സ്റ്റോക്ക്ഹോം- സ്വീഡനിൽ ഖുർആൻ കത്തിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി തുർക്കി. ബുധനാഴ്ച സ്റ്റോക്ക്ഹോമിലെ മസ്ജിദിനു പുറത്താണ് ഇറാഖി അഭയർഥി വിശുദ്ധ ഖുർആനിൽ ഉപ്പിട്ടുണക്കിയ പന്നിയിറച്ചി (ബേക്കൺ) നിറച്ച് കത്തിച്ചത്. മുസ്ലിംകൾ ഈദുൽ അദ്ഹ അവധി ആഘോഷിക്കുന്ന ആദ്യ ദിവസം നഗരത്തിലെ പ്രധാന പള്ളിക്ക് പുറത്താണ് രണ്ട് പേർ പ്രകോപനപരമായ നടപടി കൈക്കോണ്ടത്.
നാറ്റോയിൽ ചേരാൻ സ്വീഡൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ സംഭവം തുർക്കിയെ ചൊടിപ്പിച്ച സംഭവമാണ്
സംഘാടകരിലൊരാളായ സൽവാൻ മോമിക ഖുർആൻ പകർപ്പിന്റെ പേജുകൾ കീറുകയും അതിൽ ബേക്കൺ ഇടുകയും ചെയ്ത ശേഷം തീയിടുന്നതിനുമുമ്പ് അത് കൊണ്ട് ഷൂസ് തുടച്ചതിന് ഇരുനൂറോളം പേർ സാക്ഷികളായിരുന്നു. രണ്ടാമത്തെ പ്രതിഷേധക്കാരൻ മെഗാഫോണിൽ സംസാരിക്കുകയാണ് ചെയ്തത്.
അവിടെ ഉണ്ടായിരുന്നവർ അക്രമികളുടെ നപടിയിൽ പ്രതിഷേധിച്ച് അല്ലാഹു അക്ബർ എന്നു വിളിച്ചു. അക്രമികളെ കല്ലെറിയാൻ ശ്രമിച്ച ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്വീഡനിലും വിദേശത്തുമുള്ള മുസ്ലിംകൾക്കിടയിൽ വ്യാപക രോഷത്തിന് കാരണമായ ഖുർആൻ കത്തിക്കൽ പ്രതിഷേധങ്ങൾക്കുള്ള പോലീസ് നിരോധനം സ്വീഡിഷ് അപ്പീൽ കോടതി രണ്ടാഴ്ച മുമ്പ് നീക്കിയിരുന്നു. പ്രതിഷേധവുമായി മുന്നോട്ട് പോകാനുള്ള അഭ്യർത്ഥന പോലീസ് അംഗീകരിക്കുകയും ചെയ്തു.
ഇസ്ലാമിനെതിരെയും കുർദിഷ് അവകാശങ്ങൾക്ക് വേണ്ടിയും സ്വീഡനിൽ നടന്ന നിരവധി പ്രകടനങ്ങൾ തുർക്കിയെ നേരത്തെ തന്നെ പ്രതിഷേധത്തിലാക്കിയിരുന്നു. സ്വീഡന് നാറ്റോ പ്രവേശനം ലഭിക്കാൻ തുർക്കിയുടെ പിന്തുണ അനിവാര്യമാണ്.
കഴിഞ്ഞ വർഷം റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തെ തുടർന്നാണ് സ്വീഡൻ നാറ്റോ അംഗത്വം തേടിയത്. എന്നാൽ മുസ്ലിം ഭൂരിപക്ഷ രാജ്യമായ തുർക്കി തീവ്രവാദ ഗ്രൂപ്പുകളായി കരുതുന്ന അംഗങ്ങൾക്ക് സ്വീഡൻ അഭയം നൽകുന്നുവെന്ന് ആരോപിച്ചു. ഈ ആരോപണം നിഷേധിച്ച സ്വീഡനോട് നാറ്റോ അംഗത്വം അംഗീകരിക്കണമെങ്കിൽ തീവ്രവാദികളെ കൈമാറണമെന്നാണ് തുർക്കി ആവശ്യപ്പെട്ടത്.
സ്വീഡനിൽ നമ്മുടെ വിശുദ്ധ ഗ്രന്ഥത്തിനെതിരെ നടന്ന നികൃഷ്ടമായ പ്രതിഷേധത്തെ അപലപിക്കുന്നുവെന്ന് തുർക്കി വിദേശകാര്യ മന്ത്രി ഹകൻ ഫിദാൻ ട്വീറ്റ് ചെയ്തു. ഖുർആൻ നിരോധിക്കാൻ ശ്രമിക്കുന്ന ഇറാഖി അഭയാർത്ഥിയെന്ന് അടുത്തിടെ ഒരു പത്ര അഭിമുഖത്തിൽ സ്വയം വിശേഷിപ്പിച്ച സംഘാടകനായ മോമിക ഉൾപ്പെടെ രണ്ട് പേർ മാത്രമേ പങ്കെടുക്കൂവെന്ന് സ്വീഡിഷ് പോലീസ് നേരത്തെ പറഞ്ഞിരുന്നു..
ഖുർആൻ കത്തിക്കുന്നത് വലിയ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന ആശങ്കയുണ്ടായിരുന്നു, ക്രമസമാധാനപാലനത്തിനായി രാജ്യത്തുടനീളമുള്ള സേനയെ വിളിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞിരുന്നു. ബുധനാഴ്ച പുലർച്ചെ നിരവധി പോലീസ് കാറുകൾ പള്ളിക്ക് സമീപം പാർക്ക് ചെയ്തിരുന്നു.
അതിനിടെ, അടുത്ത മാസം വിൽനിയസിൽ നടക്കുന്ന ഉച്ചകോടിക്ക് മുമ്പോ അതിനുമുമ്പോ നാറ്റോയിൽ ചേരാൻ സ്വീഡൻ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സൺ പറഞ്ഞു.