന്തരം നിലനിൽക്കുന്നതായി വ്യക്തമാകുന്നു. മികച്ച 100 സർവകലാശാലകളിലെ ശരാശരി അധ്യാപകരുടെ എണ്ണം 645 ആണെന്നിരിക്കേ, ശേഷിക്കുന്ന സർവകലാശാലകളുടെ ഫാക്കൽറ്റി വെറും 242 മാത്രമാണ്.
അതേസമയം, കോളേജുകൾ എടുത്താൽ മികച്ച 100 കോളേജുകളിൽ 173 ഫാക്കൾട്ടിയുള്ളപ്പോൾ ശേഷിക്കുന്ന എല്ലാ കോളേജുകൾക്കും 71 ഫാക്കൽട്ടി മാത്രമാണുള്ളത്. ഇഷ്ടികയും കുമ്മയാവും കൊണ്ട് മാത്രം ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകാനാവില്ല എന്നതാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പലപ്പോഴായി റാങ്കിംഗ് പ്രസിദ്ധീകരിക്കുന്ന സാങ്കേതിക സ്ഥാപനങ്ങളിൽ വെറും 33.98% മാത്രമേ നിഷ്കർഷിക്കപ്പെട്ട 1:20 എന്ന അധ്യാപക-വിദ്യാർത്ഥി അനുപാതം പാലിക്കുന്നുള്ളൂ.
സ്ഥാപനങ്ങളുടെ ശാസ്ത്ര പ്രസിദ്ധീകരണങ്ങളിൽ അധ്യാപകരുടെ എണ്ണവും ഗുണനിലവാരവും പ്രതിഫലിക്കാറുണ്ട്. മൊത്തം സ്ഥാപനങ്ങളിലെ യോഗ്യമായ സ്ഥാപനങ്ങളിൽ നിന്നുമാണ് ഇന്ത്യയുടെ
87.71% വിദ്യാധനത്തിന്റെ ഉറവിടം. അതായത്,
റാങ്കിംഗിൽ പങ്കെടുക്കുന്ന 12.3% ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് നമ്മുടെ രാജ്യത്തെ 90% വിദ്യാധനവും സംഭാവന ചെയ്യുന്നത്. എൻജിനീയറിംഗിന്റെ കാര്യത്തിൽ ഇത് കൂടുതൽ ആശങ്കയുണ്ടാക്കുന്നതാണ്.
ഇക്കാര്യത്തിൽ, ചൈനയുടെ പങ്ക് 2000 ത്തിൽ 5% ആയിരുന്നെങ്കിൽ 2018 ൽ അത് 26% ആയി ഉയർന്നു. ചൈനീസ് സർക്കാർ ഗവേഷണ രംഗത്ത് നടത്തിയ ഗണ്യമായ നിക്ഷേപമാണ് ഈ നേട്ടം ഉണ്ടാക്കുവാൻ സഹായകമായത്.
ഈസ്റ്റ് ചൈന യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ 2000 നും 2017 നുമിടയിൽ പ്രസിദ്ധീകരിച്ച ലേഖനപ്രകാരം ചൈനീസ് സർവകലാശാലകൾ ഗുണനിലവാരം ഉയർത്താൻ 140% നിക്ഷേപം വർധിപ്പിച്ചിട്ടുണ്ട്. അവിടെ ഗവേഷണ അധ്യാപകരുടെ എണ്ണം 69% വർധിച്ചപ്പോൾ പൊതുഗവേഷണ നിക്ഷേപം പത്ത് മടങ്ങ് വർധിച്ചു.
ഇന്ത്യയിൽ റാങ്കിങ് നിർണയം കൃത്യവും കുറ്റമറ്റതുമായ ഫലം നൽകുവാനുള്ളതാവണമെങ്കിൽ നയപരമായ തീരുമാനം ആവശ്യമാണ്.
ഉന്നത വിദ്യാഭ്യാസ മേഖലക്കുള്ള ബജറ്റ് വിഹിതത്തിൽ വലിയ വർധനയും അനിവാര്യമാണ്.
(ചെന്നൈ ഐ.ഐ.ടിയിലെ അധ്യാപകനാണ് ലേഖകൻ.
പരിഭാഷ: ഇ.പി. ഉബൈദുല്ല (എം.ഇ.എസ് മലപ്പുറം ജില്ല നിർവാഹക സമിതി അംഗം)






