ജിദ്ദ- വ്യാപാര സ്ഥാപനത്തിന്റെ പേരില്‍ പുതിയ ബാങ്ക് അക്കൗണ്ട് തുറക്കാനും സ്വദേശത്തേക്ക് പണമയക്കാനും കൈക്കൂലി നല്കിയ മൂന്നു വിദേശികള്‍ ജിദ്ദയില്‍ അറസ്റ്റില്‍. വ്യാപാര സ്ഥാപനത്തിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടില്‍ 3,16,000 റിയാല്‍ നിക്ഷേപിച്ച് ഈ തുക വിദേശത്തേക്ക് അയക്കുന്നതിന് കൂട്ടുനില്‍ക്കുന്നതിന് ബാങ്ക് ഉദ്യോഗസ്ഥന് 4000 റിയാല്‍ കൈക്കൂലി നല്കിയ മൂന്നു വിദേശികളെ അറസ്റ്റ് ചെയ്തതായി സൗദി ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റി അറിയിച്ചു.
ഈ അക്കൗണ്ടുകള്‍ വഴി 29,81,000 റിയാല്‍ വിദേശികള്‍ ഡെപ്പോസിറ്റ് ചെയ്ത് വിദേശങ്ങളിലേക്ക് അയച്ചതായി അന്വേഷണങ്ങളില്‍ വ്യക്തമായി. വിദേശത്തേക്ക് പണമയക്കാന്‍ വേണ്ടി സൗദി വനിതയുടെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനത്തിന്റെ പേരില്‍ ബാങ്കില്‍ അക്കൗണ്ട് തുറക്കാന്‍ ബാങ്ക് ഉദ്യോഗസ്ഥന് 3000 റിയാല്‍ കൈക്കൂലി കൈമാറിയ വിദേശിയെയും അറസ്റ്റ് ചെയ്തു. നിയമ വിരുദ്ധമായി റിയല്‍ എസ്റ്റേറ്റ് വായ്പ അനുവദിക്കാന്‍ വ്യവസായിയില്‍ നിന്ന് 2,10,000 റിയാല്‍ കൈക്കൂലി സ്വീകരിച്ച മൂന്നു ബാങ്ക് ജീവനക്കാരും അറസ്റ്റിലായി. ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്കിയ വ്യവസായിയും ഈ കേസില്‍ അറസ്റ്റിലായിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ് വായ്പാ ഗഡുക്കള്‍ നിയമ വിരുദ്ധമായി എളുപ്പത്തില്‍ വിതരണം ചെയ്യുന്നതിന് പകരം 8000 റിയാല്‍ കൈക്കൂലി സ്വീകരിച്ച ബാങ്ക് ഉദ്യോഗസ്ഥനും വ്യാജ വിവരങ്ങള്‍ ചേര്‍ത്ത് ഭൂമിയുടെ പ്രമാണം അപ്ഡേറ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നാലു ലക്ഷം റിയാല്‍ കൈക്കൂലി ആവശ്യപ്പെടുകയും ഇതിന്റെ ഭാഗമായി 10,000 റിയാല്‍ കൈപ്പറ്റുകയും ചെയ്ത എന്‍ജിനീയറിംഗ് കണ്‍സള്‍ട്ടിംഗ് ഓഫീസില്‍ ജോലി ചെയ്യുന്ന വിദേശ എന്‍ജിനീയറും പിടിയിലായി.
സൗദി അറാംകൊ വെയര്‍ ഹൗസില്‍ നിന്ന് വിലപിടിച്ച വസ്തുക്കള്‍ തട്ടിയെടുക്കാന്‍ അനുവദിക്കുന്നതിന് കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരന് 25,000 റിയാല്‍ കൈക്കൂലി നല്കിയ വിദേശിയെയും അറസ്റ്റ് ചെയ്തു. സ്വകാര്യ സ്ഥാപനത്തിന് നിയമ വിരുദ്ധമായി പ്രൊഫഷനല്‍ ലൈന്‍സ് അനുവദിക്കുന്നതിന് പകരം 47,658 റിയാല്‍ കൈക്കൂലി കൈപ്പറ്റിയ സൗദി ഇലക്ട്രിസിറ്റി കമ്പനിയുമായി കരാര്‍ ഒപ്പുവെച്ച സ്വകാര്യ കമ്പനി ജീവനക്കാരനായ വിദേശ എന്‍ജിനീയറും പദ്ധതിയിലെ നിയമ ലംഘനങ്ങള്‍ക്കു നേരെ കണ്ണടയ്ക്കുന്നതിനു പകരം 55,000 റിയാല്‍ കൈക്കൂലി നല്കിയ എന്‍ജിനീയറിംഗ് കണ്‍സള്‍ട്ടിംഗ് കമ്പനിയില്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന വിദേശിയും വിദ്യാഭ്യാസ മന്ത്രാലയത്തില്‍ അഴിമതിക്ക് കൂട്ടുനിന്ന മന്ത്രാലയ ഉദ്യോഗസ്ഥനും മന്ത്രാലയവുമായി കരാര്‍ ഒപ്പുവെച്ച സ്വകാര്യ കമ്പനി ജീവനക്കാരനായ വിദേശിയും അറസ്റ്റിലായിട്ടുണ്ട്.






