Sorry, you need to enable JavaScript to visit this website.

ഉപ്പും മുളകില്‍ നിഷ തുടരും  സംവിധായകന്‍ പുറത്ത് 

വിവാദങ്ങള്‍ക്കൊടുവില്‍ ജനപ്രിയ സീരിയലായ ഉപ്പും മുളകിന്റെ സംവിധായകന്‍ ആര്‍. ഉണ്ണികൃഷ്ണനെ സീരിയലില്‍നിന്ന് നീക്കി. പകരം പുതിയ സംവിധായകനെ നിയോഗിച്ചു. സംവിധായകനെതിരെ ഗുരുതര ആരോപണങ്ങളുമായി സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നിഷ സാരംഗ് രംഗത്ത് വന്നിരുന്നു. മുന്‍ വൈരാഗ്യം വച്ചു തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ഒടുവില്‍ കാരണം കൂടാതെ സീരിയലില്‍നിന്നു നീക്കം ചെയ്‌തെന്നുമായിരുന്നു ആരോപണം. മുന്‍പ് തന്നോട് മോശമായി പെരുമാറിയത് എതിര്‍ത്തതാണ് സംവിധായകന്‍ പകയോടെ പെരുമാറാന്‍ കാരണമെന്നും നിഷ വെളിപ്പെടുത്തിയിരുന്നു. പിന്തുണയുമായി സിനിമാ താരസംഘടനയായ എ.എം.എം.എ., മിനിസ്‌ക്രീന്‍ താരങ്ങളുടെ സംഘടനയായ ആത്മ, മലയാള സിനിമയിലെ വനിത കൂട്ടായ്മ വിമന്‍ ഇന്‍ സിനിമ കളക്ടീവ് തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. വിവാദമായതോടെ വിഷയത്തില്‍ പ്രതികരണവുമായി ചാനല്‍ രംഗത്തെത്തുകയും ചെയ്തു. നിഷ തന്നെ സീരിയലില്‍ തുടരുമെന്നും സീരിയലില്‍നിന്ന് മാറ്റിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമല്ലെന്നും ചാനല്‍ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. 
സംവിധായകനെ മാറ്റാമെന്ന ഉറപ്പിന്റെ പുറത്താണ് താന്‍ സീരിയലില്‍ തുടരാമെന്ന് സമ്മതിച്ചതെന്നും മറിച്ച് സംഭവിച്ചാല്‍ താന്‍ സീരിയലില്‍ തുടരില്ലെന്നും നിഷ വ്യക്തമാക്കിയിരുന്നു. സീരിയലിന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചെങ്കിലും രണ്ടു ദിവസം കഴിഞ്ഞേ താന്‍ ചിത്രീകരണത്തില്‍ പങ്കെടുക്കൂ എന്നും നിഷ പറഞ്ഞിരുന്നു. സംവിധായകനെ മാറ്റണമെന്ന ആവശ്യം പല ഭാഗത്ത് നിന്നും ഉയര്‍ന്നതോടെ ഉണ്ണികൃഷ്ണനെതിരെ നടപടി സ്വീകരിക്കാതെ രക്ഷയില്ലെന്നായി. മാത്രമല്ല, സംവിധായകനെ മാറ്റി പകരം പുതിയൊരാളെ കൊണ്ടുവന്നതായാണ് സൂചന. 

Latest News