Sorry, you need to enable JavaScript to visit this website.

ഖത്തറില്‍ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണവും പുസ്തക പ്രകാശനവും നാളെ

ദോഹ-  വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണവും പുസ്തക പ്രകാശനവും ബുധനാഴ്ച (ജൂലൈ 5) വൈകുന്നേരം 7.45 ന് ദോഹയിലെ സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററില്‍ നടക്കും.
വൈക്കം മുഹമ്മദ് ബഷീറിന്റെ സാഹിത്യത്തെയും ജീവിതത്തെയും അധികരിച്ച് മലയാളത്തിലെ എഴുപത്തഞ്ചിലധികം സാഹിത്യ സാംസ്‌കാരിക പ്രതിഭകളെ അണിനിരത്തി ആശയം ബുക്‌സ് പ്രസിദ്ധീകരിച്ച
ബഷീര്‍ വര്‍ത്തമാനത്തിന്റെ ഭാവി എന്ന കൃതിയുടെ പരിഷ്‌കരിച്ച രണ്ടാം പതിപ്പിന്റെ ഗള്‍ഫ് പ്രകാശനം ചടങ്ങില്‍ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ മുന്‍ പ്രസിഡണ്ടും സാമൂഹ്യ സാംസ്‌കാരിക നായകനുമായ പി.എന്‍. ബാബുരാജന് ആദ്യ പ്രതി നല്‍കി നോര്‍ക്ക റൂട്‌സ് ഡയറക്ടര്‍ സി.വി.റപ്പായ് നിര്‍വഹിക്കും. തുടര്‍ന്ന് നടക്കുന്ന അനുസ്മരണ യോഗത്തില്‍ ബഷീറിന്റെ കൃതികളെക്കുറിച്ചും സാഹിത്യ സംഭാവനകളെക്കുറിച്ചും ഖത്തര്‍ ഇന്ത്യന്‍ ഓതേര്‍സ് ഫോറം പ്രസിഡണ്ട് ഡോ.കെ.സി.സാബു, ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഡോ.സലീല്‍ ഹസന്‍, സാംസ്‌കാരിക പ്രവര്‍ത്തകരായ ബിജു പി. മംഗലം, ജയകുമാര്‍ മാധവന്‍ എന്നിവര്‍ പ്രസംഗിക്കും.
ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡണ്ട് ഒ.കെ. പരുമല , ലോക കേരള സഭ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും.
ശ്രീകല ജിനന്‍ അവതരിപ്പിക്കുന്ന ബഷീര്‍ കൃതികളുടെ ശബ്ദാവിഷ്‌കാരവും മുത്തലിബ് മട്ടന്നൂര്‍ അവതരിപ്പിക്കുന്ന ഗസല്‍ സന്ധ്യയും പരിപാടിക്ക് കൊഴുപ്പേകും. ഖത്തറിലെ പ്രമുഖ അഡ് വര്‍ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്‌മെന്റ് കമ്പനിയായ മീഡിയ പ്‌ളസാണ് പരിപാടി സംഘടിപ്പിക്കുന്നത്.

 

Latest News