Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മക്കയിൽ കാണാതായ  അബ്ദുൽ മനാഫിനെ മദീനയിൽ കണ്ടെത്തി

മദീനയിൽ കണ്ടെത്തിയ അബ്ദുൽ മനാഫ് (നടുവിൽ) മക്കയിലെയും  മദീനയിലെയും ഒ.ഐ.സി.സി പ്രവർത്തകരോടൊപ്പം.

ജിദ്ദ- ഒരു മാസമായി മക്കയിൽനിന്നു കാണാതായ  പാലക്കാട് മങ്കര സ്വദേശിയും സമാമ കോൺട്രാക്ടിംഗ് കമ്പനി ജീവനക്കാരനുമായ കൊട്ടിലിൽ വീട്ടിൽ അബ്ദുൽ മനാഫിനെ (49) മദീനയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം മലയാളം ന്യൂസ് നൽകിയ വാർത്തയാണ് മനാഫിനെ കണ്ടെത്താൻ തുണയായത്. മദീനയിലെ ഒ.ഐ.സി.സി പ്രവർത്തകരുടെ സഹകരണത്തോടെ മക്കയിൽനിന്നു പോയ ഒ.ഐ.സി.സി പ്രവർത്തകരും സുഹൃത്തുക്കളും മനാഫിനെ ഇന്നലെ മക്കയിൽ കൊണ്ടുവന്നു. 
മലയാളം ന്യൂസ് വാർത്ത ശ്രദ്ധയിൽപ്പെട്ട റിയാദിൽനിന്ന് ഉംറ സംഘത്തെ കൊണ്ടുവരുന്ന അമീർ കാസർകോട് സ്വദേശി  ഹസ്സൻ മിസ്ബാഹി,  മനാഫ് മദീനയിലുണ്ടെന്ന വിവരം മക്ക ഒ.ഐ.സി.സി പ്രസിഡന്റ് ഷാനിയാസ് കുന്നിക്കോടിനെ വിളിച്ചറിയിക്കുകയായിരുന്നു. 13ാം നമ്പർ ബാത്‌റൂമിനു സമീപം കണ്ടിരുന്നതായാണ് ഉസ്താദ് വിവരം നൽകിയത്. ഈ വിവരം മദീന ഒ.ഐ.സി.സി കമ്മറ്റിയെ  അറിയിക്കുകയും രാത്രിയിൽ തന്നെ നസീർ കുന്നിക്കോടിയുടെ നേതൃത്വത്തിൽ ഹറം പരിസരത്ത് തിരച്ചിൽ നടത്തി പന്ത്രണ്ട് മണിയോടുകൂടി 33ാം നമ്പർ വാതിലിനു സമീപം ഉറങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തുകയുമായിരുന്നു. ഇതു മക്കയിലേക്ക് കൈമാറുകയും തുടർന്ന് മക്കയിൽ മനാഫിനൊപ്പം താമസിക്കുന്നവരുമായി ഒഐസിസി ജനറൽ സെക്രട്ടറി ഷാജി ചുനക്കര മദീനയിലേക്ക് ഉടൻ തിരിക്കുകയുമായിരുന്നു. മനാഫ് ഉണരുന്നതിനു മുൻപായി മദീനയിലെത്തിയ ഇവർ മനാഫിനെ ഉണർത്തി മക്കയിലേക്ക് കൊണ്ടുവരികയായിരുന്നു. 
മനാഫിനെ  കണ്ടെത്തുന്നതിന് സഹായിച്ച  ഹസൻ മിസ്ബാഹി, മദീനയിലെ മുജീബ് ചേനത്തു, ഹമീദ് പെരുമ്പറമ്പ്, അജി ഹബീബ്, മൊയ്തീൻ, ഇർഷാദ്, അനസ് ഓച്ചിറ, ജലീൽ ചൂനാട്, സിദ്ദിഖ്, മുഹമ്മദ് കരുവാരക്കുണ്ട്, മുനീർ കരുനാഗപ്പള്ളി, ശിനാസ് പവുമ്പ എന്നിവർക്കും സോഷ്യൽ മീഡിയയിൽ കൂടി ഷെയർ ചെയ്ത് സഹായിച്ചവർക്കും മലയാളം ന്യൂസിനും മക്ക ഒഐസിസി പ്രസിഡന്റ് ഷാനിയാസ് നന്ദി അറിയിച്ചു. 
ജൂൺ 13 മുതലാണ് മനാഫിനെ മക്കയിൽനിന്നു കാണാതായത്. താമസിക്കുന്ന മുറിയിൽനിന്ന് പുറത്തു പോയതായിരുന്നു. ചെറിയ തോതിൽ മാനസിക അസ്വാസ്ഥ്യമുള്ള ഇദ്ദേഹം മദീനയിൽ  എത്തിപ്പെടുകയായിരുന്നു. 
മക്കയിലെത്തുന്നതിനു മുൻപ് നേരത്തെ ജിദ്ദയിലാണ് മനാഫ് ജോലി ചെയ്തിരുന്നത്. മനാഫിനെ കണ്ടുകിട്ടിയ വിവരം അറിഞ്ഞ് ഭാര്യ ജമീലയും മക്കളായ മുഹമ്മദ് ഫാസിലും ഫാസിലയും ഏറെ സന്തോഷത്തിലാണ്. 

 

Latest News