ലോകത്തിലെ ഏറ്റവും മൂല്യമുള്ള ബാങ്കുകളില്‍ എച്ച്. ഡി. എഫ്. സിക്ക് നാലാം സ്ഥാനം

മുംബൈ- എച്ച്. ഡി. എഫ്. സിയും എച്ച്. ഡി. എഫ്. സി ബാങ്കും തമ്മിലുള്ള ലയനം പൂര്‍ത്തിയായതോടെ ലോകത്തിലെ ഏറ്റവും മൂല്യമുള്ള ബാങ്കുകളുടെ പട്ടികയില്‍ ഇന്ത്യയിലെ എച്ച്. ഡി. എഫ.് സിക്ക് നാലാം സ്ഥാനം. 
 
ജെ. പി. മോര്‍ഗന്‍ ചേ ആന്റ് കമ്പനി, ഇന്‍ഡസ്ട്രിയല്‍ ആന്റ് കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ് ചൈന ലിമിറ്റഡ്, ബാങ്ക് ഓഫ് അമേരിക്ക കോര്‍പ് എന്നിവയ്ക്ക് പിറികിലാണ് എച്ച്. ഡി. എഫ്. സി പട്ടികയില്‍ സ്ഥാനം നേടിയത്. ലയനത്തോടെ മൂല്യം ഏകദേശം 172 ബില്യണ്‍ ഡോളറായതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഉപഭോക്താക്കളുടെ എണ്ണം 120 ദശലക്ഷമായും വര്‍ധിച്ചു. ജര്‍മനിയിലെ ജനസംഖ്യയേക്കാള്‍ കൂടുതലാണ് ഇത്. ശാഖകളുടെ എണ്ണം 8,300ലേറെയാകും. അതോടൊപ്പം ജീവനക്കാര്‍ 177,000ത്തിലധികമാകും. 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെയും ഐ. സി. ഐ. സി. ഐ ബാങ്കിനെയും 62 ബില്യണ്‍ ഡോളറും 72 ബില്യണ്‍ ഡോളറും വിപണി മൂലധനത്തോടെ എച്ച്. ഡി. എഫ്. സി പിന്നിലാക്കുമെന്നാണ് ജൂണ്‍ 22 വരെയുള്ള കണക്കുകള്‍ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പറയുന്നത്. 

ഹൗസിംഗ് ഫിനാന്‍സ് കമ്പനിയായ എച്ച് .ഡി. എഫ്. സിയെ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വായ്പാ ദാതാക്കളായ എച്ച്. ഡി. എഫ്. സി ബാങ്കുമായി ലയിപ്പിക്കുന്നത് ജൂലൈ ഒന്നിനാണ് പ്രാബല്യത്തിലായത്. ലയന കരാറിന് ശേഷം എച്ച്. ഡി. എഫ്. സി ബാങ്ക് പൂര്‍ണമായും പൊതു ഓഹരി ഉടമകളുടെ ഉടമസ്ഥതയിലാകും.

Latest News