ദ്രാവിഡിന്റെയും പൂജാരയുടെയും പകരക്കാരനാവുക എളുപ്പമല്ല. വൺഡൗൺ സ്ഥാനത്ത് ഇരുവരും കളിച്ചത് 267 ടെസ്റ്റുകളാണ്. അവർക്ക് പകരക്കാരനെ തേടുകയാണ് ടീം ഇന്ത്യ.
കഴിഞ്ഞ 28 വർഷമായി ഇന്ത്യൻ ടെസ്റ്റ് ടീമിൽ മൂന്നാം നമ്പർ ബാറ്റിംഗ് സ്ഥാനത്ത് രണ്ട് വൻമതിലുകളായിരുന്നു. രാഹുൽ ദ്രാവിഡും പിന്നീട് ചേതേശ്വർ പൂജാരയും. ഇരുവരും കളിച്ചത് 267 ടെസ്റ്റുകളാണ്. ക്ലാസിക്കൽ ടെസ്റ്റ് കളിക്കാരായിരുന്നു ഇരുവരും. തികഞ്ഞ ഏകാഗ്രത, അസാധ്യ ടെക്‌നിക്, അഴകിനെക്കാൾ കരളുറപ്പിന്റെ മുദ്ര.. ക്രീസിൽ തുടർന്നാൽ റൺസ് താനെ വന്നോളും എന്നാണ് ഇരുവരും വിശ്വസിച്ചത്. വരണ്ട ഭൂമിയിൽ വീഴുന്ന മഴത്തുള്ളികൾ പോലെയാണ് ഇരുവർക്കും ഓരോ സിംഗിളും. നിരന്തരമായി പ്രതിരോധിച്ച ശേഷം അവർ ഒരു സിംഗിളെടുക്കുമ്പോൾ ഗാലറി കൈയടിക്കും. പന്ത് കളിക്കാതെ വിടുകയെന്നത് അവർക്ക് സ്വാഭാവികമായി സംഭവിക്കുന്നതാണ്. ഈ പ്രതിരോധ കവചത്തിന് മുകളിലാണ് 55 സെഞ്ചുറികൾ ഉൾപ്പെടെ ഇരുപതിനായിരത്തിലേറെ റൺസ് ദ്രാവിഡും പൂജാരയും പടുത്തുയർത്തിയത്.
ദ്രാവിഡ് ഇപ്പോഴും ടീമിനൊപ്പമുണ്ട് -പൂജാരയെ ഒഴിവാക്കാനുള്ള തീരുമാനത്തിൽ ദ്രാവിഡ് കൂടി ഭാഗഭാക്കായിരിക്കാം. പൂജാരക്ക് പകരമാവാൻ സാധിക്കുന്ന മൂന്നു പേർ വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ടെസ്റ്റ് ടീമിലുണ്ട്. ഋതുരാജ് ഗെയ്ക്‌വാദ, യശസ്വി ജയ്‌സ്വാൾ എന്നിവർക്ക് ആദ്യമായാണ് ടെസ്റ്റ് ടീമിലേക്ക് ക്ഷണം ലഭിക്കുന്നത്. ഓപണറായും വൺ ഡൗണായും കളിക്കാൻ കഴിയുന്ന ശുഭ്മൻ ഗില്ലും ടീമിലുണ്ട്. ഏതായാലും മൂന്നാം സ്ഥാനത്തേക്ക് പുതിയൊരു താരത്തിന് അവസരം തുറന്നിരിക്കുകയാണ്. അതിൽ ഏറ്റവും സാധ്യത ഇരുപത്തൊന്നുകാരനായ ജയസ്വാളിനാണ്. കഴിഞ്ഞ മൂന്നു സീസണിലെ പ്രകടനത്തിന്റെ സമ്മാനമാണ് മുംബൈക്കാരന് ടീമിലെ സ്ഥാനം.
ഐ.പി.എല്ലിലെ പ്രകടനം കൂടി ജയ്‌സ്വാളിനെ തെരഞ്ഞെടുക്കാൻ കാരണമായിട്ടുണ്ടാവാം. കഴിഞ്ഞ സീസണിൽ 625 റൺസാണ് ജയ്‌സ്വാൾ സ്‌കോർ ചെയ്തത്. ടൂർണമെന്റിലെ ഫാസ്റ്റസ്റ്റ് ഫിഫ്റ്റിക്കുടമയാണ്. ഏറ്റവും മികച്ച ഫാസ്റ്റ്ബൗളർമാരെയും അനായാസം പുൾ ചെയ്യുകയും ഹുക്ക് ചെയ്യുകയും ചെയ്യുന്നു.
ഉപദേശം തേടുകയെന്നത് ജയ്‌സ്വാളിന്റെ ദൗർബല്യമാണ്. ആവശ്യപ്പെട്ടാലേ സഹായം ലഭിക്കൂ എന്നാണ് യുവ താരത്തിന്റെ വിശ്വാസം. അത് കളി മാത്രമല്ല, ഭാഷയും മെച്ചപ്പെടുത്തുമെന്ന് ജയ്‌സ്വാൾ കരുതുന്നു. നെറ്റ്‌സിൽ ജോസ് ബട്‌ലറെ കളിയാക്കി പന്ത് സ്‌കൂപ് ചെയ്യാറുള്ള ജയ്‌സ്വാൾ ഏറ്റവുമധികം നേരം സംസാരിക്കുന്നത് ബട്‌ലറുമായാണ്.
ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിനുള്ള ഇന്ത്യൻ റിസർവ് കളിക്കാരുടെ പട്ടികയിൽ ജയ്‌സ്വാൾ ഉണ്ടായിരുന്നു. ഫൈനലിൽ തോറ്റപ്പോൾ ക്യാപ്റ്റൻ രോഹിത് ശർമ വിരൽ ചൂണ്ടിയത് മാറ്റത്തിന്റെ ദിശയിലേക്കാണ്. ഇന്ത്യയുടെ കളി ശൈലി മാറ്റണമെന്നും ആ മാറ്റത്തിനുതകുന്ന കളിക്കാരെ ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് കണ്ടെത്തണമെന്നും. ജയ്‌സ്വാൾ അങ്ങനെയൊരു കളിക്കാരനാണ്.
26 ഫസ്റ്റ്ക്ലാസ് ഇന്നിംഗ്‌സിൽ 80.21 ആണ് ജയ്‌സ്വാളിന്റെ ബാറ്റിംഗ് ശരാശരി. 11 തവണ അർധ ശതകം പിന്നിട്ടതിൽ ഒമ്പതു പ്രാവശ്യവും സെഞ്ചുറി തികക്കാനായി. ഏറെ നേരം പ്രതിരോധിച്ചു നിൽക്കുന്ന ശീലമില്ല. എഴുപതിനടുത്താണ് സ്‌ട്രൈക്ക് റെയ്റ്റ്. ടെക്‌നിക്കിൽ ഇളവ് വരുത്താതെ തന്നെ ഒഴുക്കോടെ കളിക്കാൻ ജയ്‌സ്വാളിന് സാധിക്കും. ക്രീസിൽ ലളിതമാണ് ജയ്‌സ്വാളിന്റെ നീക്കങ്ങൾ. ഫോർവേഡായാലും ബാക്കിലേക്കായാലും ശരീരഭാരം മാറ്റാൻ സാധിക്കുന്നു. ബൗൺസറുകളെ ചടുലമായ ഫൂട് വർക്കിലൂടെ നേരിടുന്നു. ഒരേ രീതിയിലുള്ള പന്തുകളെ പല രീതിയിൽ കൈകാര്യം ചെയ്യാൻ സാധിക്കും എന്നതാണ് ജയ്‌സ്വാളിന്റെ മികവ്. വേണമെങ്കിൽ പ്രതിരോധിച്ചു നിൽക്കാനുമാവും, രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ ഉത്തർപ്രദേശിനെതിരെയെന്ന പോലെ.
അത് ജയ്‌സ്വാളിന്റെ മൂന്നാമത്തെ ഫസ്റ്റ് ക്ലാസ് മത്സരമായിരുന്നു. 33 ലും 37 ലുമുള്ളപ്പോൾ അലസമായ കളിയിലൂടെ ഫീൽഡർമാർക്ക് അവസരം നൽകി. രണ്ടു തവണയും രക്ഷപ്പെട്ടു. അതോടെ മുംബൈ കോച്ച് അമോൽ മജുംദാർ ഒരു സന്ദേശം കൈമാറി. സിംഗിളെടുത്ത് മാറി നിന്ന് 15 മിനിറ്റ് കളി വീക്ഷിക്കുക, അല്ലെങ്കിൽ അടുത്ത 15 മിനിറ്റ് ഒരു ഷോട്ടും കളിക്കാതിരിക്കുക. അന്ന് 353 മിനിറ്റാണ് ജയ്‌സ്വാൾ ബാറ്റ് ചെയ്തത്. രണ്ടാം സെഞ്ചുറി പൂർത്തിയാക്കി. പ്രായത്തിൽ കവിഞ്ഞ പക്വതയുണ്ട് ജയ്‌സ്വാളിന്.
ദ്രാവിഡിന്റെയും പൂജാരയുടെയും പകരക്കാരനാവുക എളുപ്പമല്ല. പക്ഷെ അതിനു വേണ്ട പക്വതയും ടെക്‌നിക്കും കളി മികവും റൺസും ജയ്‌സ്വാളിനുണ്ട്.