കൊണ്ടോട്ടി- ഹൈക്കോടതിയിൽനിന്ന് വനിതാ കൂട്ടൂകാരിക്കൊപ്പം പോകുന്നില്ലെന്നും രക്ഷിതാക്കളുടെ കൂടെ പോകുകയാണെന്നും മൊഴി നൽകിയ യുവതിയെ തേടി മലപ്പുറം വിമൻസ് പ്രൊട്ടക്ഷൻ ഓഫീസിലെ വനിതാ ഉദ്യോഗസ്ഥർ. കൊണ്ടോട്ടി സ്വദേശിയായ അഫീഫയുടെ വീട്ടിലാണ് വിമൻസ് പ്രൊട്ടക്ഷൻ ഓഫീസിലെ വനിതാ ഉദ്യോഗസ്ഥർ എത്തിയത്. രണ്ടു ദിവസം മുമ്പ് തന്റെ പെൺസുഹൃത്ത് സുമയ്യക്ക് അഫീഫ വാട്‌സാപ്പിലൂടെ മെസേജ് അയച്ചുവെന്നും തന്നെ ഇവിടെ നിന്ന് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും അറിയിച്ചാണ് ഉദ്യോഗസ്ഥർ എത്തിയത്. എന്നാൽ ഇതിനിടെ, അഫീഫയെ ബന്ധുക്കൾ ഒരു കാറിൽ കയറ്റിക്കൊണ്ടുപോയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. വനിതാ സുഹൃത്തായ സുമയ്യക്ക് ഒപ്പം പോകുന്നില്ലെന്ന് അഫീഫ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതനുസരിച്ച് ഹൈക്കോടതിയാണ് അഫീഫയെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചത്. എന്നാൽ പിന്നീട് അഫീഫ മാതാവിന്റെ ഫോൺ വഴി സുമയ്യയുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്നാണ് അഫീഫയുടെ വീട്ടിൽ എത്തിയത് എന്നാണ് വനിതാ പ്രവർത്തകർ പറയുന്നത്.
അഫീഫ സ്വന്തം വീട്ടിൽ സുരക്ഷിതയല്ലെന്നും അവളെ വൺ സ്‌റ്റോപ് സെന്ററിലേക്ക് കൊണ്ടുപോവാൻ ശ്രമിക്കുകയുമായിരുന്നു ഉദ്യോഗസ്ഥർ. എന്നാൽ അിതനിടെ ഉമ്മയും സഹോദരിയും ആത്മഹത്യാഭീഷണി മുഴക്കിയെന്നും വൻ ജനക്കൂട്ടം എത്തിയെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഇതിനിടെ അഫീഫയെ അവർ ഒരു കാറിൽ കയറ്റി കൊണ്ടുപോയെന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്.