കാമുകി പ്രണയം ഉപേക്ഷിച്ചു, വിവാഹപ്പന്തല്‍  മുന്‍ പ്രവാസിയുടെ മരണവേദിയായി

ചിറയിന്‍കീഴ്-ഇന്ന് രാവിലെ പത്തരയ്ക്ക് മകളുടെ വിവാഹം നടക്കാനിരിക്കെയാണ് വര്‍ക്കല കല്ലമ്പലം വടശേരികോണം സ്വദേശി രാജു (61) കൊല്ലപ്പെട്ടത്. മുന്‍ പ്രവാസി രാജുവിന്റെ മകള്‍ ശ്രീലക്ഷ്മിയുടെ മുന്‍കാമുകന്‍ ജിഷ്ണുവും സുഹൃത്തുക്കളുമാണ് കൊലയാളികള്‍. ജിഷ്ണുവുമായി പ്രണയത്തിലായിരുന്ന ശ്രീലക്ഷ്മി ഈ ബന്ധം ഉപേക്ഷിച്ചാണ് പുതിയൊരു ജീവിതത്തിലേക്ക് കടക്കാനൊരുങ്ങിയത്. ഇത് അംഗീകരിക്കാതെ വിവാഹത്തലേന്ന് പെണ്‍കുട്ടിയുടെ വീട്ടിലെത്തി ബഹളമുണ്ടാക്കുകയായിരുന്നു നാലംഗ സംഘം. 
ജിഷ്ണു, സഹോദരന്‍ ജിജിന്‍, സുഹൃത്തുക്കളായ ശ്യാം, മനു എന്നിവരാണ് ഇന്നലെ രാത്രി വിവാഹത്തിന് മുന്നോടിയായുള്ള സല്‍ക്കാരം നടക്കുന്നതിനിടെ ശ്രീലക്ഷ്മിയുടെ വീട്ടിലെത്തിയത്. പാര്‍ട്ടി കഴിഞ്ഞ് തര്‍ക്കത്തിലേര്‍പ്പെട്ട യുവാക്കള്‍ രാജുവിനെ ആക്രമിക്കുകയായിരുന്നു. ജിജിന്‍ എന്ന യുവാവ് മണ്‍വെട്ടി കൊണ്ട് അടിക്കുകയും കത്തി ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ രാജു തല്‍ക്ഷണം മരിച്ചു. സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപെടാന്‍ ശ്രമിച്ച യുവാക്കളെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പോലീസിലേല്‍പ്പിച്ചു.  ഗള്‍ഫില്‍ പ്രവാസിയായിരുന്ന രാജു മൂന്ന് വര്‍ഷം മുമ്പാണ് പ്രവാസം മതിയാക്കി നാട്ടിലെത്തിയത്.  

Latest News