തക്ബീര്‍ ധ്വനികളും ആശംസകളും; ഗള്‍ഫ് നാടുകളില്‍ ഈദാഘോഷം തുടങ്ങി

ജിദ്ദയിൽ പെരുന്നാൾ നമസ്കാരം നിർവഹിച്ച ശേഷം ഫോട്ടോക്ക് പോസ് ചെയ്യുന്ന മലയാളി സുഹൃത്തുക്കൾ

ജിദ്ദ-സര്‍വശക്തനായ അല്ലാഹുവിനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള തക്ബീര്‍ ധ്വനികള്‍ മുഴങ്ങിയ പള്ളികളില്‍ ഈദ് നമസ്‌കാരത്തില്‍ പങ്കെടുത്ത ശേഷം പരസ്പരം ആശ്ലേഷിച്ചും ആംശസകള്‍ കൈമാറിയും സൗദി അറേബയിലെമ്പാടും പെരുന്നാളാഘോഷത്തിനു തുടക്കം. മറ്റു ഗള്‍ഫ് നാടുകളിലും വിശ്വാസികള്‍ ആഹ്ലാദത്തോടെ ഈദ് ആഘോഷിക്കുകയാണ്.
പ്രവാചകന്‍ ഇബ്രാഹിം അല്ലാഹുവിനോട് കാണിച്ച സമര്‍പ്പണവും ത്യാഗവും അനുസ്മരിപ്പിക്കുന്നതാണ് ഈദുല്‍ അദ്ഹ. നമസ്‌കാരത്തില്‍ സംബന്ധിച്ച ശേഷം ആശംസകള്‍ കൈമാറിയും വീടുകള്‍ സന്ദര്‍ശിച്ചും ആഘോഷത്തില്‍ പങ്കെടുക്കുന്ന വിശ്വാസികള്‍ തങ്ങളുടെ സമര്‍പ്പണത്തിന്റെ പ്രതീകമായി മൃഗബലി അര്‍പ്പിക്കുകയും ചെയ്യുന്നു.
സൗദിയിലെ എല്ലാ നഗരങ്ങളിലും പള്ളികളില്‍നിന്ന് പുറത്തിറങ്ങിയ മലയാളികളും സുഹൃത്തുക്കളെ ആശ്ലേഷിച്ചതിനും ആശംസ കൈമാറിയതിനും ശേഷമാണ് താമസ കേന്ദ്രങ്ങളിലേക്ക് മടങ്ങിയത്. നമസ്‌കാരം നിര്‍വഹിച്ച ശേഷം ധാരാളം പേര്‍ ഹാജിമാരെ സഹായിക്കുന്നതിനായി മിനായിലേക്ക് നീങ്ങി.

 

Latest News