ന്യൂദൽഹി- കുട്ടിയെ തട്ടിക്കൊണ്ടുപോയി മൊബൈൽ വാലറ്റിൽ യുപിഐ വഴി മോചനദ്രവ്യം വാങ്ങിയ 30 വയസ്സുകാരനെ നോയിഡ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുഗ്രാമിലേക്ക് കൊണ്ടുപോയ ആറ് വയസുകാരനെ സുരക്ഷിതമായി വീട്ടിലെത്തിച്ചതായും പോലീസ് അറിയിച്ചു. ഫേസ് 2 പോലീസ് സ്റ്റേഷൻ പരിധിയിലുള്ള നയാ ബൻസ് ഗ്രാമത്തിൽ നിന്ന് കഴിഞ്ഞയാഴ്ചയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയിരുന്നത്.  ജൂൺ 23 ന് എൻഎസ്ഇസെഡ് മെട്രോ സ്റ്റേഷന് സമീപമുള്ള ബെഞ്ചിൽ ഇരിക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയയാൾ  കുട്ടിയുടെ കുടുംബം 30,000 രൂപ നൽകിയതിന് ശേഷം വിട്ടയച്ചതായി പോലീസ് പറഞ്ഞു.
 മോചനദ്രവ്യത്തിനായി പിതാവിനെ വിളിച്ചപ്പോൾ തട്ടിക്കൊണ്ടുപോയയാൾ പോലീസിനെ അറിയിക്കരുതെന്ന് പിതാവിനോട് നിരന്തരം പറഞ്ഞിരുന്നു. ഇയാളെ കണ്ടെത്താൻ പോലീസ് ഇലക്ട്രോണിക് നിരീക്ഷണവും മറ്റും  ഉപയോഗിച്ചു. കുട്ടിയുടെ സുരക്ഷ ഉറപ്പാക്കുക എന്നതായിരുന്നു  പ്രഥമ പരിഗണനയെന്ന് പോലീസ് പറഞ്ഞു.
 ഫോൺപേ ആപ്പ് വഴിയാണ് അജ്ഞാതൻ പണം ആവശ്യപ്പെട്ടിരുന്നത്. ഇയാളെ കണ്ടെത്താനായി പണമിടപാടുമായി മുന്നോട്ട് പോകാൻ പോലീസ് കുടുംബത്തോട് നിർദ്ദേശിക്കുകയായിരുന്നു.







 
  
 