നടന്‍ സൂരജ് കുമാറിന് ബൈക്ക് അപകടത്തില്‍ കാല്‍ നഷ്ടമായി

മൈസൂരു-  ബൈക്കപകടത്തില്‍ ഗുരുതര പരിക്കേറ്റ കന്നഡ നടന്‍ സൂരജിന് കാല്‍ നഷ്ടമായി. ബേഗൂരിനടുത്ത് മൈസൂരു-ഗുണ്ടല്‍പേട്ട് ഹൈവേയിലായിരുന്നു അപകടം. പരിക്കുപറ്റിയ ഉടന്‍ മൈസൂരുവിലെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തിന്റെ വലതുകാല്‍ മുറിച്ചുമാറ്റി.
ധ്രുവന്‍ എന്നുകൂടി അറിയപ്പെടുന്ന താരമാണ് സൂരജ്. മൈസൂരില്‍ നിന്ന് ഊട്ടിയിലേക്ക് ബൈക്കില്‍ പോകുമ്പോള്‍ ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം. ട്രാക്ടറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് ടിപ്പര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ താരത്തിന്റെ കാല്‍മുട്ടിന് താഴെ വെച്ചാണ് മുറിച്ചുമാറ്റിയിരിക്കുന്നത്.
കന്നഡ സിനിമാ ലോകത്തെ സൂപ്പര്‍ താരമായ ശിവരാജ് കുമാറിന്റെ മാതാവ് പര്‍വതമ്മയുടെ അനന്തരവനാണ് സൂരജ്. ശിവരാജ് കുമാറും ഭാര്യയും അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. കന്നഡ നിര്‍മാതാവ് എസ്.എ. ശ്രീനിവാസ് ആണ് സൂരജിന്റെ പിതാവ്.
രഥം എന്ന പേരില്‍ സിനിമയുടെ തിരക്കിലായിരുന്നു താരം. പ്രിയ പ്രകാശ് വാര്യര്‍ നായികയാവുന്ന ഇതുവരെ പേരിട്ടിട്ടില്ലാത്ത ഒരു പ്രോജക്റ്റിലും സൂരജ് ഒപ്പുവച്ചിരുന്നു.

 

Latest News