കാലിഫോർണിയ- ട്വിറ്ററിന് എതിരാളിയായി പുതിയ ആപ്ലിക്കേഷൻ അവതരിപ്പിക്കാനൊരുങ്ങി ഫേസ്ബുക്ക് മാതൃസ്ഥാപനമായ മെറ്റ. 'ത്രെഡ്' എന്ന പേരിലാണ് പുതിയ ആപ്പ്.
ചെറിയ വാചകങ്ങളിൽ കുറിപ്പ് പങ്കുവയ്ക്കാൻ സാധിക്കുന്ന ടെക്സ്റ്റ് അടിസ്ഥാനമാക്കിയുള്ള സംഭാഷണ ആപ്പ് വ്യാഴാഴ്ചയോടെ ഉപയോക്താക്കളിലേക്ക് എത്തുമെന്ന് മെറ്റ അറിയിച്ചു. ആപ്പ് സ്റ്റോറിൽ പ്രീ-ഓർഡർ ചെയ്യുന്നവർക്കായിരിക്കും ത്രെഡ് ആദ്യം ലഭിക്കും. ട്വിറ്ററുമായി മത്സരിക്കാൻ സാധിക്കും വിധത്തിലുള്ള പുതിയ സംവിധാനങ്ങളാണ് ത്രെഡിനുള്ളത്. ഇൻസ്റ്റഗ്രാം പ്ലാറ്റ്ഫോമുമായി ബന്ധിപ്പിക്കാൻ സാധിക്കും എന്നുള്ളതിനാൽ ദശലക്ഷക്കണക്കിന് അക്കൗണ്ടുകളിലേക്കും ഇത് കണക്റ്റ് ചെയ്യപ്പെടും.
ട്വിറ്റർ ഉപയോക്താക്കൾക്ക് പ്രതിദിനം വായിക്കാൻ കഴിയുന്ന പോസ്റ്റുകളുടെ എണ്ണം കഴിഞ്ഞദിവസമാണ് മസ്‌ക് പരിമിതപ്പെടുത്തിയത്. എന്നാൽ ത്രെഡ് ആപ്പിൽ അത്തരമൊരു നിയന്ത്രണമുണ്ടാകില്ല. പോസ്റ്റുകൾ കാണുന്നതിനോ വായിക്കുന്നതിനോ പരിമിതയുണ്ടാകില്ല. ത്രെഡ് ഒരു മെറ്റ ആപ്പ് ആയതിനാൽ ലൊക്കേഷൻ വിവരങ്ങൾ, ബ്രൗസിംഗ് ഹിസ്റ്ററി ഉൾപ്പെടെയുള്ള നിങ്ങളുടെ ഫോണിലെ ഡാറ്റയും ത്രെഡുകൾ ശേഖരിക്കും.
പുതിയ ആപ്പിന്റെ വരവ് മെറ്റ മേധാവി മാർക്ക് സക്കർബർഗും ട്വിറ്റർ ഉടമ ഇലോൺ മസ്‌കും തമ്മിലുള്ള പുതിയ മത്സരത്തിലേക്ക് നയിക്കുമെന്ന സൂചനകളാണ് നൽകുന്നത്.
'നന്ദി, അവർ വളരെ വിവേകത്തോടെ മുന്നേറുന്നു' - ത്രെഡിനെ കുറിച്ചുള്ള ഒരു ട്വീറ്റിനോട് മസ്‌ക് നേരത്തെ പ്രതികരിച്ചത് ഇങ്ങനെയാണ്. ത്രെഡ് ആപ്പ് ട്വിറ്ററിന് ഒരു ഭീഷണി ആയിരിക്കുമെന്നതിൽ സംശയമില്ല.