കൈതോലപ്പായയില്‍ രണ്ട് കോടി; സി.പി.എം നേതാക്കളെ ഇനിയും നാണം കെടുത്തുമെന്ന് ശക്തിധരന്‍

തിരുവനന്തപുരം- സിപിഎം ഉന്നത നേതാവ് രണ്ട് കോടിയിലേറെ രൂപ പായയില്‍ പൊതിഞ്ഞു കൊണ്ടുപോയെന്ന് വെളിപ്പെടുത്തിയതിനു പിന്നാലെ മറ്റു സി.പി.എം നേതാക്കളേയും മന്ത്രിമാരേയും ഭീഷണിപ്പെടുത്തി ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍.
തന്റെ പണി ഇന്ന് തുടങ്ങുകയാണെന്നും സിംഹാസനത്തില്‍ ഇരിക്കുന്ന ആണും പെണ്ണും നടുറോഡില്‍ തുണിയുരിഞ്ഞു നില്‍ക്കുമ്പോഴേ അപമാനം മനസിലാകൂയെന്നും അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു.  എന്നെയും കുടുംബത്തെയും ഇനിയും അപമാനിക്കാന്‍ ശ്രമിച്ചാല്‍ അര്‍ധരാത്രി സൂര്യനുദിച്ചാല്‍ എന്താകുമെന്ന് അറിയാമല്ലോ. കൂടെ കിടത്തിയിരുന്നവരെയും കൊണ്ട് ഓടേണ്ടിവരിക മന്ത്രിമാര്‍ ആയിരിക്കും. അസത്യത്തിന്റെ കണികപോലും ഉണ്ടാകില്ല.  - ഇങ്ങനെയാണ് ശക്തിധരന്റെ കുറിപ്പിലെ വരികള്‍.
സി.പി.എം ഉന്നതന്‍ രണ്ടു കോടിയില്‍പ്പരം രൂപ പായയില്‍ പൊതിഞ്ഞ് കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോയതായാണ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ശക്തിധരന്‍ ആരോപിച്ചത്. വെളിപ്പെടുത്തലില്‍ കേസെടുക്കണമെന്നും ശക്തിധരന്റെ മൊഴി ഉടന്‍ രേഖപ്പെടുത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
തിരുവനന്തപുരം മുതല്‍ ടൈം സ്‌ക്വയര്‍ വരെ അറിയപ്പെടുന്നയാളാണ് അദ്ദേഹം. ചെത്തുതൊഴിലാളിയുടെ മകന്‍ ഇപ്പോള്‍ കോടീശ്വരനാണ്. വന്‍കിടക്കാര്‍ നല്‍കിയ കോടികള്‍ കൊച്ചി കലൂരിലെ ഓഫീസില്‍ വച്ച് എണ്ണാന്‍ താന്‍ നേതാവിനെ സഹായിച്ചതായും ശക്തിധരന്‍ പറയുന്നു.
കറന്‍സി പൊതിയുന്നതിന് താനും മറ്റൊരു സഹപ്രവര്‍ത്തകനും ചേര്‍ന്നാണ് കൈതോലപ്പായ വാങ്ങിയത്. ഇന്നോവ കാറിന്റെ ഡിക്കിയില്‍ ഇട്ടാണ് പണം തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോയത്. നിലവിലെ ഒരു മന്ത്രി കാറില്‍ ഉണ്ടായിരുന്നതായും ശക്തിധരന്‍ ആരോപിച്ചു. മറ്റൊരവസരത്തില്‍ കോവളത്തെ ഒരു ഹോട്ടലില്‍ വച്ച് പത്തുലക്ഷം രൂപയുടെ രണ്ടുകെട്ടുകള്‍ ഈ ഉന്നതന്‍ കൈപ്പറ്റി. ഇതില്‍ ഒരുകവര്‍ പാര്‍ട്ടിസെന്ററില്‍ ഏല്‍പ്പിച്ചുവെന്നും ശക്തിധരന്റെ കുറിപ്പില്‍ പറയുന്നു. തനിക്കെതിരെ സൈബര്‍ ആക്രമണം തുടര്‍ന്നാല്‍ ഇനിയും വെളിപ്പെടുത്തല്‍ നടത്തുമെന്നാണ് ശക്തിധരന്റെ നിലപാട്.

 

Latest News