ഇത് പെണ്‍കൂട്ടായ്മയുടെ വിജയം:  തൃശൂര്‍ ഗിരിജ  ഹൗസ് ഫുള്‍, പിന്തുണയുമായി ഷറഫുദ്ദീനും  

തൃശൂര്‍- തൃശൂരിലെ തിയറ്റര്‍ ഉടമയായ ഡോ ഗിരിജ കെപി അനുഭവിക്കുന്ന സോഷ്യല്‍ മീഡിയ ആക്രമണം വലിയ വാര്‍ത്തയായിരുന്നു. അതിനു പിന്നാലെ ഗിരിജാ തിയറ്ററിന് പിന്തുണയുമായി സിനിമാപ്രേമികള്‍ ഒന്നിച്ചിരിക്കുകയാണ്. സ്ത്രീ പ്രേക്ഷകരാണ് പിന്തുണ അറിയിച്ചുകൊണ്ട് സിനിമ കാണാനെത്തിയത്. നടന്‍ ഷറഫുദ്ദീനും ഗിരിജയ്ക്ക് പിന്തുണയുമായി തിയറ്ററില്‍ എത്തിയിരുന്നു.
പുതിയ ചിത്രമായ 'മധുര മനോഹര മോഹം' എന്ന സിനിമയുടെ പ്രദര്‍ശനത്തിനാണ് വിവിധ കൂട്ടായ്മയിലുള്ള സ്ത്രീകള്‍ ഒന്നിച്ചെത്തിയത്. സ്റ്റെഫി സേവ്യര്‍ സംവിധാനം ചെയ്ത ചിത്രത്തിലെ നായകനാണ് ഷറുഫുദ്ദീന്‍. ഷോ തുടങ്ങുന്നതിനു മുമ്പ് എത്തിയ ഷറഫുദ്ദീന്‍ സിനിമയ്ക്കുശേഷം കാണികള്‍ക്കൊപ്പം ഏറെ സമയം ചിലവിട്ടാണ് മടങ്ങിയത്.  സൈബര്‍ ആക്രമണവും, സോഷ്യല്‍മീഡിയ അക്കൗണ്ട് പൂട്ടിക്കലും രൂക്ഷമായതോടെയാണ് തിയറ്റര്‍ നടത്തിപ്പ് പ്രതിസന്ധിയിലായത്.
സംരംഭകരുടെ സംഘടനയായ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു വിവിധ സംഘടനയിലെ വനിതകള്‍ ഗിരിജയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തിയത്. ചേംബര്‍ ഓഫ് കൊമേഴ്‌സ്, വൈഡബ്ല്യുസിഎ, മഹിളാമോര്‍ച്ച എന്നീ സംഘടനകള്‍ക്കൊപ്പം തൃശ്ശൂരിലെ സ്ത്രീകൂട്ടായ്മകളും ടിക്കറ്റെടുത്ത് സിനിമയ്ക്ക് കയറിയതോടെ തിയറ്റര്‍ ഹൗസ്ഫുള്ളായി. ഗിരിജ തിയറ്റര്‍ നില്‍ക്കുന്ന പ്രദേശത്തെ റോസ് ഗാര്‍ഡന്‍ കോളനിയിലെ കുടുംബാംഗങ്ങളും ഐക്യദാര്‍ഢ്യവുമായെത്തിയിരുന്നു. പിന്തുണയ്ക്ക് നന്ദി അറിയിച്ച് ഗിരിജ തിയറ്റര്‍ രംഗത്തെത്തി.

Latest News