മുംബൈ- മഹാരാഷ്ട്രയിലെ ജല്‍നയില്‍ സ്ത്രീയെ കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ഭാര്യയെ കൊലപ്പെടുത്തി ഇയാള്‍ കള്ളക്കഥ പ്രചരിപ്പിക്കുകയായിരുന്നു.
തങ്ങള്‍ സഞ്ചരിച്ച കാറിനു പിന്നില്‍ വാനില്‍ ഇടിച്ച് അപകടമുണ്ടായെന്നും തീവ്രശ്രമം നടത്തിയിട്ടും ഭാര്യയെ രക്ഷിക്കാന്‍ സാധിച്ചില്ലെന്നുമാണ് ഇയാള്‍ പറഞ്ഞിരുന്നത്. എന്നാല്‍ വാഹനങ്ങളില്‍ ഇടിച്ചതിന്റെ ലക്ഷണമൊന്നും കാണാത്തതിനെ തുടര്‍ന്നാണ് പോലീസിനു സംശയം തോന്നിയത്. ഇയാളുടെ മൊഴികളിലെ വൈരുധ്യവും പോലീസിന്റെ ശ്രദ്ധയില്‍ പെട്ടു.
ജൂണ്‍ 24 ന് പുലര്‍ച്ചെ ബുല്‍ധാന ജില്ലയിലെ ക്ഷേത്ര നഗരമായ ഷെഗാവില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് ഭര്‍ത്താവ് ഭാര്യയെ കാറിനുള്ളില്‍ തീകൊളുത്തി കൊലപ്പെടുത്തിയത്.
ജല്‍നയിലെ മന്ത തഹസില്‍ കര്‍ള സ്വദേശിയാണ് പ്രതി.
ഷെഗാവിലെ ഗജാനന്‍ മഹാരാജ് ക്ഷേത്രത്തില്‍ നിന്ന് ഭാര്യക്കൊപ്പം കാറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നും വാഹനത്തിനു പിന്നില്‍ നിന്ന് പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നുവെന്നുമാണ് പ്രതി പറഞ്ഞിരുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കാര്‍ നിര്‍ത്തി വാന്‍ െ്രെഡവറുമായി തര്‍ക്കത്തിലേര്‍പ്പെട്ടുവെന്നും എന്നാല്‍ കാറിന് പെട്ടെന്ന് തീപിടിക്കുകയും വാഹനത്തിന്റെ ഡോറുകള്‍ തുറക്കാനാകാതെ വന്നതോടെ ഭാര്യ അകത്ത് കുടുങ്ങിയെന്നുമായിരുന്നു വിശദീകരണം. തീവ്രശ്രമം നടത്തിയിട്ടും ഭാര്യയെ രക്ഷിക്കാനായില്ലെന്നും കത്തിക്കരിഞ്ഞുവെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.
എന്നാല്‍, മൊഴിയില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയെന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ മരുതി ഖേദ്കര്‍ പറഞ്ഞു. 13 വര്‍ഷം മുമ്പ് വിവാഹിതരായ ദമ്പതികള്‍ക്ക് കുട്ടിയുണ്ടായിരുന്നില്ല.
ആണ്‍കുഞ്ഞിനെ വേണമെന്ന് പറഞ്ഞ് പ്രതി ഭാര്യയെ ഉപദ്രവിക്കുകയും വിവാഹമോചനം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യാറുണ്ടായിരുന്നു. പലപ്പോഴും ഇക്കാര്യത്തില്‍ വഴക്കിടാറുണ്ടായിരുന്നു. ഒടുവില്‍ ഭാര്യയെ ഇല്ലാതാക്കാന്‍ ഗൂഢാലോചന നടത്തിയെന്നും അതിന്റെ ഭാഗമായിരുന്നു ഷെഗാവ് സന്ദര്‍ശനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






