കുഴല്‍പ്പണക്കേസില്‍ കെ. സുരേന്ദ്രനെതിരെ കേസില്ല; ഡ്രൈവറുടെ മൊഴിയില്‍ കെ. സുധാകരനെതിരെ കേസ്: വി. ഡി. സതീശന്‍

കണ്ണൂര്‍- സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍ വീണ്ടും രംഗത്ത്. ബി. ജെ. പിയുടെ ബി ടീമാണ് കേരളത്തിലെ സി. പി. എമ്മെന്നും വി. ഡി. സതീശന്‍ ആരോപിച്ചു. 

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേന്ദ്ര ഏജന്‍സികളുടെ കേസുകളുള്ളതിനാല്‍ സി. പി. എം ബി. ജെ. പിയുമായി ധാരണയിലാണ് പ്രവര്‍ത്തിക്കുന്നത്. ഡ്രൈവറുടെ മൊഴിയില്‍ കെ. പി. സി. സി പ്രസിഡന്റ്് കെ സുധാകരനെതിരെ കേസെടുത്ത സര്‍ക്കാര്‍ കുഴല്‍പ്പണക്കേസില്‍ പ്രതിയാകേണ്ടിയിരുന്ന കെ. സുരേന്ദ്രനെ ഒഴിവാക്കുകയായിരുന്നു. സുരേന്ദ്രനെ നെഞ്ചോട് ചേര്‍ക്കുകയും സുധാകരനെ കൊല്ലാന്‍ ആളെ വിടുകയുമാണ് കേരളത്തിലെ സി. പി. എം എന്നും സതീശന്‍ ആരോപിച്ചു.

ഏക സിവില്‍ കോഡിന്റെ പേരില്‍ വര്‍ഗീയത ഇളക്കി വിട്ട് നേട്ടമുണ്ടാക്കാനുള്ള ബി. ജെ. പിയുടെ അതേ പാതയാണ് സി. പി. എമ്മും പിന്തുടരുന്നത്. ഏക സിവില്‍ കോഡ് നടപ്പിലാക്കേണ്ടതില്ലെന്ന് 2018ല്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ലോ കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതേ നിലപാട് തന്നെയാണ് കോണ്‍ഗ്രസിന് ഇപ്പോഴുമുള്ളതെന്നും സതീശന്‍ പറഞ്ഞു.

ഏക സിവില്‍ കോഡിനെതിരേ പ്രക്ഷോഭം നടത്തുമെന്ന് സി. പി. എം പറയുന്നതില്‍ ആത്മാര്‍ഥതയില്ലെന്നും സി. ഐ. എ പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്കെതിരേയുള്ള കേസുകള്‍ പിന്‍വലിച്ചതിനു ശേഷമാണ് സി. പി. എം പ്രക്ഷോഭത്തിനൊരുങ്ങേണ്ടതെന്നും വി. ഡി. സതീശന്‍ പറഞ്ഞു. അഴിമതി ആരോപണങ്ങളുടെ ശരശയ്യയില്‍ കിടക്കുമ്പോഴും അതില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സതീശന്‍ പറഞ്ഞു.

Latest News