ആക്രമണോൽസുക ആണത്തം

ഇന്ദർജിത് കൗർ 

പ്രണയ പിന്മാറ്റങ്ങൾ കേരളത്തിന്റെ 'ആക്രമണോൽസുക ആണത്ത'ത്തിന് അസഹ്യമാവുന്ന അവസ്ഥയുണ്ട്. വളരെ അധികം മേധാവിത്വപരമായ പുരുഷ നിർമിതികൾ ആഘോഷിക്കുന്ന നാടാണ് കേരളം. സാഹിത്യത്തിലും സിനിമയിലുമെല്ലാം അത് കാണാം. അജയ്യരായ പുരുഷ സിംഹങ്ങൾ, അധികാരം കേന്ദ്രീകരിച്ച പുരുഷ രൂപങ്ങൾ.

 

കല്യാണ വീട് കൊലക്കളമായി മാറിയ വാർത്ത വന്നത് കഴിഞ്ഞ ദിവസമാണ്. വിവാഹം കഴിക്കാൻ ആഗ്രഹിച്ച ഒരു പെൺകുട്ടിയെ വേറെ ഒരാൾ വിവാഹം കഴിക്കുന്ന ദിവസത്തിന് തലേന്നാണ് ആ ചെറുപ്പക്കാരനും സംഘവും പെൺകുട്ടിയെയും അവളുടെ അച്ഛനെയും ആക്രമിക്കുന്നത്. അച്ഛൻ കൊല്ലപ്പെട്ടു. പെൺകുട്ടിക്ക് പരിക്കേറ്റു. ഇത്തരം ആക്രമണങ്ങൾ കുറച്ചധികം ആവുന്നുണ്ട്.

അടുത്തയിടെയാണ് വേറൊരു പെൺകുട്ടിയെ സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സൗഹൃദം പുലർത്തി രാത്രിയിൽ വീട്ടിൽ വന്നു കൊലപ്പെടുത്തിയത്. അയാളും വളരെ ചെറുപ്പം. കൊലപാതകത്തെക്കുറിച്ചും അത് കഴിഞ്ഞ് കിട്ടുന്ന ശിക്ഷയെക്കുറിച്ചും ഗവേഷണം നടത്തിയ ശേഷമാണ് കൃത്യം ചെയ്യുന്നത്.

പ്രണയിച്ച പെൺകുട്ടി കൂടെ ജീവിക്കാൻ വരില്ല എന്നറിയുമ്പോൾ ആസിഡ് ഒഴിച്ച് പൊള്ളിച്ചു വികൃതമാക്കി ജീവിതം ദുസ്സഹമാക്കുന്ന ചില സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കുറ്റകൃത്യങ്ങളിൽ ആസിഡ് ആക്രമണം ഒരു പ്രത്യേക ഇനമായി എഴുതിച്ചേർക്കപ്പെട്ടിട്ടുണ്ട്. 2011 ലാണ് പഞ്ചാബിലെ മുഹാളിയിൽ നിന്നുള്ള ഇന്ദർജിത് കൗർ ആസിഡ് ആക്രമണത്തിന് വിധേയയാകുന്നത്. അവരെ വിവാഹം കഴിക്കാൻ ആഗ്രഹിച്ച മൻജിത് സിംഗ് ആണ് അവരെ ആക്രമിക്കുന്നത്. അവർക്ക് ആ ആക്രമണത്തിൽ കാഴ്ച നഷ്ടപ്പെടുകയും ഭീകരമായി പരിക്കേൽക്കുകയും ചെയ്തു.
ട്യൂഷൻ എടുത്ത് ജീവിച്ചിരുന്ന അവർക്ക് ജീവനോപാധി നഷ്ടമായി. പിന്നീട് ഇഛാശക്തി കാരണം അവർ പഠനം പൂർത്തിയാക്കി ബാങ്ക് ജോലിക്കാരിയായി. ഹരിയാനയിലും പഞ്ചാബിലും ആസിഡ് ആക്രമണത്തിനിരയാവുന്നവർക്ക് സൗജന്യ ചികിത്സാ സഹായം ഉണ്ടാകുന്നത് ഈ സംഭവത്തിന് ശേഷമാണ്. കേരളത്തിൽ 2018 മുതൽ 21 വരെയുള്ള കാലയളവിൽ 39 ആസിഡ് ആക്രമണക്കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു.
കേരളത്തിൽ എന്തുകൊണ്ടാണ് ഇത്തരം കുറ്റകൃത്യങ്ങൾ കൂടുന്നു എന്നത് പഠന വിഷയമാക്കേണ്ടതുണ്ട്. പ്രണയ പിന്മാറ്റങ്ങൾ തോൽവിയായി കാണുന്ന രീതിയുണ്ട്. 'തേച്ചിട്ടു പോവുക' എന്ന ഒരു പ്രയോഗം തന്നെ പുതിയതായി വന്നിട്ടുണ്ട്.

പ്രണയ പിന്മാറ്റങ്ങൾ കേരളത്തിന്റെ 'ആക്രമണോൽസുക ആണത്ത'ത്തിന് അസഹ്യമാവുന്ന അവസ്ഥയുണ്ട്. വളരെ അധികം മേധാവിത്വപരമായ പുരുഷ നിർമിതികൾ ആഘോഷിക്കുന്ന നാടാണ് കേരളം. സാഹിത്യത്തിലും സിനിമയിലുമെല്ലാം അത് കാണാം. അജയ്യരായ പുരുഷ സിംഹങ്ങൾ, അധികാരം കേന്ദ്രീകരിച്ച പുരുഷ രൂപങ്ങൾ.

സ്ത്രീകളുടെ വിദ്യാഭ്യാസത്തിലും മറ്റുമുള്ള ഉയർച്ചക്ക് ആനുപാതികമായി കുടുംബ ബന്ധങ്ങളിൽ മാറ്റം വരുന്നില്ല. പുരുഷൻ മാരുടെ / ആൺകുട്ടികളുടെ പഠനനില പെൺകുട്ടികളെ / സ്ത്രീകളെ അപേക്ഷിച്ചു കുറവാണ്. ഏറ്റവും അവസാനം റിപ്പോർട്ട് ചെയ്ത വിവാഹത്തലേന്ന് പെൺകുട്ടിയുടെ അച്ഛനെ കൊലപ്പെടുത്തിയ കേസിൽ ആ ആലോചന പരിഗണിക്കാതിരിക്കാനുള്ള ഒരു കാരണം പെൺകുട്ടിയുടെ, ആൺകുട്ടിയെ അപേക്ഷിച്ചുള്ള കൂടിയ വിദ്യാഭ്യാസ നിലവാരമാണ്.

വിവാഹത്തിന് നൽകിയിട്ടുള്ള അമിത പ്രാധാന്യവും അതിലെ നിയമ വിരുദ്ധ ഘടകങ്ങളും (ജാതി, മതം, സ്ത്രീധനം) ഇത്തരം അതിക്രമങ്ങളിലേക്കു നയിക്കുന്ന സാഹചര്യങ്ങളാണ്. ഒരു രീതിയിൽ വളരെ പുരോഗമന സമൂഹമാവുകയും മറ്റൊരു രീതിയിൽ വളരെ യാഥാസ്ഥിതികമായിരിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ട്.
സ്ത്രീകളുടെ ശാക്തീകരണം ഉൾക്കൊള്ളുന്ന ഒരു സമൂഹമല്ല കേരള സമൂഹം. ചില അപവാദങ്ങൾ ഉണ്ടെന്നാലും സജീവമായി സ്ത്രീ ഊർജം വർത്തമാന കേരളത്തിൽ ദൃശ്യമാകുന്നില്ല.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും രണ്ടു തരം പരിഗണന നൽകുന്നതും ഒരു പ്രശ്‌നമാണ്. വീടകങ്ങളിൽ പ്രവേശനമില്ലാത്ത അവർക്ക് പല കാര്യങ്ങളും അറിയാനുള്ള അവസരങ്ങളില്ല. പൊരുതി നേടേണ്ടതല്ല പ്രണയമെന്നത് അറിയാതെ പോകുന്നു. ലഹരിയുടെ ഉപയോഗവും ലഭ്യതയും ആക്രമണോൽസുകതയെ വല്ലാതെ സഹായിക്കുന്നു.

സാമൂഹിക മാനസിക ആരോഗ്യം കുറഞ്ഞുപോയ ഒരു സമൂഹമായി കേരളം മാറുന്നുണ്ടെന്നാണ് മാനസിക ശാസ്ത്ര വിദഗ്ധർ വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ ഈ വിഷയങ്ങൾ സവിശേഷമായ പഠനങ്ങൾക്ക് വിധേയമാക്കേണ്ടതുണ്ട്.

 

Latest News