ഒന്നര വർഷത്തോളം പുറത്ത്, ഒരു ടെസ്റ്റ്, പിന്നാലെ വൈസ് ക്യാപ്റ്റൻ
ഫോം നഷ്ടപ്പെട്ട് ഒന്നര വർഷത്തോളം ഇന്ത്യൻ ടീമിന് പുറത്തായിരുന്നു അജിൻക്യ രഹാനെ. യഥാർഥത്തിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സിന്റെ പരിക്കാണ് രഹാനെക്ക് ഇന്ത്യൻ ടീമിലേക്ക് വാതിൽ തുറന്നത്. ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് രഹാനെയെ ടീമിലെടുത്തത് റിസർവ് കളിക്കാരനെന്ന നിലയിലായിരുന്നു. സ്റ്റോക്‌സിന് പരിക്കേറ്റതോടെ പ്ലേയിംഗ് ഇലവനിലെത്തി. ആ അവസരം ഇരുകൈകളും നീട്ടി സ്വീകരിച്ചു. വിചിത്രമെന്നു പറയാം, ട്വന്റി20യിലെ മിന്നുന്ന പ്രകടനമാണ് ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവരാൻ രഹാനെക്ക് വഴിയൊരുക്കിയത്. 2022 ജനുവരിക്ക് ശേഷം ആദ്യമായി ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ ഓസ്‌ട്രേലിയക്കെതിരെ രഹാനെ പാഡണിഞ്ഞു. ഫൈനലിൽ ഇന്ത്യ പരാജയപ്പെട്ടപ്പോൾ തലയുയർത്തി പൊരുതിയത് രഹാനെയായിരുന്നു. ആദ്യ ഇന്നിംഗ്‌സിൽ രഹാനെ നേടിയ 89 റൺസ് ഭേദപ്പെട്ട സ്‌കോർ നേടാൻ ഇന്ത്യയെ സഹായിച്ചു. രണ്ടാം ഇന്നിംഗ്‌സിൽ 46 റൺസടിച്ചു. അതോടെ വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ടീമിൽ വൈസ് ക്യാപ്റ്റനായി.
ചേതേശ്വർ പൂജാരയെ ആ ടെസ്റ്റിലെ മോശം പ്രകടനത്തിന്റെ പേരിൽ പുറത്താക്കിയ സെലക്ടർമാരാണ് മുപ്പത്തഞ്ചുകാരനായ രഹാനെയെ വൈസ് ക്യാപ്റ്റനായി നിയമിച്ചിരിക്കുന്നത്. പൂജാരയുടെ ടെസ്റ്റ് കരിയർ അവസാനിച്ചോ? രഹാനെ എത്ര കാലം ടീമിനൊപ്പമുണ്ടാവും? ഈ ചോദ്യങ്ങൾക്കൊന്നും ആധികാരികമായ ഉത്തരം കിട്ടില്ല. കാരണം ഇന്ത്യൻ സെലക്ടർമാർ മാധ്യമങ്ങളുമായി സംസാരിക്കാറില്ല. ടീം സെലക്ഷൻ സംബന്ധിച്ച് അവർ ഇറക്കുന്ന പ്രസ്താവനയിൽ വിശദാംശങ്ങളുണ്ടാവില്ല. ഉദാഹരണത്തിന്, മുഹമ്മദ് ഷമിയെ വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ഏകദിന ടീമിൽ നിന്ന് ഒഴിവാക്കയതാണോ അതോ വിശ്രമം അനുവദിച്ചതാണോ എന്ന് ഇതുവരെ വ്യക്തമല്ല.
രഹാനെയെ വൈസ് ക്യാപ്റ്റനാക്കാനുള്ള ആശയത്തിന് പിന്നിലെ യുക്തി മനസ്സിലാവുന്നില്ലെന്ന് മുൻ നായകനും മുൻ ബി.സി.സി.ഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലി തുറന്നടിച്ചു. ശിവസുന്ദർ ദാസ് അധ്യക്ഷനായ ഇടക്കാല സെലക്ഷൻ കമ്മിറ്റിയാണ് വിചിത്രമായ തീരുമാനമെടുത്തത്.
ശുഭ്മൻ ഗില്ലിനെയോ രവീന്ദ്ര ജദേജയെയോ പോലെ നാട്ടിലും വിദേശത്തും ടെസ്റ്റ് ടീമിൽ സ്ഥാനമുറപ്പുള്ള ഒരാളെയായിരുന്നു വൈസ് ക്യാപ്റ്റനാക്കേണ്ടതെന്ന് ഗാംഗുലി കരുതുന്നു. രഹാനെയെ വൈസ് ക്യാപ്റ്റനാക്കിയത് പിന്നോട്ടേക്ക് പോക്കാണെന്ന് ഗാംഗുലി കരുതുന്നില്ല. എന്നാൽ അത് ദീർഘവീക്ഷണമില്ലായ്മയാണെന്നാണ് മുൻ ക്യാപ്റ്റന്റെ പക്ഷം. 18 മാസം പുറത്തിരിക്കുക, തിരിച്ച് വന്ന് ഒരു ടെസ്റ്റ് കളിച്ചപ്പോഴേക്കും വൈസ് ക്യാപ്റ്റനാക്കുക. ഇതിന്റെ യുക്തി പിടികിട്ടുന്നില്ല. ടീമിൽ രവീന്ദ്ര ജദേജയുണ്ടല്ലോ? പരിചയസമ്പന്നനാണ്. ടെസ്റ്റ് മത്സരങ്ങളിൽ സ്ഥിരം സാന്നിധ്യമാണ്. തോന്നുമ്പോലെ തീരുമാനിക്കേണ്ടതല്ല സെലക്ഷൻ. അതിന് സ്ഥിരതയും തുടർച്ചയും വേണം -ഗാംഗുലി അഭിപ്രായപ്പെട്ടു.
ചേതേശ്വർ പൂജാരയെ ഒഴിവാക്കിയതിലൂടെ മാറ്റത്തിന്റെ സൂചനയാണ് സെലക്ടർമാർ നൽകിയത്. 103 ടെസ്റ്റ് കളിച്ച ഒരു താരത്തെ അങ്ങനെയല്ല ഒഴിവാക്കേണ്ടതെന്ന് ഗാംഗുലി കരുതുന്നു. ഇനി ടെസ്റ്റ് ടീമിൽ വേണ്ടെന്ന് സെലക്ടർമാർ പൂജാരയോട് സംസാരിച്ചിരുന്നോ? യുവ താരങ്ങളെ പരീക്ഷിക്കാൻ തീരുമാനിച്ചോ? പുറത്തക്കുകയും തിരിച്ചുവിളിക്കുകയും വീണ്ടും പുറത്താക്കുകയും ചെയ്യേണ്ട കളിക്കാരനല്ല പൂജാര. രഹാനെക്കും അതാണോ സംഭവിക്കാൻ പോവുന്നത് -ഗാംഗുലി സംശയിക്കുന്നു.
ഐ.പി.എല്ലിലെ പ്രകടനമാണ് ടെസ്റ്റ് ടീമിലേക്കുള്ള വാതിലെന്നും സെലക്ടർമാർ സൂചന നൽകുന്നുണ്ട്. രഞ്ജി ട്രോഫിയിലെ റൺസും വിക്കറ്റുമൊന്നും അവർ പരിഗണിച്ചിട്ടേയില്ല. യശസ്വി ജയ്‌സ്വാളും ഋതുരാജ് ഗെയ്കവാദും ടീമിലെത്തിയത് ഐ.പി.എല്ലിലെ തിളക്കത്തോടെയാണ്. സമീപകാലത്ത് രഞ്ജി ട്രോഫിയിൽ റൺസ് വാരുന്ന സർഫറാസ് ഖാനെയും അഭിമന്യൂ ഈശ്വരനെയും പോലുള്ളവർക്ക് സ്ഥാനം നൽകണമെന്ന് ഗാംഗുലി വാദിക്കുന്നു. രഞ്ജി ട്രോഫിയിലും ദുലീപ് ട്രോഫിയിലും ഇറാനി ട്രോഫിയിലും ടൺ കണക്കിന് റൺസ് വാരിയതിന്റെ പേരിലാണ് യശസ്വിക്കും ഋതുരാജിനും ടെസ്റ്റ് ടീമിൽ സ്ഥാനം കിട്ടിയതെന്ന് വിശ്വസിക്കാനാണ് ആഗ്രഹമെന്ന് ഗാംഗുലി പറഞ്ഞു. പക്ഷെ ഇതേ പോലെ മികച്ച പ്രകടനം കാഴ്ചവെച്ച സർഫറാസ് അവഗണിക്കപ്പെട്ടു. അഞ്ചാറു വർഷമായി അഭിമന്യു ഈശ്വരൻ റൺ മല പടുത്തുയർത്തുകയാണ്. ഇരുവരെയും ഒഴിവാക്കിയത് അദ്ഭുതപ്പെടുത്തുന്നു. എങ്കിലും ജിയ്‌സ്വാളിനെ ഉൾപെടുത്തിയത് ശുഭസൂചനയാണെന്ന് പറയേണ്ടിയിരിക്കുന്നു -മുൻ ക്യാപ്റ്റൻ അഭിപ്രായപ്പെട്ടു.
ഐ.പി.എല്ലിൽ ദൽഹി കാപിറ്റൽസിന്റെ ഡയറക്ടറെന്ന നിലയിൽ സർഫറാസിനെ അടുത്തുനിന്ന് നിരീക്ഷിക്കാൻ സാധിച്ച വ്യക്തിയാണ് ഗാംഗുലി. ഫാസ്റ്റ്ബൗളിംഗിനെ നേരിടാൻ സർഫറാസിന് സാധിക്കാറില്ലെന്ന വിമർശനം പൊള്ളയാണെന്ന് ഗാംഗുലി കരുതുന്നു. ഫാസ്റ്റ് ബൗളർമാരെ നേരിടാൻ അവസരം നൽകാതെ എങ്ങനെയാണ് വിലയിരുത്തുന്നത്? പെയ്‌സ്ബൗളിംഗിനെതിരെ കളിക്കാനാവാതെ എങ്ങനെയാണ് ഇത്രയധികം റൺസ് വാരിയത്. വ്യക്തിപരമായ അനുഭവത്തിൽ അങ്ങനെയൊരു വാദത്തെ പിന്തുണക്കാനാവില്ല. പെയ്‌സ്ബൗളിംഗ് അയാൾക്ക് പ്രശ്‌നമൊന്നുമല്ല. സർഫറാസിന് അവസരം നൽകുകയാണ് വേണ്ടത് -ഗാംഗുലി അഭിപ്രായപ്പെട്ടു.