അമൃതസർ - ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ ആം ആദ്മി പാർട്ടിയിൽ ഭിന്നത. പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം ഏകസിവിൽ കോഡിന് അനുകൂല നിലപാട് സ്വീകരിക്കുമ്പോൾ പാർട്ടിയുടെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെ പിന്തുണയ്ക്കുന്നവർ ഏകസിവിൽ കോഡിന് എതിരാണ്.
ഏകസിവിൽ കോഡ് അംഗീകരിക്കില്ലെന്നും ഇത് രാജ്യത്തെ വിഭജിക്കാനുള്ള ബി.ജെ.പിയുടെ തന്ത്രമാണെന്നുമാണ് ഭഗവന്ത് മാന്റെ പ്രതികരണം. എന്നാൽ, ഭരണഘടന ഏകസിവിൽ കോഡിനെ വിഭാവനം ചെയ്യുന്നുവെന്നാണ് ഒരുവിഭാഗം എ.എ.പി നേതാക്കൾ പ്രതികരിച്ചത്. വിഷയത്തിൽ വിപുലമായ ചർച്ചകൾ വേണമെന്നും സമവായത്തിലെത്തണമെന്നും ആം ആദ്മി പാർട്ടി നിർദ്ദേശം മുന്നോട്ട് വെച്ചിരുന്നു.
എന്നാൽ, ഏക സിവിൽകോഡ് അപ്രായോഗികമാണെന്ന് മുൻ നിയമ കമ്മിഷൻ നിലപാട് അറിയിച്ച സാഹചര്യത്തിൽ പുതിയ കമ്മിഷനെ നിയോഗിച്ചതും അഭിപ്രായങ്ങൾ തേടിയതും ബി.ജെ.പിയുടെ ധ്രുവീകരണ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.