ന്യൂഡൽഹി - കനത്ത മഴക്കിടെ റെയിൽവേ സ്റ്റേഷനിൽ ഷോക്കേറ്റ് യുവതിക്ക് ദാരുണാന്ത്യം. കിഴക്കൻ ഡൽഹിയിലെ പ്രീത് വിഹാർ സ്വദേശിയായ സാക്ഷി അഹുജ എന്ന യുവതിയാണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചരയോടെ ഡൽഹി റെയിൽവേ സ്റ്റേഷന്റെ എക്സിറ്റ് നമ്പർ വണ്ണിന് സമീപമാണ് ദാരുണ സംഭവമുണ്ടായത്.
സ്റ്റേഷന് പുറത്തെ വെള്ളക്കെട്ടിനരികിലൂടെ നടക്കവേ വെള്ളക്കെട്ടിൽനിന്ന് രക്ഷപ്പെടാൻ വൈദ്യുതി പോസ്റ്റിൽ പിടിച്ചപ്പോൾ ഷോക്കേറ്റ് വീഴുകയായിരുന്നു. യുവതിയെ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലൈനിൽ നിന്ന് ഇൻസുലേഷൻ തകരാർ കാരണം പോസ്റ്റിലേക്ക് വൈദ്യുതി പ്രവഹിച്ചതാണ് അപകടത്തിനിടയാക്കിയതെന്നാണ് പറയുന്നത്. ഭോപ്പാലിലേക്കുള്ള ട്രെയിൻ കയറാൻ വേണ്ടി സഹോദരിക്കും മൂന്ന് കുട്ടികൾക്കുമൊപ്പമാണ് യുവതി സ്റ്റേഷനിലെത്തിയത്.
അധികാരികളുടെ അനാസ്ഥ ആരോപിച്ച് യുവതിയുടെ സഹോദരി പരാതി നൽകി. സംഭവത്തിൽ പോലീസ് കേസെടുത്തു. സംഭവത്തെക്കുറിച്ച് റെയിൽവേയും പോലീസും അന്വേഷണം തുടങ്ങിയതായി അധികൃതർ പ്രതികരിച്ചു.






