രാജകാരുണ്യം വേദന ലഘൂകരിച്ചു: ഭാര്യയെയും നാലു മക്കളെയും നഷ്ടപ്പെട്ട മുഹമ്മദ് ഹദീദി

മുഹമ്മദ് അല്‍ഹദീദി ഇസ്രായില്‍ വ്യോമാക്രമണത്തില്‍ പരിക്കുകളോടെ രക്ഷപ്പെട്ട പിഞ്ചു മകന്‍ ഉമറുമായി.
ആക്രമണത്തില്‍ വീരമൃത്യുവരിച്ച മുഹമ്മദ് അല്‍ഹദീദിയുടെ ഭാര്യയും നാലു മക്കളും.
പരിക്കേറ്റ ഉമര്‍ ആശുപത്രിയില്‍

മക്ക - ഇസ്രായില്‍ ആക്രമണത്തില്‍ ഭാര്യയെയും നാലു മക്കളെയും നഷ്ടപ്പെട്ട വേദനയില്‍ ഗസ്സ നിവാസിയായ ഫലസ്തീനി മുഹമ്മദ് ഹദീദി ഇത്തവണ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അതിഥിയായി പുണ്യഭൂമിയിലെത്തി ഹജ് കര്‍മം നിര്‍വഹിച്ചു. കരളിന്റെ കഷ്ണങ്ങളായ പിഞ്ചു മക്കളെയും അവരുടെ മാതാവിനെയും ഒരിക്കലും തനിക്ക് മറക്കാന്‍ കഴിയില്ലെങ്കിലും രാജകാരുണ്യം തന്റെ വേദനകള്‍ ലഘൂകരിക്കാന്‍ സഹായിച്ചതായി മുഹമ്മദ് ഹദീദി പറയുന്നു.
2021 ലെ യുദ്ധത്തിലാണ് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ തന്റെ ഭാര്യയും മക്കളായ സുഹൈബ്, യഹ്‌യ, അബ്ദുറഹ് മാന്‍, ഉസാമ എന്നിവരും വീരമൃത്യുവരിച്ചത്. ഇസ്രായില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ മൂന്നുനില കെട്ടിടം നിലംപൊത്തുകയായിരുന്നു. അന്ന് ആറു മാസം മാത്രം പ്രായമുള്ള പിഞ്ചുമകന്‍ ഉമര്‍ മാത്രമാണ് കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍ കുടുങ്ങി ജീവനോടെ രക്ഷപ്പെട്ടത്.  
മക്കളും ഭാര്യയും ഭാര്യാ സഹോദരന്റെ വീട് സന്ദര്‍ശിക്കുന്നതിനിടെയാണ് കെട്ടിടത്തിനു നേരെ ഇസ്രായില്‍ വ്യോമാക്രമണം നടത്തിയത്. യാതൊരുവിധ മുന്നറിയിപ്പും കൂടാതെ മൂന്നുനില കെട്ടിടത്തിനു നേരെ വ്യോമാക്രമണം നടത്തുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്ത് ഓടിയെത്തിയ തനിക്ക് തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ചിന്നിച്ചിതറിക്കിടക്കുന്ന മക്കളുടെയും ഭാര്യയുടെയും മറ്റു ബന്ധുക്കളുടെയും ശരീരാവശിഷ്ടങ്ങളാണ് കാണാനായത്. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ആശുപത്രിയിലെത്തിയപ്പോഴാണ് തന്റെ ഏറ്റവും ഇളയ മകന്‍ ജീവനോടെ ബാക്കിയായതായി അറിയാന്‍ കഴിഞ്ഞത്.
കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മകന്‍ ഉമറിനെ പരിക്കുകളോടെ രക്ഷപ്പെടുത്തുകയായിരുന്നു. ബാക്കിയുണ്ടായിരുന്നവരെല്ലാം മരണപ്പെട്ടു. ഒരു മകനെ ജീവനോടെ തിരികെ നല്‍കിയതിനും അല്ലാഹുവിന്റെ വിധി അംഗീകരിച്ചും അപ്പോള്‍ തന്നെ താന്‍ സുജൂദ് ചെയ്തു. മക്കള്‍ക്കും ഭാര്യക്കും സ്വര്‍ഗം നല്‍കണമേയെന്നാണ് അല്ലാഹുവിനോട് താന്‍ മനമുരുകി പ്രാര്‍ഥിക്കുന്നത്.
മക്കളെയും ഭാര്യയെയും നഷ്ടപ്പെട്ട തന്റെ വേദനകള്‍ക്ക് ആശ്വാസമായി ഹജ് നിര്‍വഹിക്കാന്‍ കഴിയണമെന്ന ആഗ്രഹം സഫലമായതില്‍ സന്തോഷമുണ്ട്. രാജാവിന്റെ അതിഥിയായി സൗദിയിലെത്തിയതു മുതല്‍ തനിക്ക് ഏറ്റവും മികച്ച പരിചരണങ്ങളും സേവനങ്ങളുമാണ് ലഭിച്ചതെന്നും ഇക്കാര്യത്തില്‍ ബന്ധപ്പെട്ട എല്ലാ വകുപ്പുകളെയും സുരക്ഷാ സൈനികരെയും പ്രശംസിക്കുന്നതായും മുഹമ്മദ് ഹദീദി പറഞ്ഞു. ഇത്തവണ രാജാവിന്റെ ആതിഥേയത്വത്തില്‍ ഹജ് നിര്‍വഹിക്കാന്‍ ഫലസ്തീനില്‍ നിന്നുള്ള 2,000 പേര്‍ക്കാണ് അവസരമൊരുക്കിയത്. ഇസ്രായില്‍ ആക്രമണങ്ങളില്‍ വീരമൃത്യുവരിച്ചവരുടെ ബന്ധുക്കളും പരിക്കേറ്റവരും അടക്കമുള്ളവരാണ് രാജാവിന്റെ അതിഥികളായി ഹജിനെത്തിയത്.

 

Latest News