പാരീസിലെ കലാപത്തില്‍ അറുന്നൂറിലേറെ പേര്‍ അറസ്റ്റില്‍

പാരീസ്- ആഫ്രികക്കന്‍ വംശജനായ 17 വയസ്സുകാരനെ പോലീസ് വെടിവെച്ചു കൊന്നതിനെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ 600ലേറെ പേര്‍ അറസ്റ്റില്‍. കൂടുതല്‍ മേഖലകളിലേക്ക് കലാപം പടരുകയാണെന്നാണ് റിപ്പോര്‍ട്ട്. 

അതിനിടെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റാരോപിതനായ പോലീസ് ഉദ്യോഗസ്ഥന്‍ ഇരയുടെ കുടുംബത്തോട് മാപ്പ് പറഞ്ഞതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ലോറന്റ് ഫ്രാങ്ക് ലിയനാര്‍ഡ് പറഞ്ഞു.

അള്‍ജീരിയന്‍- മൊറോക്കന്‍ വംശജനായ നഹെല്‍ എം എന്ന കൗമാരക്കാരനെയാണ് പാരീസിന്റെ പടിഞ്ഞാറന്‍ പ്രാന്തപ്രദേശത്തുള്ള തൊഴിലാളിവര്‍ഗ നഗരമായ നാന്ററെയില്‍ ട്രാഫിക് സ്റ്റോപ്പില്‍ പോലീസ് ഉദ്യോഗസ്ഥന്‍ വെടിവെച്ചു കൊന്നത്. തുടര്‍ന്നാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. 

പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് വാഹനമോടിക്കുന്നതിനിടെ ഇടതുകൈയിലും നെഞ്ചിലുമായി വെടിയേറ്റാണ് നഹേല്‍ മരിച്ചത്. തനിക്കോ മറ്റ് ആളുകള്‍ക്കോ പരിക്കേല്‍ക്കുമെന്ന് ഭയന്നാണ് വെടിവെച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സംഭവത്തെത്തുടര്‍ന്ന് ഫ്രാന്‍സിലെ പ്രധാന നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിച്ചതോടെയാണ് അക്രമം ആരംഭിച്ചത്.

Latest News