ഖത്തറില്‍നിന്ന് ബഹ്‌റൈനിലേക്ക് പുറപ്പെട്ട സംഘം അപകടത്തില്‍ പെട്ട് രണ്ട് മലയാളികള്‍ മരിച്ചു

ദോഹ- ഖത്തറില്‍നിന്ന് ബഹ്‌റൈനിലേക്ക് പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ പോയവരുടെ വാഹനം അപകടത്തില്‍പെട്ട് രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം മേല്‍മുറി സ്വദേശി കടമ്പോത്ത്പാടത്ത് മനോജ്കുമാര്‍ അര്‍ജുന്‍ (34), കോട്ടയം മണക്കനാട് സ്വദേശി പാലത്തനാത്ത് അഗസ്റ്റിന്‍ എബി (41) എന്നിവരാണ് മരിച്ചത്. സൗദി അതിര്‍ത്തി കടന്ന് 80ഓളം കിലോമീറ്റര്‍ അകലെയാണ് അപകടം. ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് നാലംഗ സംഘം ദോഹയില്‍നിന്ന് പുറപ്പെട്ടത്. അബു സംറ അതിര്‍ത്തി കടന്നതിനു പിന്നാലെ, ഹുഫൂഫില്‍ എത്തുന്നതിന് മുമ്പാണ് ഇവര്‍ സഞ്ചരിച്ച ലാന്‍ഡ്ക്രൂയിസര്‍ അപകടത്തില്‍പെട്ടത്. നിയന്ത്രണം നഷ്ടമായ വാഹനം മറിയുകയായിരുന്നു.
മനോജ് അര്‍ജുന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അഗസ്റ്റിന്‍ എബിയെ ഹുഫൂഫിലെ അല്‍മന ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെയാണ് മരിച്ചത്.  മനോജ് അര്‍ജുന്റെ മൃതദേഹം കിങ് ഫഹദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി ഹുഫൂഫ് കെ.എം.സി.സി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

 

Latest News