വിരലടയാള സാമ്യം; തടവിലാക്കപ്പെട്ട ഇന്ത്യൻ‌ തീർഥാടകനെ തൽക്കാലം വിട്ടയച്ചു, ഹജ് നിർവഹിക്കാം

ജിദ്ദ- സൗദിയിൽ സഹായവും ഇടപെടലും ആവശ്യമുള്ള ഘട്ടങ്ങളിലെല്ലാം ഇന്ത്യയിലെ ഏതു സംസ്ഥാനക്കാരായാലും  മുന്നിട്ടിറങ്ങുക മലയാളികളായിരിക്കും. വിശുദ്ധ ഹജ് വേളയിൽ അത്തരം ഒരു ഇടപെടൽ കൂടി വിജയം കണ്ടു. ഹജ് നിർവഹിക്കാനെത്തി തിരിച്ചറിയൽ പ്രശ്‌നത്തിൽ അകപ്പെട്ട്  ജയിലിലായ ഇന്ത്യൻ ഹാജിയെ മോചിപ്പിച്ച് ഹജിന് അവസരമൊരുക്കിയാണ് ഇന്ത്യൻ എംബസിയും മലയാളി സാമൂഹിക പ്രവർത്തകനും. ഇന്ത്യൻ എംബസിയുടെ പിന്തുണയോടെ മലയാളി സമൂഹിക പ്രവർത്തകൻ ഹനീഫ മൂവാറ്റുപുഴയാണ് നിർണായക പങ്ക് വഹിച്ചത്. തടവിലാക്കപ്പെട്ട തീർഥാടകനെ മക്കളെ പോലെ  ആശ്വസിപ്പിക്കാനും മലയാളികൾ രം​ഗത്തുണ്ടായിരുന്നു.
മധ്യപ്രദേശിലെ ഛത്തര്‍പ്പൂര്‍ സ്വദേശിയായ മുഹമ്മദ് ആസിഫ് ഖാൻ അഞ്ച് ദിവസം മുമ്പാണ്  ഭാര്യയ്‌ക്കൊപ്പം ജിദ്ദയിലെത്തിയത്. കുറ്റവാളിയുടെ വിരലടയാളമാണെന്ന സംശയത്തിൽ എത്തിയ ഉടൻ തന്നെ ഇദ്ദേഹത്തെ  കസ്റ്റഡിയിലെടുത്തു. എന്നാൽ ഇദ്ദേഹം സൗദി അറേബ്യയിലോ മറ്റേതെങ്കിലും രാജ്യത്തോ പോയിട്ടില്ലെന്നും ഇന്ത്യയിൽ സർക്കാർ ജീവനക്കാരനാണെന്നും  കുടുംബം അറിയിച്ചെങ്കിലും അധികൃതർ നിയമനുസൃത നടപടികൾ സ്വീകരിക്കുകയായിരുന്നു.
പെട്ടെന്നുള്ള സംഭവവികാസത്തിൽ ഭാര്യ അങ്കലാപ്പിലായിരുന്നു.  16 വർഷം പഴക്കമുള്ള  ഒരു കേസുമായി ബന്ധപ്പെട്ട് ഭർത്താവിനെ കിഴക്കൻ പ്രവിശ്യയിലേക്ക് മാറ്റിയതായാണ് കുടുംബം അറിയിച്ചത്. തുടർന്ന് കുടുംബം ഇന്ത്യൻ എംബസിയെ സമീപിച്ചു.  
ഇന്ത്യൻ അംബാസഡർ സുഹൈൽ അജാസ് ഖാന്റെ ശ്രദ്ധയിൽപ്പെട്ടപ്പോൾ അദ്ദേഹം ഉടനടി ഇടപെട്ടു. സെക്കൻഡ് സെക്രട്ടറി മോയിൻ അക്തറിന്റെ നേതൃത്വത്തിലുള്ള സംഘത്തെ ഇതിനായി പ്രത്യേകം നിയോ​ഗിച്ചു.  ഹജ് എന്ന ചിരകാല സ്വപ്നവുമായെത്തിയ  തീർഥാടകനെ ഹജിനുമുമ്പുതന്നെ പുറത്തിറക്കാൻ  എംബസി ഉദ്യോഗസ്ഥർ കഠിന ശ്രമം നടത്തി.
ദമാം നവോദയ രക്ഷാധികാരി കൂടിയായ  ഹനീഫ മൂവാറ്റുപുഴ തീർത്ഥാടകന്റെ മോചനത്തിനായി എംബസിയുടെ നിരന്തര ശ്രമങ്ങളിൽ പങ്കുചേർന്നു. നിരാശയിലായിരുന്ന തീർഥാടകനെ ആശ്വസിപ്പിക്കാനും ആത്മവീര്യം വർധിപ്പിക്കാനും അദ്ദേഹം ദിവസവും സന്ദർശിച്ചിരുന്നു.

മധ്യപ്രദേശ് സര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസ വകുപ്പില്‍ ഉദ്യോഗസ്ഥനായ  മുഹമ്മദ് ആസിഫ് ഖാൻ കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ജിദ്ദ എയര്‍പോര്‍ട്ടില്‍ പരിശോധനക്കിടെ പിടിയിലായത്. പേരിലും വിരലടയാളത്തിലും സാമ്യമുള്ള മറ്റൊരാള്‍  16 വര്‍ഷങ്ങള്‍ക്ക് മുമ്പ് മുബാറസില്‍ കുറ്റകൃത്യത്തിലേര്‍പ്പെടുകയും ആ കേസ് രേഖകളില്‍ നിന്ന് നീക്കം ചെയ്യപ്പെടാതിരിക്കുകയും ചെയ്തതാണ് പ്രശ്‌നമായത്.
ജീവിതത്തില്‍ ആദ്യമായാണ് സൗദി അറേബ്യയിലെത്തുന്നതെന്നും നാട്ടില്‍ സര്‍ക്കാരുദ്യോഗസ്ഥനാണെന്നും അറിയിച്ചെങ്കിലും കൂടുതല്‍ പരിശോധനകള്‍ക്കായി വിമാനമാര്‍ഗ്ഗം  ദമാമിലേക്കും തുടര്‍ന്ന് കുറ്റകൃത്യം രേഖപ്പെടുത്തിയ മുബാറസ് പോലീസ് സ്‌റേഷനിലേക്കും അയക്കുകയായിരുന്നു. കടുത്ത പ്രമേഹരോഗവും , ഹൈപ്പര്‍ ടെന്‍ഷനുമുള്ള മുഹമ്മദ് ആസിഫ് ഖാന് സൗദിയില്‍ മറ്റു ബന്ധുക്കളൊന്നും സഹായത്തിനുണ്ടായിരുന്നില്ല. മനസ്സറിയാത്ത കുറ്റത്തിന് പരിചയമില്ലാത്ത ദേശത്ത് പ്രതിസന്ധിയിലായത് അദ്ദേഹത്തെ ഏറെ തളര്‍ത്തിയിരുന്നു. കൂടെ വന്നവര്‍ പോലും സംശയത്തോടെ കാണുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

 

Latest News