തട്ടിക്കൊണ്ടു പോവുകയാണെന്നു തെറ്റിദ്ധരിച്ചു; ടെക്‌സസില്‍ യാത്രക്കാരി ഊബര്‍ ഡ്രൈവറെ വെടിവെച്ചുകൊന്നു

ടെക്‌സാസ്- ആണ്‍ സുഹൃത്തിനെ കാണാന്‍ ഊബറില്‍ പോവുകയായിരുന്ന യാത്രക്കാരി തന്നെ തട്ടിക്കൊണ്ടുപോവുകയാണെന്ന് തെറ്റിദ്ധരിച്ച് ഊബര്‍ ഡ്രൈവറെ വെടിവെച്ചുകൊന്നു. കെന്റക്കിയില്‍ നിന്നും ടെക്‌സസിലെത്തിയ ഫോബ് കോപാസ് എന്ന 48കാരിയാണ് ഡ്രൈവറെ കൊലപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ ഊബര്‍ ഡ്രൈവര്‍ ഡാനിയേല്‍ പീദ്ര ഗാര്‍ഷ്യ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 

ഫോബ് കോപാസിനെതിരെ പോലീസ് കേസെടുത്തു. മെക്‌സിക്കോയിലേക്കുള്ള ട്രാഫിക്ക് ചിഹ്നം കണ്ട യുവതി പരിഭ്രാന്തയാവുകയും തന്നെ തട്ടിക്കൊണ്ടു പോവുകയാണെന്ന് കരുതി ഡ്രൈവറുടെ തലയ്ക്കു പിന്നില്‍  വെടിവെക്കുകയുമായിരുന്നു. അതോടെ കാര്‍ അപകടത്തില്‍പ്പെടുകയും ചെയ്തു.
 
പോലീസിനെ വിവരം അറിയിക്കുന്നതിന് മുമ്പ് ആണ്‍സുഹൃത്തിന് സംഭവത്തിന്റെ ചിത്രങ്ങള്‍ അയച്ചുകൊടുക്കുകയായിരുന്നു. അന്വേഷണത്തില്‍ ഫോബിനെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടന്നിട്ടില്ലെന്ന് പോലീസ് കണ്ടെത്തി. ഊബര്‍ ആപ്പില്‍ കാണിച്ച അതേവഴി പോവുക മാത്രമാണ് ഡാനിയല്‍ ചെയ്തതെന്ന് അദ്ദേഹത്തിന്റെ ഭാര്യ പ്രതികരിച്ചു. സംഭവത്തില്‍ ഊബര്‍ ഖേദം രേഖപ്പെടുത്തി. ഇത്തരം അതിക്രമങ്ങള്‍ അനുവദിക്കാനാവില്ലെന്നും അക്രമികളായ യാത്രക്കര്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്നും കമ്പനി പ്രതികരിച്ചു.

Latest News