Sorry, you need to enable JavaScript to visit this website.

സേവന സന്നദ്ധതയുടെ വിശ്വസൗന്ദര്യം

വിവിധ മലയാളി കൂട്ടായ്മകളുടെ കീഴിലുള്ള ഹജ് വളണ്ടിയർമാർ

തിരക്കുപിടിച്ച ജീവിതത്തിനിടയിൽ  സന്നദ്ധ പ്രവർത്തനം അഥവാ വളണ്ടിയറിംഗ്  എന്ന ആശയം അസാധ്യമായ ഒരു കാര്യമായി പലർക്കും  തോന്നിയേക്കാം. എന്നാൽ സന്നദ്ധ സേവനം കൊണ്ടുള്ള മെച്ചങ്ങൾ തിരിച്ചറിഞ്ഞാൽ എത്ര തിരക്കിട്ട ഷെഡ്യൂളിനിടയിലും കുറച്ച് നേരം അതിനായി നാം വിനിയോഗിക്കുക തന്നെ ചെയ്യും. ഏറെ പുണ്യം വാരിക്കൂട്ടാൻ കഴിയുന്നതിനപ്പുറം മറ്റു പല പ്രയോജനങ്ങളും കൂടി ലഭിക്കുന്നതാണ് സന്നദ്ധ സേവന പ്രവർത്തന രംഗം. 'അന്യജീവനുതകീ സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ' എന്ന കവി വചനം നമ്മെ ചിന്തിപ്പിക്കേണ്ടതുണ്ട്.
പല കാരണങ്ങളാൽ വളണ്ടിയറിംഗ് പ്രധാനമാണ്,  കൂടുതൽ സമയമൊന്നും അതിനായി ചെലവാക്കണമെന്നില്ല. വാസ്തവത്തിൽ, സന്നദ്ധ പ്രവർത്തനത്തിന്റെ നേട്ടങ്ങൾ വളരെ
വലുതാണ്.  ഒരു വളണ്ടിയറുടെ  സഹായം സ്വീകരിക്കുന്ന സമൂഹത്തിനോ  വ്യക്തിക്കോ ഓർഗനൈസേഷനോ മാത്രമല്ല, മറ്റുള്ളവർക്കും സമൂഹത്തിനും നന്മ ചെയ്യുന്ന വളണ്ടിയർക്ക് തന്നെ സ്വാഭാവികമായ ഒരു നേട്ടമായി  അഭിമാനിക്കാനും ആത്മസംതൃപ്തി അനുഭവിക്കാനും അദ്ദേഹത്തിന്റെ പ്രവർത്തനം ഇടയാക്കുന്നു. കൂടാതെ സന്നദ്ധ പ്രവർത്തകനായി പ്രവർത്തിക്കുന്നത് ആത്മാഭിമാനവും മെച്ചപ്പെട്ട സ്വത്വബോധവും പ്രദാനം ചെയ്യുന്നു.
സന്നദ്ധ പ്രവർത്തനം വളരെ അർത്ഥവത്തായതും ആസ്വാദ്യകരവുമാണ്, അതാകട്ടെ, നമ്മുടെ   മാനസികാരോഗ്യത്തിനും ക്ഷേമത്തിനും ഏറെ പ്രയോജനപ്പെടുന്നു. ഒരു സമൂഹത്തിന്റെ  ഭാഗമായി തോന്നാൻ അത് നമ്മെ സഹായിക്കുന്നു.
നമ്മുടെ  കഴിവുകൾ പങ്കിടാനും പുതിയ കഴിവുകൾ പഠിക്കാനും മികച്ച തൊഴിൽ-ജീവിത സന്തുലിതത്വം  നേടിയെടുക്കാനും അത്  നമ്മെ  സഹായിക്കുന്നു.
സമ്മർദം, ഏകാന്തത, സാമൂഹിക ഒറ്റപ്പെടൽ, വിഷാദം എന്നിവയെ ചെറുക്കാൻ സഹായിക്കുന്നതോടൊപ്പം പുതിയ ആളുകളെ കണ്ടുമുട്ടാനും  അവരുമായി ഇടപഴകാനും വളണ്ടിയറിംഗ് ഏറെ സഹായിക്കുന്നു. മനുഷ്യരുടെ സുഖദുഃഖങ്ങൾ കൂടുതൽ അടുത്തറിയാനും മനസ്സിലെ അലിവും കനിവും വർധിപ്പിക്കാനും അന്യന്റെ ക്ഷേമത്തിൽ നിരുപാധികം പങ്കാളികളാവാനും അത് വഴിയൊരുക്കുന്നു.
നമ്മുടെ  സ്വാഭാവികമായ കംഫർട്ട് സോണിൽ നിന്നും ചുറ്റുപാടിൽ  നിന്നും നമ്മെ  പുറത്തെടുക്കുന്നതിലൂടെ നമ്മുടെ  ആത്മവിശ്വസം വർധിപ്പിക്കാൻ അത് സഹായിക്കുന്നു. തീർച്ചയായും മറ്റുള്ളവരുടെ ക്ഷേമത്തിനായി   മുന്നിട്ടറങ്ങി പ്രവർത്തിക്കുന്നത് നമുക്ക് നമ്മെ കുറിച്ചുള്ള മതിപ്പ് വർധിക്കാൻ സഹായിക്കുന്നു. നമ്മുടെ  പതിവ് ദിനചര്യയിലേക്ക് സന്നദ്ധ പ്രവർത്തനം ഉൾച്ചേർക്കുമ്പോൾ  സമൂഹവുമായുള്ള നമ്മുടെ  ബന്ധത്തെ അത്  ശക്തിപ്പെടുത്തുകയും സമാന താൽപര്യമുള്ള ആളുകളുമായി കൂടുതൽ ഇടപഴകാനും നമ്മുടെ കഴിവുകൾ മറ്റുള്ളവരുമായി പങ്കുവെക്കാനും കഴിയുന്നു. സന്നദ്ധ സേവനം നമ്മുടെ  സാമൂഹിക ശേഷി  പരിശീലിക്കാനും വികസിപ്പിക്കാനുമുള്ള അവസരവും നൽകുന്നു.
പതിവായി മറ്റുള്ളവരുമായി വളണ്ടിയറിംഗിലൂടെ സമ്പർക്കം പുലർത്തുന്നതിനാൽ   ശക്തമായ ആത്മബോധം, സാമൂഹ്യ പിന്തുണ എന്നിവ വളർത്താൻ  സഹായിക്കും. 
ആത്മസംഘർഷം, വിഷാദം എന്നിവയിൽ നിന്ന് നമ്മെ  സംരക്ഷിക്കാൻ സഹായിക്കുന്നതിനൊപ്പം, സന്നദ്ധ പ്രവർത്തനം മാനസികാരോഗ്യം വീണ്ടെടുക്കുന്നതിനും ഏറെ പ്രയോജനപ്പെടുന്നു.  ഔപചാരികമോ  അനൗപചാരികമോ ആയ തരത്തിൽ സന്നദ്ധ പ്രവർത്തനങ്ങൾ ആകാം.
ബേബി സിറ്റിംഗ്, വീട്  അറ്റകുറ്റപ്പണികൾ അല്ലെങ്കിൽ രോഗി പരിചരണം തുടങ്ങിയ കാര്യങ്ങളിൽ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും സഹായിക്കാം. സാധാരണയായി ഒരു ചാരിറ്റി, അല്ലെങ്കിൽ മറ്റു ലാഭേഛയില്ലാത്ത കമ്യൂണിറ്റി ഓർഗനൈസേഷൻ വഴിയാണ് ഔപചാരിക വളണ്ടിയറിംഗ് നടക്കുന്നത്. വിവിധ ആവശ്യങ്ങൾക്കായി സന്നദ്ധ പ്രവർത്തകരെ തേടുന്ന നിരവധി സംഘടനകൾ സ്വദേശത്തും വിദേശത്തും ധാരാളമായി പ്രവർത്തിക്കുന്നുണ്ട്.
സൗദി അറേബ്യയിലെ പ്രവാസികളിൽ പലരും ലോകത്തിന്റെ  നാനാഭാഗങ്ങളിൽ നിന്നും  വർഷത്തിൽ ഹജിനായി മക്കയിലെത്തുന്ന ലക്ഷക്കണക്കിന് തീർത്ഥാടകരെ സേവിക്കാൻ സമയം കണ്ടെത്തുന്നവരാണ്. ദേശ ഭാഷ വ്യത്യാസങ്ങൾ കൊണ്ട് സമ്പന്നമായ ആ ലോക മഹാസമ്മേളനം വിളിച്ചോതുന്നത്  മനുഷ്യത്വത്തിന്റെ  നാനാത്വത്തിലുള്ള ഏകത്വവും ഏകനായ സ്രഷ്ടാവിലുള്ള അചഞ്ചലമായ വിശ്വാസവും സമർപ്പണവുമാണല്ലോ. ചിട്ടയായ പരിശീലനത്തിലൂടെ വിവിധ സംഘടനകളുടെ ബാനറിൽ ആബാലവൃദ്ധം ഹാജിമാരെ സഹായിക്കുന്ന മലയാളി വളണ്ടിയർമാർ ഇതിനകം തന്നെ ലോകശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. 
കേരള ഹജ് വെൽഫെയർ ഫോറം, കെ.എം.സി.സി, നവോദയ,  ഫ്രറ്റേണിറ്റി ഫോറം, ഒ.ഐ.സിസി, രിസാല സ്റ്റഡി സർക്കിൾ, വിവിധ ഇസ്‌ലാഹി സെന്ററുകൾ  തുടങ്ങി പല പ്രവാസി സംഘടനകളും ഹാജിമാരെ സേവിക്കാൻ ഇന്ത്യൻ കോൺസുലേറ്റിന്റെ സഹകരണത്തോടെ ഇപ്പോൾ രംഗത്തുണ്ട്. സൗദി സർക്കാരിന്റെ നിരവധി സന്നദ്ധ ഏജൻസികൾക്ക് പുറമേയാണിത്. വഴി തെറ്റുന്ന ഹാജിമാർക്ക് താമസ സ്ഥലത്തേക്കുള്ള വഴി കാണിച്ച് കൊടുക്കുക, രോഗികളും അവശരുമായ ഹാജിമാരെ വീൽചെയർ സംവിധാനമുപയോഗിച്ച് സഹായിക്കുക, സ്റ്റേഷനുകളിലും മറ്റും ആവശ്യമായ സേവനങ്ങൾ നൽകുക തുടങ്ങി ഹാജിമാർക്ക് സൗജന്യമായി ഭക്ഷണ വിതരണം വരെ ശാസ്ത്രീയമായ രീതിയിൽ നടത്തുന്നതിൽ ഈ സന്നദ്ധ പ്രവർത്തകർ ചെയ്യുന്ന സേവനം നിസ്തുലമാണെന്ന് പറയാതെ വയ്യ.  ഇന്ത്യൻ പതാകയുടെ നിറമേന്തിയ ഓവർ കോട്ടണിഞ്ഞ് മിനായിലും മുസ്ദലിഫയിലും ഇരുഹറമുകളിലും എയർപോർട്ടുകളിലും ഇവർ നൽകുന്ന നിസ്വാർത്ഥ സേവനങ്ങൾ ആരാലും വിലമതിക്കുന്നത് തന്നെയാണ്. പതിനഞ്ച് വർഷക്കാലത്തെ എന്റെ ജിദ്ദ ജീവിതത്തിനിടയിൽ ഞാനേറ്റവും കൂടുതൽ ഓർക്കുന്ന ദിനരാത്രങ്ങളിൽ പ്രധാനപ്പെട്ടവ നിരുപമ സേവനം കൊണ്ട് അല്ലാഹുവിന്റെ  അതിഥികളെ സൽക്കരിച്ച ആയിരക്കണക്കിന് വരുന്ന അത്തരം നിസ്വാർത്ഥ സന്നദ്ധ സേവന പ്രവർത്തകരോടൊപ്പം ചെലവിട്ടവയായിരുന്നെന്ന് പറയാതെ വയ്യ.

Latest News