പാലക്കാട് 15 വയസുകാരിയുടെ വിവാഹം,  ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി റിപ്പോര്‍ട്ട് തേടി

പാലക്കാട്- പാലക്കാട് തൂതയില്‍ ബാലവിവാഹം നടന്നതായി പരാതി. 15 വയസുള്ള കുട്ടിയുടെ വിവാഹം നടത്തിയെന്നാണ് പരാതി. കുട്ടിയുടെ വീടിന് സമീപത്തുള്ള ക്ഷേത്രത്തില്‍ വച്ച് കഴിഞ്ഞ മാസം 28ന് വിവാഹം നടന്നെന്നാണ് പരാതി. സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിയതായി ഒരു അജ്ഞാത കേന്ദ്രത്തില്‍ നിന്നാണ് ചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയ്ക്ക് സന്ദേശം ലഭിക്കുന്നത്. 15 വയസുള്ള കുട്ടിയെ 32 വയസുള്ള യുവാവ് വിവാഹം കഴിച്ചുവെന്നും പരാതിയിലുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ വീട് മണ്ണാര്‍ക്കാടയതിനാല്‍ മണ്ണാര്‍ക്കാട് പോലീസിനോടാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. പെണ്‍കുട്ടിയ്ക്ക് 18 വയസ് പൂര്‍ത്തിയായിട്ടുണ്ടെന്നാണ് പോലീസിനോട് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് കണ്ടെത്തിയെന്നാണ് വിവരം. വിവാഹം നടന്നത് ചെര്‍പ്പുളശേരിയില്‍ ആയതിനാലും വരന്റെ വീട് ചെര്‍പ്പുളശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയിലായതിനാലും ഇപ്പോള്‍ ചെര്‍പ്പുളശ്ശേരി പോലീസാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്.

Latest News