പണം കടം നല്‍കിയ സുഹൃത്തിനെ കുത്തിക്കൊന്നയാള്‍ക്ക് ജീവപര്യന്തം

ചെന്നൈ- തമിഴ്‌നാട്ടിലെ ട്രിപ്ലിക്കേനില്‍ നാലു വര്‍ഷം മുമ്പ് പണമിടപാട് തര്‍ക്കത്തിന്റെ പേരില്‍ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ 61 കാരനെ സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ട്രിപ്ലിക്കേനിലെ എം. പരശുരാമനെ (53) കൊലപ്പെടുത്തിയ കേസില്‍ പി.പനീര്‍സെല്‍വത്തിനെയാണ് ശിക്ഷിച്ചത്.
പരശുരാമനില്‍നിന്ന് പ്രതി പനീര്‍ശെല്‍വം പണം കടം വാങ്ങിയിരുന്നു.  2019 ഫെബ്രുവരി 18 ന് പരശുരാമന്റെ വീട്ടിലെത്തിയ പനീര്‍സെല്‍വം വായ്പയുടെ പേരില്‍ ആരംഭിച്ച തര്‍ക്കത്തിനൊടുവില്‍ പരശുരാമനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.കൃത്യത്തിനുശേഷം ഇയാള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ പരശുരാമന്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. കൊലപാതകക്കുറ്റം ചുമത്തി ഐസ് ഹൗസ് പോലീസാണ് പനീര്‍ സെല്‍വത്തെ അറസ്റ്റ് ചെയ്തത്. വിചാരണയുടെ അവസാനം 17ാം സിറ്റി സെഷന്‍സ് കോടതിയാണ് പ്രതി  കുറ്റക്കാരനാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 5,000 രൂപ പിഴയും ചുമത്തി.

 

Latest News