ലഹരി പ്രോത്സാഹിപ്പിക്കുന്നു; ലിയോ ​ഗാനത്തിൽ നടൻ വിജയ്ക്കെതിരെ പോലീസിൽ പരാതി

ചെന്നൈ- ലോകേഷ് കനകരാജ് ചിത്രമായ ലിയോയിലെ ഗാനത്തിന്റെ പേരില്‍ നടന്‍ വിജയ്‌ക്കെതിരെ പരാതി. വിജയ്‌യുടെ ജന്മദിനത്തില്‍ പുറത്തിറക്കിയ 'നാ റെഡി' എന്ന ഗാനത്തിനെതിരെ സാമൂഹ്യപ്രവര്‍ത്തകന്‍ കൊരുക്കുപ്പേട്ട സ്വദേശി സെല്‍വമാണ് പോലീസില്‍ പരാതി നല്‍കിയത്. ഗാനം ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് സെല്‍വം ചെന്നൈ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.
അനിരുദ്ധ് സംഗീതം നല്‍കിയ ഗാനം ആലപിച്ചത് നടന്‍ വിജയ് തന്നെയാണ്. സോണി മ്യൂസിക് സൗത്ത് യൂട്യൂബ് ചാനല്‍ വഴി പുറത്തുവിട്ട ഗാനത്തിന്റെ വീഡിയോയില്‍ വിജയ് സിഗരറ്റ് വലിക്കുന്നതായി കണ്ടതിന്റെ പശ്ചാത്തലത്തിലാണ് പരാതി നല്‍കിയിരിക്കുന്നത്.
ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലെ മൂന്നാമത്തെ ചിത്രമാണ് ലിയോ. കൈതി, വിക്രം എന്നിവയാണ് ആദ്യ രണ്ട് ചിത്രങ്ങൾ. ലിയോയില്‍ വിജയിയുടെ നായികയായെത്തുന്നത് തൃഷയാണ്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദ റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസ്വാമിയും ചേര്‍ന്നാണ് ലിയോ നിര്‍മ്മിക്കുന്നത്. സഞ്ജയ് ദത്ത്, അര്‍ജ്ജുന്‍ സര്‍ജ്ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, അഭിരാമി വെങ്കടാചലം, ബാബു ആന്റണി തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഒക്ടോബര്‍ 19-ന് ലിയോ തിയറ്ററുകളിലെത്തും.

Latest News